തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ക്രിമിനൽ നടപടി ചട്ടം വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ച് അതത് ജില്ലാ കലക്ടർമാർ ഉത്തരവിട്ടു.  നിലവിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കോട്ടയം,  പാലക്കാട് ജില്ലകളിൽ നിരോധന നടപടികൾ സ്വീകരിച്ച് അതത് കലക്ടർമാർ ഉത്തരവിട്ടിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ഒന്‍പതു മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ തുടരും.

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹം, സംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങൾക്കും സംസ്കാര ചടങ്ങുകൾക്കും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം.

അവശ്യ പലചരക്കുകൾ, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണം, റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസര്‍വീസുകള്‍ മാത്രമാണ് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ അനുവദിക്കുക.

Read More: പതിനായിരത്തിനരികെ കേരളം; നാലു ജില്ലകളിൽ ആയിരത്തിലേറെ രോഗികൾ

അടിയന്തരമായ മെഡിക്കല്‍ സേവനങ്ങള്‍ക്കോ അവശ്യവസ്തുക്കൾ ലഭ്യമാക്കാനോ മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോവാൻ സാധിക്കുക എന്നും തിരുവനന്തപുരം കലക്ടറുടെ ഉത്തരവിൽ പറയുന്നു. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

  • കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തും പുറത്തുള്ള ഇടങ്ങളിൽ അഞ്ചു പേരില്‍ കൂടുതലുള്ള കൂട്ടം ചേരലുകൾ അനുവദിക്കില്ല. ഹാളുകളിലോ മറ്റ് ഇൻഡോർ ഇടങ്ങളിലോ നടത്തുന്ന പൊതു പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരെ പങ്കെടുപ്പിക്കാം.
  • ഇവയിൽ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളിലെ ഇളവുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമാണ് അനുവദിക്കുക.
  • പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പ്രവർത്തനം സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ എന്നിവ പാലിച്ചാണെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
  • ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് നടത്താം. പരീക്ഷാ നടത്തിപ്പിൽ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമാണ് ഇനി പ്രഖ്യാപിക്കുന്ന പരീക്ഷകൾ ക്രമീകരിക്കാനാവൂ.

Read More: രോഗികളുടെ എണ്ണവും ആശങ്കയും പുതിയ ഉയരത്തിൽ; സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്

  • ബാങ്കുകൾ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ബാങ്കുകള്‍ക്കും ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല.

എറണാകുളം ജില്ല

എറണാകുളത്ത് 144 പ്രകാരമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് ജില്ലയിൽ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു.

  • ജില്ലയിൽ വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു എന്ന് എറണാകുളം കലക്ടർ വ്യക്തമാക്കി.
  • സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമാണ് പങ്കെടുപ്പിക്കാനാവുക.
  • മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പാക്കണം.
  • സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെയും മാത്രമാണ് ഇവിടങ്ങളിൽ പ്രവർത്തനം അനുവദിക്കുകയുള്ളു.
  • പൊതു ഗതാഗതത്തിന് നിരോധനമുണ്ടാവില്ല.

കോഴിക്കോട് ജില്ല

ജില്ലയിൽ പൊതുവിടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് തടയും. ഇതിന് കോഴിക്കോട് സിറ്റി, റൂറൽ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജോലി സ്ഥലങ്ങൾ, ഓഫീസുകൾ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചിരിക്കണമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.

  • സർക്കാർ പരിപാടികൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇത്തരം പരിപാടികളിൽ ആറ് അടി അകലം പാലിക്കുകയും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കുകയും വേണം.
  • കടകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം ഒരു സമയം 100 ചതുരശ്ര മീറ്ററിന് 15 വ്യക്തികളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ട് ആളുകൾ തമ്മിലുള്ള ദൂരം ആറ് അടി ആയി നിശ്ചയിച്ചിട്ടുണ്ട്.
  • അവശ്യ സേവനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും ഒഴികെ കണ്ടയിൻമെന്റ് സോണുകളിൽ നിന്നുള്ള ആളുകൾ പുറത്ത് പോകാൻ പാടില്ല. നിയന്ത്രണം ലംഘിച്ച് പ്രവർത്തിക്കുന്ന ഷോപ്പിന്റെയും സ്ഥാപനത്തിന്റെയും പ്രവർത്തന അനുമതി റദ്ദാക്കും.
  • കളിസ്ഥലങ്ങൾ, ടർഫ്, ജിംനേഷ്യം, യോഗ /ഫിറ്റ്നസ് സെൻറർ, സ്വിമ്മിങ് പൂൾ, സിനിമ തിയേറ്റർ, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരും. ബീച്ചുകളിൽ രാവിലെയും വൈകിട്ടുമുള്ള നടത്തത്തിന് നിയന്ത്രണം ബാധകമാണ്. വിനോദസഞ്ചാരസ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർശന നിരോധനം ഏർപ്പെടുത്തി.
  • ശവസംസ്കാര ചടങ്ങുകളിൽ 20 ആളുകളും വിവാഹച്ചടങ്ങുകളിൽ 50 ആളുകളും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
  • കടകളും സ്ഥാപനങ്ങളും ഹാൻഡ് സാനിറ്റൈസർ, തെർമൽ ഗൺ തുടങ്ങിയവ പ്രവേശന കവാടത്തിൽ തന്നെ സജ്ജീകരിച്ചിരിക്കണം. സന്ദർശകർ നിർബന്ധമായും സ്ക്രീനിങ്ങിന് വിധേയരാകണം.
  • രോഗലക്ഷണം ഉള്ള ആളുകൾ, ജോലിക്കാർ, സന്ദർശകർ എന്നിവരെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് അയക്കാൻ പാടില്ല. ഇങ്ങനെയുള്ളവർ ഫോൺ മുഖേന മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം. ഇവർ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും വേണം.
  • കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് ജാഗ്രത പോർട്ടൽ നിർബന്ധമായും പിന്തുടരണം. ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തുന്ന യോഗങ്ങളിൽ 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. 20 ൽ കൂടുതൽ പേരുണ്ടെങ്കിൽ ഓൺലൈൻ മീറ്റിങ്ങുകൾ നടത്താവുന്നതാണ്.
  • സ്ഥാപനങ്ങൾ രണ്ട് ലെയറുകൾ ഉള്ള തുണി മാസ്ക്കുകൾ, സാനിറ്റൈസറുകൾ എന്നിവ തൊഴിലാളികൾക്ക് നൽകിയിരിക്കണം. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങളിൽ എ. സി പ്രവർത്തിപ്പിക്കാൻ പാടില്ല. അല്ലാത്ത ഇടങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കണം.
  • മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
  • മാർക്കറ്റുകളിൽ കയറ്റിറക്ക് ജോലികൾ നിശ്ചിത സ്ഥലത്തായി പരിമിതപ്പെടുത്തും. കടകളുടെ നമ്പർ അടിസ്ഥാനത്തിൽ ഒറ്റ ഇരട്ട നമ്പർ ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കയറ്റിറക്ക് ജോലികൾ നടക്കുക.
  • ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും പോലീസും ഇക്കാര്യം നടപ്പിൽ വരുത്തും.
  • എല്ലാ മാർക്കറ്റുകളും ബസ് സ്റ്റാൻഡുകളും മറ്റ് പൊതു സ്ഥലങ്ങളും ദിവസത്തിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുന്നുണ്ടെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഉറപ്പാക്കണം.

കോട്ടയം ജില്ല

കോട്ടയത്ത് വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേർക്കും സംസ്കാര ചടങ്ങിൽ പരമാവധി 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. സർക്കാർ ചടങ്ങുകൾ, സാംസ്കാരിക, മത, രാഷ്ട്രീയ, പ്രാർത്ഥനാ ചടങ്ങുകൾ സാമൂഹിക പരിപാടികൾ എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പാക്കണം. സാമൂഹിക അകല ചട്ടവും നിയന്ത്രണങ്ങളും പാലിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.