തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക തന്നെ മാനദണ്ഡമാകും. 2015 ലെ വോട്ടര്‍ പട്ടിക അനുസരിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന് ഈ ആവശ്യം തള്ളി. എല്‍ഡിഎഫും യുഡിഎഫും 2019 ലെ വോട്ടര്‍ പട്ടിക ആധാരമാക്കി വേണം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ എന്ന് ആവശ്യപ്പെട്ടിരുന്നു.
Read Also: വിടാതെ പിന്തുടർന്ന് ‘സെൽഫി’; ദേഷ്യപ്പെട്ട് സെയ്ഫ് അലി ഖാൻ
2015 ലെ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്. അതേസമയം, രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക മാറ്റുമെന്നും ജില്ലാ തലത്തിൽ പാർട്ടി നേതൃത്വങ്ങളുമായി സംസാരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കേണ്ട തിരഞ്ഞെടുപ്പിനായി 2015ലെ വോട്ടർപട്ടിക പുതുക്കി ഉപയോഗിക്കേണ്ടി വന്നാൽ 25 ലക്ഷത്തോളം വോട്ടർമാരെ എങ്കിലും പുതുതായി ചേർക്കേണ്ടി വരുമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. പരേതരും സ്ഥലത്തില്ലാത്തവരുമായ നാലോ അഞ്ചോ ലക്ഷം പേരെയെങ്കിലും പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടിയും വരുമെന്നായിരുന്നു വിലയിരുത്തൽ.