scorecardresearch

സ്കൂളുകളുടെ പ്രവര്‍ത്തനം ഫെബ്രുവരി 21 മുതല്‍ വൈകുന്നേരം വരെ; മാര്‍ഗരേഖ തയാറാക്കി

സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് എടുത്ത് തീർക്കണമെന്നാണ് നിര്‍ദേശം

school, class room, ie malayalam

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും തുറക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ക്കായിരിക്കും അധ്യയനം ആരംഭിക്കുക. ആദ്യ ആഴ്ച ഉച്ച വരെ മാത്രമായിരിക്കും ക്ലാസുകള്‍. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു.

ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. വൈകുന്നേരം വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. ഇതിനായി ടൈം ടേബിള്‍ അനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കണം.

10, 12 ക്ലാസുകളിലെ  പാഠഭാഗങ്ങൾ  ഫെബ്രുവരി 28 നകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തണം. ഇതിന് ശേഷം റിവിഷനിലേക്ക് പ്രവേശിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.

എല്ലാ  ശനിയാഴ്ചകളിലും സ്‌കൂൾതല എസ്.ആർ.ജി ചേർന്ന്  പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും  കുട്ടികളുടെ  പഠനനേട്ടം  ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷകളുമായി ബന്ധപ്പെട്ട്  ഓരോ അധ്യാപകനും  ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർ  പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകേണ്ടതാണ്.

എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ   പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങൾ അതത് സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച്  നടപ്പിലാക്കേണ്ടതാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രതേ്യക കർമ്മപദ്ധതി അതത് സ്‌കൂൾ തലത്തിൽ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.

ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണാ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകർ അവലംബിക്കേണ്ടതാണ്. എസ് സി ഇ ആർ ടിയും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നതാണ്.

ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.

വിദ്യാഭ്യാസ ഓഫീസർമാർ പരമാവധി സ്‌കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകൾ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോർട്ട് ഡിഡിഇ/ആർഡിഡി/ എഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതാണ്.

എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ 2022 മാർച്ച് 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്ന് മുതൽ ഒന്‍പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Also Read: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് നിയന്ത്രണങ്ങളില്ല

Live Updates

Web Title: Kerala covid school reopening tomorrow class till noon