കൊച്ചി: ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരായ കേരള സൈബര്‍ വാരിയേഴ്സ്. ഹിന്ദുമഹാ സഭയുടെ സൈറ്റിന്റെ ഹോം പേജില്‍ സൈബര്‍ വാരിയേഴ്സിന്റെ ലോഗോയും ‘ഹിന്ദു മഹാസഭ മൂര്‍ദാബാദ്’ എന്ന മുദ്രാവാക്യവുമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ ചിത്രവും കാണാം.
ഗാന്ധിജിയുടെ കോലത്തിന് നേര്‍ക്ക് പൂജ വെടിവയ്ക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്നലെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സൈറ്റ് ഹാക്ക് ചെയ്തത്. ഗാന്ധിയുടെ കോലത്തെ വെടിവച്ച ശേഷം ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയുടെ ചിത്രത്തില്‍ പൂജ മാല ചാര്‍ത്തുകയും ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ ഗാന്ധിയുടെ ചരമദിനമായിരുന്നു.
പൂജയേയും ഹിന്ദു മഹാസഭ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യണമെന്നും രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്ത സൈറ്റിന്റെ ഹോം പേജിലെ കുറിപ്പില്‍ പറയുന്നുണ്ട്. ഞങ്ങള്‍ പൊറുക്കില്ല, ഞങ്ങള്‍ മറക്കില്ല, ഞങ്ങളെ പ്രതീക്ഷിക്കുക എന്ന് ഇന്ത്യന്‍ പതാകയുടെ നിറത്തിലും എഴുതിയിട്ടുണ്ട്.
ഇതിന് മുമ്പും ഹിന്ദു മഹാസഭയുടെ സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു അത്. ഹാക്ക് ചെയ്ത ശേഷം സൈറ്റില്‍ കേരള നാടന്‍ ബീഫ് കറിയുണ്ടാക്കുന്ന വിധവും പ്രദര്‍ശിപ്പിച്ചിരുന്നു. കേരളത്തിലെ ഭക്ഷണ രീതിയെ കുറിച്ചുള്ള സ്വാമി ചക്രപാണിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു അത്.