തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും വിധം കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിഷ്കരിച്ചു. ഒരു യൂസർനെയിമും പാസ് വേർഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങൾ www.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്ന സേവനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്
ഉടൻ തന്നെ സർക്കാർ വെബ്സൈറ്റ് എല്ലാ സൗകര്യവുമായി ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാകും. വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങൾ ഇതുവഴി ലഭിക്കും. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടർ അതോറിറ്റി, വിഎച്ച്എസ്ഇ, ഇലക്ട്രിസിറ്റി ബോർഡ്, റവന്യൂ, മോട്ടോർ വാഹനം, റജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെയും സർവ്വകലാശാലകളുടെയും സർട്ടിഫിക്കറ്റുകളും ബില്ലുകളും അടയ്ക്കാനുമുള്ള സൗകര്യമാണ് ഇങ്ങനെ ലഭിക്കുക.
വെള്ളക്കരം, വൈദ്യുതി ബിൽ, സർവ്വകലാശാലയിൽ അടക്കേണ്ട ഫീസ് തുടങ്ങിയ അനേകം സേവനങ്ങൾ ഇതോടെ ഒരു ക്ലിക് അകലത്തിലാവും. എസ്ബിഐയുമായി സഹകരിച്ചാണ് സർക്കാർ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങൾ സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനാവും. സർക്കാരിലേക്ക് പണമടയ്ക്കാൻ ഇ-ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.
ഒരു യൂസർ നെയിമും പാസ്വേർഡും ഉണ്ടാക്കിയാൽ സർക്കാരിലേക്കുള്ള എതു അപേക്ഷ സമർപ്പിക്കലും ഫീസടയ്ക്കലും, ബാങ്കിങ്ങും സൗകര്യപൂർവം നടത്താം. ഇന്റർനെറ്റ് ബാങ്കിങ് വഴി പണമടയ്ക്കുന്നതിന് സർവീസ് ചാർജ് ഈടാക്കില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.