തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരംവീണ് യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് വനിത നേതാവുമായ കെ.ഗിരിജ കുമാരി മരിച്ചു. നെയ്യാറ്റിൻകരയിലാണ് ദാരുണസംഭവം.

കാരോട് പഞ്ചായത്തിലെ പുതിയ ഉച്ചക്കട വാർഡ് കോൺഗ്രസ് സ്ഥാനാർഥിയാണ് ഗിരിജ. വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് മരം ദേഹത്ത് വീണത്. മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന മരം സ്ഥാനാർഥിയുടെ ദേഹത്ത് വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചുമാറ്റുകയായിരുന്ന മരം ദിശതെറ്റി പതിക്കുകയായിരുന്നു. അപകടമുണ്ടാകുന്ന സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.

Read Also: കോവിഡ് പോസിറ്റീവ് ആണെങ്കിലും നേരിട്ടെത്തി വോട്ട് ചെയ്യാം; ഓർഡിനൻസ് ഇറക്കും

അപകടമുണ്ടായ ഉടനെ ഗിരിജ കുമാരിയെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരോട് പഞ്ചായത്തിലെ സിഡിഎസ് അംഗമായിരുന്നു ഗിരിജ.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ ആരംഭിക്കും. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണത്തിനുള്ള സമയം. നവംബർ 19നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.

മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും. പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20-ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. സ്ഥാനാർത്ഥികളുടെ ചിത്രം അന്ന് തെളിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.