തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനു അനുകൂലമാണെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയെന്നും സിപിഎം സെക്രട്ടറിയേറ്റ്.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങണമെന്ന് സിപിഎമ്മും ഇടത് മുന്നണിയും. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ‘കേരള പര്യടനം’ നടത്തും. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഷെഡ്യൂളിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഡിസംബർ 22ന് കൊല്ലത്ത് തുടക്കമാകും. അന്നു വൈകുന്നേരം പത്തനംതിട്ടയിലും മുഖ്യമന്ത്രിയെത്തും. 23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമാകും പര്യടനം.

Read Also: കേരളത്തിന്റെ സംസ്‌കാരത്തിനു ചേരില്ല, ബിജെപിയുടെ വളര്‍ച്ച യുഡിഎഫ് ഗൗരവമായി കണ്ടില്ല: എ.വിജയരാഘവൻ

24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. 26ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുഖ്യമന്ത്രിയുടെ പര്യടനം. 27ന് കോഴിക്കോടും വയനാടും സന്ദർശിക്കും. 28ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 29ന് തൃശൂരിരും സന്ദർശിക്കും. 30ന് രാവിലെ എറണാകുളത്തെയും വൈകിട്ട് ആലപ്പുഴയിലെയും ചർച്ചകളോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവസാനിക്കും.

വിവിധ ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംസാരിക്കും. ഈ ചർച്ചകളിലെ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കും. നേരത്തെ, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും പിണറായി കേരളപര്യടനം നടത്തിയിരുന്നു.

മുഖ്യമന്ത്രി പര്യടനത്തിനു ഇറങ്ങുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഭരണത്തുടർച്ചയ്‌ക്ക് സാധ്യതയുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. മറ്റ് വിവാദങ്ങൾക്ക് പിന്നാലെ പോകാതെ ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുകയാണ് വേണ്ടത് ഇടത് മുന്നണിയും വിലയിരുത്തുന്നു.

ക്ഷേമ പെൻഷൻ വിതരണം, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ, വിദ്യാലയങ്ങളിലെ നവീകരിക്കൽ തുടങ്ങി ക്ഷേമ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ പോലെ തുടരാനാണ് തീരുമാനം. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും.

തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാൽ അടുത്ത നൂറ് ദിന കർമ പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിക്കും. പൂർണമായും ജനോപകാരപ്രദമായ പരിപാടികളായിരിക്കും ഇതിൽ ഉൾക്കൊള്ളിക്കുക.

മുന്നണിയെ കൂടുതൽ ദൃഢമാക്കാനും തീരുമാനം. സീറ്റ് വിഭജനങ്ങളും മറ്റ് ആഭ്യന്തര വിഷയങ്ങളും സംബന്ധിച്ച് മുന്നണിക്കുള്ളിൽ തർക്കങ്ങൾ ഉണ്ടാകരുത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്‌തിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. കോവിഡ് പ്രതിസന്ധി കഴിയുംവരെ ഇടവിട്ടുള്ള വാർത്താസമ്മേളനം മുഖ്യമന്ത്രി തുടരും.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കടന്നു കയറ്റത്തിൽ പരിശോധന നടത്താൻ സിപിഎം തീരുമാനം. നഗര മേഖലകളിൽ ബിജെപി കടന്നു കയറ്റം ഗൗരവതരമെന്ന് സിപിഎം കരുതുന്നു. ഇക്കാര്യത്തിൽ വിശദ പരിശോധന ഉണ്ടാകും. എന്തി വില കൊടുത്തും ബിജെപിയുടെ വളർച്ച പ്രതിരോധിക്കണമെന്നാണ് സിപിഎം സെക്രട്ടറിയേറ്റിൽ ഉയർന്നുവന്ന വികാരം.

21 മുതൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ സിപിഎം സംസ്ഥാന കമ്മിറ്റിയും ചേരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.