തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ ഉന്നതതല യോഗത്തില്‍ നിർദേശം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയാണ് ഉന്നതതല യോഗം വിളിച്ചത്. ഈ യോഗത്തിലാണ് പിഴത്തുക കുറയ്ക്കാനുള്ള തീരുമാനമായത്. തുക എത്രയായി കുറയ്ക്കുമെന്നതില്‍ തീരുമാനമായിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ പിഴ കുറയ്ക്കാനാണ് നിർദേശം. മറ്റ് നിയമലംഘനങ്ങളില്‍ എന്ത് ചെയ്യാനാകുമെന്ന് നിയമവകുപ്പ് വീണ്ടും പരിശോധിക്കും. പിഴത്തുക എത്ര കുറയ്ക്കാം എന്നതില്‍ ഗതാഗത സെക്രട്ടറിയോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോട്ടോര്‍ വാഹന ഭേദഗതിയില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കാനും തീരുമാനമായി.
Read Also: പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; മോട്ടോർ വാഹന നിയമഭേദഗതിയിൽ അയഞ്ഞ് കേന്ദ്രം
ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. പിഴത്തുക നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ല.
ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പിഴ തുക കുറയ്ക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര ഗതാഗത വകുപ്പ് എത്തിയത്. പിഴത്തുക എത്രയെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.