scorecardresearch
Latest News

കോവിഡ്: തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗവ്യാപനം രൂക്ഷം

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ സംഖ്യ ഉയരുന്നില്ല എന്നത് ആശ്വാസമാണ്

covid, ie malayalam

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കേസുകള്‍ 17,000 കടന്നതോടെ രോഗവ്യാപന നിരക്ക് 26 ശതമാനത്തിന് മുകളിലുമെത്തി. സംസ്ഥാനത്ത് പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവില്‍. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലാണ് രോഗബാധിതര്‍ നിയന്ത്രണാതീതമായി തുടരുന്നത്. തലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,000 പിന്നിട്ടു. എറണാകുളം ജില്ലയിലും സമാനമാണ് സാഹര്യം. രോഗബാധിതര്‍ 15,000 ന് മുകളിലാണ്. തൃശൂര്‍, കോഴിക്കോട് എന്നിവയാണ് കേസുകള്‍ ഉയരുന്ന മറ്റ് ജില്ലകള്‍. കൊല്ലത്തും, മലപ്പുറത്തും വ്യാപനത്തോത് ഉയരുന്നുണ്ട്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ സംഖ്യ ഉയരുന്നില്ല എന്നത് ആശ്വാസമാണ്. 17 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതുവരെ സംസ്ഥാനത്ത് 50,674 പേരാണ് കോവിഡ് മൂലം മരിച്ചത്. ആകെ രോഗികളില്‍ നാല് ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ആഴ്ചകളിൽ വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ട്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ 78 ആക്റ്റീവ് ക്ലസ്റ്ററുകൾ ഉണ്ട്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും സിഎഫ്എൽടിസികൾ വീണ്ടും ആരംഭിക്കാൻ ആലോചിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു.

Also Read: കോവിഡ് നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകം; കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid situation rapid increase in thiruvananthapuram and eranakulam