കോഴിക്കോട്: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് എംഎൽഎമാരായ എം സ്വരാജും എഎൻ ഷംസീറും വിടവാങ്ങി. എറണാകുളത്ത് നിന്നുളള എസ്. സതീഷാണ് പുതിയ പ്രസിഡന്റ്. എഎ റഹീം ആണ് സെക്രട്ടറി.
സംസ്ഥാന ട്രഷററായി എസ്കെ സജീഷിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ആകെ 90 അംഗങ്ങളെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. ഭാരവാഹികളുടെ പ്രായപരിധി 37 ആക്കണമെന്ന നിർദ്ദേശം സിപിഎമ്മിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് പിൻവലിച്ചത്.
വിടവാങ്ങിയവർ അടക്കം 52 പേരെയാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. കോഴിക്കോട് നവംബർ 11 ന് തുടങ്ങിയ സമ്മേളനം ഇന്ന് യുവജന റാലിയോടെയാണ് അവസാനിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എസ് സതീഷ് എറണാകുളം ജില്ലയിലെ കോതമംഗലം കുത്തുകുഴി സ്വദേശിയാണ്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം ഡിവൈഎഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമാണ്.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എഎ റഹീം തിരുവനന്തപുരം സ്വദേശിയാണ്. 2011 ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ വർക്കലയിൽ നിന്നും മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. എസ്എഫ്ഐ യിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന ഇദ്ദേഹം മുൻപ് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ്, കേരള സർവ്വകലാശാല ചെയർമാൻ, കേരള സർവ്വകലാശാലയുടെ സിന്റിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സിപിഎമ്മിന്റെ കോഴിക്കോട് പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ് ഇപ്പോൾ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട എസ് കെ സജീഷ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.