തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് തപാൽ വോട്ട് സംവിധാനം ഒരുക്കാൻ സർക്കാർ. തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ഇതിനുള്ള ഓർഡിനൻസിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റം കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Read Also: സ്വർണക്കടത്തിൽ ഒരു മന്ത്രിക്ക് കൂടി പങ്ക്; ആളെ തനിക്ക് അറിയാമെന്ന് ചെന്നിത്തല

നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തും. കിടപ്പു രോഗികൾക്കും കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുൻസിപ്പൽ നിയമത്തിൽ ഭേദഗതി വരുത്താനാണ് മന്ത്രിസഭായോഗത്തിൽ ധാരണയായത്.

അതേസമയം, കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ മാർഗരേഖ പുറത്തിറക്കിയിരുന്നു.

ഈ മാർഗരേഖ അനുസരിച്ച് കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയന്ത്രണങ്ങളുണ്ട്. പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചുമാത്രം ആയിരിക്കും. പ്രചാരണത്തിനായി ഒരു വീട്ടിൽ അഞ്ച് പേർക്ക് മാത്രം പോകാം. സ്ഥാനാർഥി അടക്കം അഞ്ച് പേർക്കേ പ്രചാരണത്തിനു വീടുകളിൽ കയറാൻ സാധിക്കൂ. ഒരേസമയം അഞ്ച് വാഹനങ്ങൾ മാത്രമേ പ്രചാരണത്തിനു ഉപയോഗിക്കാൻ പാടൂള്ളൂ.

Read Also: Explained: ഉമർ ഖാലിദിന്റെ അറസ്റ്റ്; എന്താണ് തീവ്രവാദ വിരുദ്ധ നിയമം?

വോട്ടെടുപ്പിന് സാനിറ്റൈസറും കയ്യുറകളും അനുവദിക്കും. പ്രചാരണത്തിനു പോകുന്നവരും നിർബന്ധമായും കയ്യുറകളും മാസ്‌കും ധരിക്കണം. വോട്ട് ചെയ്യാൻ എത്തുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. സ്ഥാനാർഥികൾക്ക് ഓൺലെെൻ വഴി നാമനിർദേശ പത്രിക സമർപ്പിക്കാം. എല്ലാ ബൂത്തുകളിലും തെര്‍മൽ സ്‌കാനറും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം ആയിരമായി ചുരുക്കി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.