തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം 2020നെതിരേ വിമർശനവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ദേശീയ വിദ്യാഭ്യാസ നയം ഗൗരവമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം ഈ രംഗത്തെ ഫെഡറൽ സ്വഭാവത്തെ തകർത്ത് കേന്രീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പല സംസ്ഥാനങ്ങളും വിദ്യാഭ്യാസ രംഗത്ത് മുന്നേറിയത്. ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ സാധ്യത പ്രയോജനപ്പെടുത്താൻ സഹായകമായ നയങ്ങൾ നിലനിന്നതിനാലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞത്.

Read More: ‘സർക്കാരിന് വേണ്ടത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം’: സിലബസ് മാറ്റത്തിനെതിരെ പ്രതിപക്ഷം

എന്നാൽ പുതിയ നയം അധികാര കേന്ദ്രീകരണത്തിലേക്ക് നയിക്കാൻ ഇടയാക്കും. ഇങ്ങനെ അധികാരത്തിന്റെ കേന്ദ്രീകരണം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യും. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസത്തിന്റെ നിരാസമാണ്,” മന്ത്രി പറഞ്ഞു.

കോത്താരി കമ്മീഷൻ മുന്നോട്ടു വച്ചതും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്ത അക്കാദമിക ഘടനയായ പത്താം ക്ലാസുവരെയുള്ള പൊതുപഠനവും തുടർന്ന് പന്ത്രണ്ടാം ക്ലാസുവരെ വിവിധ ഗ്രൂപ്പുകളായുള്ള പഠനവും എന്നത് ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. കൂടാതെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങൾ പാടെ തമസ്കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നത്.

Read More:  മതേതരത്വത്തിന് പകരം അവർ ഹിറ്റ്ലറുടെ ആത്മകഥ പഠിപ്പിക്കും: കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കമൽഹാസൻ

നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന നിലപാടുകളിൽ മതനിരപേക്ഷത തുടങ്ങിയവ ഒഴിവാക്കിയത് വിദ്യാഭ്യാസത്തിന്റെ വർഗ്ഗീയ വല്ക്കരണത്തിനാണ് എന്ന് ന്യായമായും സംശയിക്കാം. ഇത് ബലപ്പെടുത്തുന്ന പല കാര്യങ്ങളും ഈ നയത്തിൽ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read More: പൗരത്വം, ദേശീയത, മതേതരത്വം: പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലിബസ്

സ്വകാര്യ പങ്കാളികൾക്ക് വിദ്യാഭ്യസരംഗം തുറന്ന് കൊടുക്കാൻ സഹായകമായ ഘടകങ്ങൾ ഈ നയത്തിൽ ഉടനീളമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവത്കരണം വഴി പൊതുസ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറ്റം ചെയ്യാൻ ഈ നയം ഇടയാക്കിയേക്കാം. ഇതേവരെ രാജ്യം കൈക്കൊണ്ട വികേന്ദ്രീകൃതമായ നടത്തിപ്പിനെ തകർക്കും. കാര്യങ്ങൾ ഫലത്തിൽ അമിത കേന്ദ്രീകരണത്തിന് ഇടയാക്കുന്ന പുതിയ നയം വിദ്യാഭ്യാസരംഗത്തെ കുതിപ്പിലേക്കല്ല, കിതപ്പിലേക്കാണ് നയിക്കുകയെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.