തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നാളെ മുതല്‍ പുനരാരംഭിക്കും. 10, 11, 12 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. വൈകുന്നേരം വരെയായിരിക്കും ക്ലാസുകളെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
ഏറെ കാലത്തിന് ശേഷമാണ് സ്കൂളുകള്‍ സാധരണ പ്രവര്‍ത്തന സമയത്തിലേക്ക് എത്തുന്നത്. പൊതുപരീക്ഷകള്‍ വരാനിരിക്കെ പാഠങ്ങള്‍ പൂര്‍ത്തികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് ചോദ്യങ്ങള്‍ വന്നാലും ഉത്തരങ്ങള്‍ എഴുതാനുള്ള പരിശീലനവും നല്‍കിയേക്കും.
ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകൾ 14 നായിരിക്കും ആരംഭിക്കുക. 12-ാം തീയതി വരെ പ്രസ്തുത ക്ലാസുകള്‍ക്ക് പഠനം ഓണ്‍ലൈന്‍ വഴിയായിരിക്കും. സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള മാര്‍ഗരേഖ നാളെ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ക്ലാസുകളുടെ ക്രമീകരണം, ഓണ്‍ലൈന്‍ പഠനം, പരീക്ഷ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചായിരിക്കും പ്രത്യേക മാര്‍ഗരേഖ. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. കോവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് 50 ശതമാനത്തിനോട് അടുത്തപ്പോഴായിരുന്നു സ്കൂളുകള്‍ അടയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ നിലവില്‍ ടിപിആര്‍ 30 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും രോഗവ്യാപനത്തിന് കുറവുണ്ടെന്നാണ് സര്‍ക്കാരിന്റെ വലയിരുത്തല്‍.
Also Read: ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു