Latest News

ഭക്തിയും വിഭക്തിയും ഏറ്റുമുട്ടി, കിടക്കപ്പൊറുതിയില്ലാതെ പേജ് പൂട്ടി വിക്കിപീഡിയ

മുൻ മന്ത്രി കെ. കെ ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജ് തൽക്കാലത്തേക്ക് എഡിറ്റ് തടഞ്ഞു കൊണ്ട് പേജിന് പൂട്ടിട്ടു. അടുത്ത മാസം (ജൂൺ) രണ്ട് വരെ അല്ലെങ്കിൽ എഡിറ്റിങ് സംബന്ധിച്ച തർക്കം പരിഹരിക്കുന്നത് വരെയോ ഈ പേജ് എഡിറ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുന്നത്

Kerala Devaswom Minister, Dalit Devaswom Minister, First Dalit Devaswom Minister, First Dalit Devaswom Minister kerala, Dalit Devaswom Minister

ദേവസ്വം സംബന്ധിച്ച് രണ്ട് മുന്നണികളുടെയും സൈബർ പോരാളികളുടെയും അണികളുടെയും ഭക്തിയും വിഭക്തിയും ഏറ്റുമുട്ടിയപ്പോൾ കിടക്കപ്പൊറുതിയില്ലാതായത് സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയക്ക്. കേരളത്തിൽ അധികാരമേറ്റ പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിലെ ദേവസ്വം മന്ത്രിസ്ഥാനമാണ് വിവാദവിഷയമായത്.

കേരളത്തിലെ ആദ്യ ദളിത് ദേവസ്വം മന്ത്രി ആരാണ് എന്നതിനെ കുറിച്ചുള്ള മൂപ്പിളമതർക്കമാണ് വിക്കിപീഡിയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയത്. ആരാദ്യം എന്ന എന്ന തർക്കം വിക്കിപീഡിയയുടെ മേൽ നിരന്തര എഡിറ്റിങ്ങിനാണ് വഴിയൊരുക്കിയത്. മന്ത്രിസ്ഥാനവും വകുപ്പ് വിഭജനവും സംബന്ധിച്ച വാർത്ത വന്ന ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പാതിരാത്രിക്കുള്ളിലെ ഏതാനും മണിക്കൂറിനുള്ളിൽ 250 ലേറെ തവണ എഡിറ്റിങ് നടന്നുവെന്നാണ് കണക്ക്. ഒരുപക്ഷേ വിക്കിപീഡിയയുടെ എഡിറ്റിങ്ങിലെ ചരിത്രം കൂടെയാകാം ഇത്. അവസാനം മുൻ മന്ത്രി കെ. കെ ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജ് തൽക്കാലത്തേക്ക് എഡിറ്റ് തടഞ്ഞു കൊണ്ട് പേജിന് പൂട്ടിട്ടു. അടുത്ത മാസം (ജൂൺ) രണ്ട് വരെ അല്ലെങ്കിൽ എഡിറ്റിങ് സംബന്ധിച്ച തർക്കം പരിഹരിക്കുന്നത് വരെയോ ഈ പേജ് എഡിറ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുന്നത്. അത് വ്യക്തമാക്കി പേജിന് മുകളിൽ അറിയിപ്പും നൽകി.

സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ രാധാകൃഷ്ണനെ ദേവസ്വം വകുപ്പും പട്ടികജാതി/വർഗ ക്ഷേമവകുപ്പും പാർലമെന്ററികാര്യ വകുപ്പുമാണ് ഇത്തവണത്തെ മന്ത്രിസഭയിൽ നൽകിയത്. അതിൽ ദേവസ്വം വകുപ്പ് നൽകിയത് സംബന്ധിച്ച അവകാശവാദമാണ് ഇപ്പോൾ പോർവിളിയായും വിക്കിപീഡിയയിലെ വെട്ടിത്തിരുത്തലായും മാറിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി ആരാണ് എന്നതാണ് വിവിധ രാഷ്ട്രീയ പാർട്ടിക്കാർ തമ്മിലുള്ള തർക്കം.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ ദേവസ്വംമന്ത്രിയായ ആദ്യത്തെ ദലിതൻ ആരാണെന്നതിനെ സംബന്ധിച്ച തർക്കമാണ് നിലവിൽ സൈബർ ലോകത്തെയും സാധാരണലോകത്തെയും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ലോക്ഡൗൺകാലത്ത് പുറത്തിറങ്ങാൻ പറ്റാത്ത ജനത്തിനിടയിൽ ചൂട് പിടിച്ച ചർച്ചയായി ദേവസ്വത്തെ മാറ്റാൻ സാധിച്ചു.

വിക്കിപീഡിയയാണ് ഏക ചരിത്രയാഥാർത്ഥ്യമെന്നും മറ്റെല്ലാം വെറും മായയാണെന്നുമുള്ള വിശ്വാസമാണ് ഈ അണികളെ നയിക്കുന്നതെന്ന് ഈ എഡിറ്റിങ് പോര് കണ്ടാൽ ആർക്കും തോന്നിപ്പോകും. ചരിത്രം തിരുത്താൻ വിക്കിപീഡിയാ തിരുത്തിയാൽ മതി എന്ന നിലയിലാണ് എല്ലാ മുഖ്യധാര പാർട്ടികളുടെയും സൈബർ പോരാളികൾ. ഇത് ആദ്യമായല്ല വിക്കിപീഡിയ തിരുത്തുന്ന സംഭവം ഉണ്ടാകുന്നത്. എന്നാൽ ചെറിയ സമയത്തിനുള്ളിൽ ഇത്രയധികം എഡിറ്റിങ്ങ് നടക്കുന്നത് ഇതാദ്യമാണ്.

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് സാങ്കേതികവുമായ വാദങ്ങളിൽ ഇരുകക്ഷികളുടെ ഭാഗത്തും ഭാഗിക ശരിയുണ്ടെന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ, ഭാഗിക ശരികകളല്ല ചരിത്രം എന്നത് പോലും മനസിലാക്കാൻ ഇരുകൂട്ടർക്കും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്ക് ഇഷ്ടം എന്ന ഗുരുവായൂർ ഐതീഹ്യം പോലെയാണ് അണികളുടെ കാര്യം. ചരിത്ര യാഥാർത്ഥ്യങ്ങളേക്കാൾ തങ്ങൾക്ക് താൽപ്പര്യം പാർട്ടിയാണ് മുഖ്യം എന്നതാണ് എല്ലാവരെയും എഡിറ്റിങ് എന്ന തന്ത്രത്തിലേക്ക് നയിക്കുന്നത്.

വിക്കിപീഡിയയിൽ പേജില്ലാത്തതിനാൽ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ ദേവസ്വം വകുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ആദ്യ ദളിത് മന്ത്രി എഡിറ്റിങ്ങിൽ കൊല്ലാക്കൊലയിൽ നിന്നും രക്ഷപ്പെട്ടു. 1970-77 കാലത്ത് അച്യതു മേനോൻ മന്ത്രിസഭയിൽ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചത് അന്നത്തെ തൃതത്താല എം എൽ എ ആയിരുന്ന വെള്ള ഈച്ചരൻ ആയിരിന്നു. കോൺഗ്രസ് നേതാവായ അദ്ദേഹത്തിന് അന്നത്തെ സാമൂഹിക വികസനം, ഹരിജനക്ഷേമം ( ഇന്നത്തെ പട്ടികജാതി/വർഗ ക്ഷേമം എന്നതിന് പഴയ പേര്) എന്നീ വകുപ്പുകളാണ് നൽകിയത്. അതിനൊപ്പം ദേവസ്വം വകുപ്പ് ചുമതലയും അദ്ദേഹത്തിനായിരുന്നു.

1977ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിപ്പോൾ കോൺഗ്രസ് നേതാവും ദളിത് സമുദായംഗവുമായ കെ കെ ബാലകൃഷ്ണന് ഹരിജനക്ഷേമ വകുപ്പ് ലഭിച്ചു. അതിനൊപ്പം ദേവസ്വം വകുപ്പും അദ്ദേഹത്തിന് നൽകി. രാജൻ കേസിൽ കരുണാകരൻ രാജി വച്ച് എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ അതേ സ്ഥാനത്ത് കെ കെ ബാലകൃഷ്ണൻ തുടർന്നു. കോൺഗ്രസിലെ പടലപ്പിണക്കത്തെ തുടർന്ന് എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജി വച്ചതിന് ശേഷം 1978 ഒക്ടോബറിൽ സിപിഐയിലെ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായപ്പോൾ കോൺഗ്രസ് എം എൽ എയും ദളിത് സമുദായംഗവുമായ ദാമോദരൻ കാളശേരിക്കായി ഈ വകുപ്പ്. പക്ഷേ അപ്പോൾ ഹരിജനക്ഷേമം എന്നതിൽ നിന്നും വകുപ്പിന്റെ പേര് ഹരിജനോദ്ദാരണം എന്നാക്കി മാറ്റി.

എന്നാൽ, അക്കാലത്തെല്ലാം ദേവസ്വം പ്രധാനവകുപ്പായിരുന്നില്ലെന്നും ഒരു ഉപവകുപ്പായി മാത്രം കണ്ടിരുന്നതാണെന്നാണ് വാദം. അതിന് ഒരു ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് 2006 വരെ വനം പരിസ്ഥിതി വകുപ്പുകൾ ഒന്നിച്ചായിരുന്നു അതിൽ നിന്നും പരിസ്ഥിതിയെ മാറ്റി പ്രത്യേക വകുപ്പാക്കി അതുപോലെ വനത്തിനൊപ്പമുള്ള ഉപവകുപ്പാണ് സൂ ( മൃഗശാല) ഇത്തവണ സി പി ഐ വനം വകുപ്പ് എൻ സി പിക്ക് വേണ്ടി വിട്ട് നൽകി പക്ഷേ, സൂ അവരുടെ കൈവശം തന്നെ വച്ചു. അതുപോലെയായിരന്നു മുൻകാലങ്ങളിൽ ദേവസ്വവും എന്നാണ് വാദം.
അങ്ങനെയുള്ള ദേവസ്വം പ്രധാന വകുപ്പായി മാറുന്നത് 1996-2001 കാലത്തെ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ്. ജനതാദളിലെ പി ആർ കുറുപ്പായിരുന്നു ദേവസ്വം സ്വതന്ത്രവകുപ്പ് ആക്കിയ ശേഷമുള്ള ആദ്യ മന്ത്രി. ദേവസ്വം സ്വതന്ത്ര വകുപ്പായി മാറ്റിയ ശേഷം ആദ്യത്തെ ദളിത് മന്ത്രി കെ രാധാകൃഷ്ണൻ. എന്നാണ് ഇടതുപക്ഷ വാദം. അതായത്, സാങ്കേതികമായി രണ്ട് കൂട്ടരുടെയും വാദത്തിൽ അവർക്ക് വാദിക്കാനും ജയിക്കാനും ഉള്ള വിഭവം ഇതിലുണ്ട്. എന്നാൽ, അറിയാനും അറിയിക്കാനും വേണ്ടി സംവാദങ്ങൾ നടത്തിയ നാട്ടിൽ വിക്കിപീഡിയ എഡിറ്റിങ് എന്നതിനെ ഗറില്ലാ യുദ്ധവും അഹിംസാ മാർഗവുമായി സ്വീകരിച്ചിരിക്കുകയാണ് പുതിയ കാലത്തെ അണികൾ.

വിക്കിപീഡിയയിലെ ചരിത്രം തിരുത്തിയെഴുതുന്ന നീക്കം ഇതാദ്യമായല്ല. 2015ലാണ് നെഹ്‌റുവിനെ കുറിച്ച് തെറ്റായതും വസ്തുതാവിരുദ്ധവും ആയ പരാമർശങ്ങൾ എഴുതി ചേർത്ത് വ്യാപകമായി എഡിറ്റിങ് നടത്തിയത്. സർക്കാർ സംവിധാനങ്ങൾ ഇതിനായി ദുരുപയോഗം ചെയ്തുവെന്ന് ആരോപണവും ഉയർന്നിരുന്നു. വിമർശനം ശക്തമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് അന്നത്തെ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭയെ അറിയിച്ചിരുന്നു.

ചരിത്രം, സിനിമ തുടങ്ങി വിവിധ മേഖലകളിൽ ഹിന്ദുത്വരാഷ്ട്രീയ താൽപ്പര്യത്തിന് അനുസൃതമായി സർക്കാർ സംവിധാനം ഉപയോഗിച്ച് ചരിത്രത്തിൽ തിരുത്തലുകൾ വരുത്താൻ നടത്തുന്ന ശ്രമം വിവാദമായിരുന്നു. ആ ആരോപണങ്ങൾ ശക്തമായിരിക്കുന്നതിനിടയിലാണ് നെഹ്‌റുവിനെ കുറിച്ചുള്ള തിരുത്തലുകൾ സംബന്ധിച്ച വിവാദം ശക്തിപ്പെട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala devaswom minister wikipedia edits

Next Story
ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല, ഈ ദിനം മറക്കില്ലെന്ന് കെ.കെ.ശൈലജlini, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com