scorecardresearch
Latest News

‘പഞ്ചാബ് മോഡല്‍’ പ്രസംഗത്തിൽ ബാലകൃഷ്ണ പിള്ളയുടെ വഴിയേ ‘കുന്തം, കൊടച്ചക്ര’ത്തിൽ സജി ചെറിയാൻ

1985ൽ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരള കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിലാണ് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള വിവാദ ‘പഞ്ചാബ് മോഡൽ’ പ്രസംഗം നടത്തിയത്

Saji Cherian FI

കൊച്ചി: കടുത്ത പ്രതിഷേധങ്ങൾക്കും നിയമപ്രശ്നങ്ങളിലേക്കും വഴിവച്ച ഭരണഘടനാ വിമർശത്തിനൊടുവിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചതോടെ വീണ്ടും ചര്‍ച്ചയിലേക്കു വന്ന് അന്തരിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ‘പഞ്ചാബ് മോഡല്‍’ പ്രസംഗം. ബാലകൃഷ്ണപിള്ളയ്ക്കു മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയാക്കിയ വിവാദപ്രസംഗമുണ്ടായത് 1985 ല്‍.

എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരള കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിലാണ് വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള വിവാദ പ്രസംഗം നടത്തിയത്. പാലക്കാട്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയ റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലേക്കു മാറ്റിയ സാഹചര്യത്തിലായിരുന്നു പ്രസംഗം. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ ആരോപണം.

”കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കു പോയി. ഭൂട്ടാസിങ്ങിനു പോലും കടന്നുചെല്ലാന്‍ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായതു കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിനു ചോരയും നീരമുള്ള യുവാക്കള്‍ രംഗത്തിനിറങ്ങണം,” എന്നായിരുന്നു പ്രസംഗം. പഞ്ചാബില്‍ വിഘനവാദം കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ബാലകൃഷ്ണപിള്ളയുടെ ഈ വാക്കുകള്‍.

പ്രസംഗത്തെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നതോടെ വിഷയം പൊതുതാല്‍പ്പര്യ ഹര്‍ജിയായി ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

ബാലകൃഷ്ണപിള്ള നടത്തിയതിനേക്കാള്‍ ഗൗരവമായ പരാമര്‍ശമാണു മന്ത്രി സജി ചെറിയാനില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ഉന്നയിക്കുന്നത്. സജി ചെറിയാന്‍ ഗുരുതര സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയിരിക്കുന്നതെന്നു ചില നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.

”നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു,” എന്നായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞാ വാചകം.

എന്നാല്‍, തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയിരിക്കുന്നതെന്നായിരുന്നു മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രിയുടെ വിമര്‍ശം. ജനാധിപത്യം, മതേതരത്വം, കുന്തം, കൊടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണു ഭരണഘടന. അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളര്‍ന്നുവരുന്നത്,” സജി ചെറിയാന്‍ പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗം ഗുരുതര സത്യപ്രതിജ്ഞാ ലംഘനമാണെന്നു റിട്ട. ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണത്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ നാലിരട്ടി ഗുരുതരമായ പ്രസംഗമാണിത്. പ്രസംഗം രാജ്യദ്രോഹമാണ്. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ഇതേ അഭിപ്രായമാണു പല നിയമവിദഗ്ധരും പങ്കുവയ്ക്കുന്നത്.

എന്നാല്‍, സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നു പറയാന്‍ കഴിയില്ലെന്നാണു മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയുടെ നിലപാട്. ഭരണഘടന വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ വിമര്‍ശനത്തിന്റെ ഗണത്തില്‍പ്പെടുത്താം. ഭരണഘടനയെ വിമര്‍ശിക്കുന്നതു കുറ്റമല്ല. അനാദരവ് കാണിക്കുന്നതാണു കുറ്റമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതായും ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണു താനെന്നുമാണു സജി ചെറിയാൻ പ്രതികരിച്ചത്. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതില്‍ ദുഖവും ഖേദമുണ്ടെന്നും അദ്ദേഹം നിയമഭയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.

സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിയിരുന്നു. ഭരണഘടനയെയല്ല ഭരണകൂടത്തെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനങ്ങള്‍ എന്ന വിശദീകരണമാണ് അദ്ദേഹം മുഖ്യമന്ത്രിക്കു നല്‍കിയതെന്നാണ് അറിയുന്നത്.

ജനപ്രതിനിധികൾ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തണമെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ബന്ധപ്പെട്ടയാളോട് ഭരണത്തലവനായ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതായി അറിഞ്ഞുവെന്നും താൻ റിപ്പോർട്ട് തേടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രതിഷേധം, പരാതി പ്രവാഹം

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും പ്രതിപക്ഷ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.

സജി ചെറിയാനെ മന്ത്രിസ്ഥാനത്തു നീക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ജനറല്‍ സെക്രടറി പഴകുളം മധു ഗവര്‍ണര്‍ക്കു പരാതി നല്‍കി. കുമ്മനം രാജശേഖന്റെ നേതൃത്തിലുള്ള ബി ജെ പി സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു പരാതി നല്‍കി. യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകി. ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. അതിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഭരണഘടനയുടെ മഹത്വമറിയാത്ത സജി ചെറിയാന് അധികാരത്തിൽ തുടരാനുള്ള യോഗ്യതയില്ലെന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി പറഞ്ഞു. ബുദ്ധിയും വിവേകവുമുണ്ടെങ്കിൽ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും സുധാകരൻ പറഞ്ഞു. സജി ചെറിയാൻ ഗുരുതര ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗുരുതര സത്യപ്രതജ്ഞാ ലംഘനം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍നിന്നു മുഖ്യമന്ത്രി പുറത്താക്കണമെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണു സി പി എം. സജി ചെറിയാനു നാക്കുപിഴയാണ് സംഭവിച്ചതെന്നും ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വിമര്‍ശനം ഭരണഘടനയ്‌ക്കെതിരല്ല. ഭരണകൂട സംവിധാനത്തിനെതിരെയാണു സജി ചെറിയാന്റെ വിമര്‍ശം. രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ നാവ് പിഴ ,ഭവിച്ചതാകാമെന്നും ബേബി പറഞ്ഞു.

പ്രസംഗം വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയായിരുന്നുവെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗം കോൺഗ്രസ് ആയുധമാക്കുകയാണ്. ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് സജി ചെറിയാൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cultural ministers saji cheriyans controversial speech opposition demands resignation