അധിക സീറ്റിൽ ഉറച്ച് ലീഗ്; യുഡിഎഫിൽ തലവേദന, അനുനയിപ്പിക്കാൻ കോൺഗ്രസ്

കഴിഞ്ഞ തവണത്തേക്കാൾ ആറ് സീറ്റാണ് ലീഗ് അധികമായി ആവശ്യപ്പെടുന്നത്

കോഴിക്കോട്: യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച നീളുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സമവായത്തിലെത്താൻ മുന്നണിക്ക് സാധിച്ചിട്ടില്ല. ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടതാണ് യുഡിഎഫിൽ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണത്തെക്കാൾ ആറ് സീറ്റാണ് ലീഗ് അധികമായി ആവശ്യപ്പെടുന്നത്. 2016 ൽ 24 സീറ്റിൽ ലീഗ് മത്സരിച്ചിരുന്നു. ഇത്തവണ 30 സീറ്റ് വേണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെടുന്നത്. വിജയസാധ്യതയുള്ള സീറ്റുകളാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ലീഗും ന്യായീകരിക്കുന്നു. എന്നാൽ, ലീഗ് ആവശ്യപ്പെടുന്ന സീറ്റുകൾ നൽകുമ്പോൾ മുന്നണിക്കുള്ളിലെ മറ്റ് ഘടകകക്ഷികൾ ഇടഞ്ഞുനിൽക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഘടകകക്ഷികൾ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തിയാൽ തിരിച്ചടിയാകുമെന്നാണ് മുന്നണിക്കുള്ളിലെ വിലയിരുത്തൽ.

രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ നേരത്തെ നടന്ന ഉഭയകക്ഷി ചർച്ച അടക്കം പരാജയപ്പെട്ടിരുന്നു. അധിക സീറ്റ് ലഭിക്കണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. എൽജെഡി, കേരള കോൺഗ്രസ് (എം) എന്നിവർ മുന്നണി വിട്ടത് ചൂണ്ടിക്കാട്ടിയാണ് ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത്.

Read Also: ഉത്തരാഖണ്ഡ് ദുരന്തം: 170 പേർക്കായി തെരച്ചിൽ തുടരുന്നു, ആശയറ്റ് കുടുംബാംഗങ്ങൾ

അതേസമയം, ലീഗിന്റെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വന്നാൽ കോൺഗ്രസിനെതിരായി സിപിഎം രംഗത്തെത്തും. കോൺഗ്രസ് ലീഗിന് വഴങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നേരത്തെ രൂക്ഷമായി പരിഹസിച്ചിരുന്നു. ലീഗിന് പൂർണമായി വഴങ്ങുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വ്യത്യാസം വളരെ നേരിയതായിരുന്നു. 2016 ൽ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാൻ സാധിച്ചത് വെറും 22 സീറ്റിൽ. എന്നാൽ, 24 സീറ്റിൽ മത്സരിച്ച മുസ്‌ലിം ലീഗ് 18 സീറ്റിലും വിജയിച്ചു. 2011 ൽ 24 സീറ്റിൽ മത്സരിച്ച ലീഗ് 20 സീറ്റിൽ വിജയിച്ചിരുന്നു. യുഡിഎഫിൽ ലീഗിന് വ്യക്തമായ സ്ഥാനമുണ്ടെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala election 2021 udf seat dispute congress muslim league

Next Story
കെഎസ്ആർടിസി ശമ്പള വിതരണത്തിന് 70 കോടി രൂപ അനുവദിച്ച് സർക്കാർksrtc,crisis,കെഎസ്ആർടിസി,പ്രതിസന്ധി,ഐഇ മലയാളം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com