തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു പുതിയ നേട്ടം. മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക്‌ ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടമാണ് കേരളം സ്വന്തമാക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്‌മാർട്ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4,752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി.

Read Also: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നു തുറക്കും

പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. ആദ്യഘട്ടത്തിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിന്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി.

പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയായതോടെ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൊതുവിദ്യാലയങ്ങളുടെ പഠന സൗകര്യങ്ങളിലുണ്ടായ ഈ കുതിച്ചു ചാട്ടത്തോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അവസാനിച്ചെന്നും അഞ്ച് ലക്ഷത്തിലധികം കുട്ടികൾ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തിയെന്നും സർക്കാർ അവകാശപ്പെടുന്നു.

Read Also: ഐപിഎൽ വാതുവയ്‌പ്: 20 പേർ അറസ്റ്റിൽ, 18 മൊബൈലുകള്‍ പിടിച്ചെടുത്തു

4,752 സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലെ 45,000 ക്ലാസ്മുറികളാണ്  ഹൈടെക്കാക്കി മാറ്റിയത്.  കൂടാതെ  2019ൽ തുടങ്ങിയ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലേക്കുള്ള ഹൈടെക് സ്കുളിൽ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി.

സർക്കാർ-എയ്‌ഡഡ് സ്‌കൂളുകളിൽ 41.01 ലക്ഷം കുട്ടികൾക്കായി 3,74,274 ഉപകരണങ്ങൾ വിന്യസിച്ചു.  12,678 സ്‌കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ഉപകരണങ്ങൾക്ക് അഞ്ച് വർഷ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്പോർട്ടലും കോൾസെന്ററും ഏർപ്പെടുത്തി.

1,19,055 ലാപ്‍ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്‌ടറുകൾ, 1,00,473 യുഎസ്ബി സ്പീക്കറുകള്‍, 43,250 മൗണ്ടിങ് കിറ്റുകള്‍, 23,098 സ്ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്‍ഷന്‍ പ്രിന്റർ, 4,720 എച്ച്‌ഡി വെബ്ക്യാം, 4,578 ഡിഎസ്എല്‍ആര്‍ ക്യാമറ എന്നിവയാണ് സ്കൂളുകളിൽ വിന്യസിച്ച ഉപകരണങ്ങൾ.

പദ്ധതി പൂർത്തീകരണത്തിനായി കിഫ്ബിയിൽ നിന്നും 595 കോടി രൂപയുടേയും ക്ലാസ് മുറികൾക്കായി പ്രാദേശിക തലത്തിൽ 135.5 കോടി രൂപയുടേയും പങ്കാളിത്തമാണുണ്ടാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യമൊരുക്കാൻ മാത്രം 730 കോടി രൂപ വകയിരുത്തി. രണ്ട് ലക്ഷം കംപ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ വിന്യസിച്ചു. മുഴുവൻ അധ്യാപകർക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്‌ഠിത ഡിജിറ്റൽ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോർട്ടൽ. 1,83,440 അധ്യാപകർക്കാണ് വിദഗ്‌ധ ഐസിടി പരിശീലനം നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.