/indian-express-malayalam/media/media_files/uploads/2023/01/kerala-police.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സേവനം എത്രയുംവേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പാക്കണം എസ് എച്ച് ഒയുടെ അഭാവത്തില്‍ പരാതിക്കാരെ നേരില്‍ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡി ജി പിയായി ചുമതലയേറ്റ ശേഷം പൊതുജനങ്ങള്‍ക്ക് സേവനം കൃത്യമായി നല്‍കുന്നതിന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ കൈപ്പറ്റ് രസീത് നല്‍കണം. പരാതി കൊഗ്‌നൈസബിള്‍ അല്ലെങ്കില്‍ പ്രാഥമിക അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തേണ്ടതും അദ്ദേഹത്തിന്റെ പേരുവിവരം പരാതിക്കാരനെ അറിയിക്കേണ്ടതുമാണ്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പരാതിക്കാരന് കൃത്യമായ മറുപടിയും നല്‍കണം.
പരാതി കൊഗ്‌നൈസബിള്‍ ആണെങ്കില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആറിന്റെ പകര്‍പ്പ്, പരാതിക്കാരന് സൗജന്യമായി നല്‍കുകയും വേണം.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരാതിക്കാരനെ അറിയിക്കണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയാല്‍ അക്കാര്യവും അറിയിക്കണം. പൊലീസ് സ്റ്റേഷനില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, അവശത നേരിടുന്ന മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവരുടെ ആവശ്യങ്ങളില്‍ കാലതാമസം കൂടാതെ നടപടി ഉണ്ടാകണം.
പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ ആവശ്യം മനസ്സിലാക്കി അവരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിച്ച് നടപടികള്‍ വേഗത്തിലാക്കേണ്ട ചുമതല സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്കാണ്. പി ആര്‍ ഒമാര്‍ ഒരു കാരണവശാലും പരാതി നേരിട്ട് അന്വേഷിക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ചെയ്യാന്‍ പാടില്ല. പി ആര്‍ ഒമാര്‍ ചുമതല കൃത്യമായി നിര്‍വഹിക്കുന്നുവെന്ന് എസ് എച്ച് ഒമാര്‍ ഉറപ്പു വരുത്തണം.
പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് എസ് എച്ച് ഒമാര്‍ ദിവസേന ഉറപ്പുവരുത്തണം. പ്രവര്‍ത്തിക്കാത്ത ക്യാമറകളുടെ വിവരം ജില്ലാ പൊലീസ് മേധാവിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണം.
പൊതുജനങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അവരോട് മാന്യമായി ഇടപെടുകയും ആവശ്യങ്ങള്‍ മനസ്സിലാക്കി യുക്തമായ നടപടി സ്വീകരിക്കുകയും വേണം. ഒഴിച്ചുകൂടാനാവാ ത്ത സന്ദര്‍ഭങ്ങളിലൊഴികെ ഏതുസമയത്തും ഔദ്യോഗിക ഫോണില്‍വരുന്ന കോളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എടുക്കേണ്ടതാണ്.
ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ വരുന്നവരോടും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഇടപെടേണ്ടി വരുന്നവരോടും മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന് നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കുന്ന കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡി ജി പി വ്യക്തമാക്കി. ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും സ്വയം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും സേനാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി ജി പി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഓര്‍മിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us