കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. പാർട്ടി വീണ്ടും ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടാണ് നേരത്തെ മത്സരിച്ചതെന്നും മുകേഷ് വ്യക്തമാക്കി. പാർട്ടി വീണ്ടും ആവശ്യപ്പെടുക എന്നു പറഞ്ഞാൽ താൻ നൽകിയ സേവനത്തിൽ പാർട്ടിക്ക് തൃപ്‌തിയുണ്ടെന്നാണ് അർത്ഥമെന്നും മുകേഷ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് മുകേഷിന്റെ പ്രതികരണം.
താൻ മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്‌തിട്ടില്ലെന്ന പ്രതിപക്ഷ വിമർശനങ്ങളെ മുകേഷ് തള്ളി. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്ന് പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കിഫ്ബിയുടെ സഹായത്തോടെ 1,330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. 45 കോടിരൂപ പെരുമണ്‍ പാലത്തിന് വേണ്ടി മാറ്റിവച്ചെന്നും മുകേഷ് പറഞ്ഞു.
Read Also: ആശങ്കയകലാതെ അഞ്ച് സംസ്ഥാനങ്ങൾ; വീണ്ടും ലോക്ക്ഡൗൺ സൂചന നൽകി മഹാരാഷ്ട്ര
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സൂരജ് രവി 45,492 വോട്ടുകൾ നേടിയപ്പോൾ മുകേഷ് 63,103 വോട്ടുകളുമായി 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
അതേസമയം, എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സെക്രട്ടറി എ.വിജയരാഘവൻ, മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ് (എം), എൽജെഡി എന്നീ കക്ഷികളുമായി സിപിഎം നേതൃത്വം ഇന്ന് ചർച്ച നടത്തുന്നുണ്ട്.