തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി മാത്രമാക്കി. പ്രതിദിനം 3,000 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.
ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. വിവാഹത്തിന് പത്ത് പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം രണ്ടാക്കി ചുരുക്കി. ചോറൂണ് വഴിപാട് താത്കാലികമായി നിര്‍ത്തി വച്ചതായും അധികൃതര്‍ അറിയിച്ചു.
നിലിവില്‍ തൃശൂര്‍ ജില്ലയിലും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് 2,622 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 209 പേര്‍ മാത്രമാണ് ജില്ലയില്‍ രോഗമുക്തി നേടിയതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആര്‍) നിരക്ക് 30 നു മുകളിലെത്തിയ സാഹചര്യത്തില്‍ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികളും അനുവദിക്കുന്നതല്ല എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.
ഉത്സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം. ഇതോടൊപ്പം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനാക്കണമെന്നും നിര്‍ദേശമുണ്ട്.
ജില്ലയിലെ ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, തിയേറ്ററുകള്‍ എന്നിവയില്‍ ശേഷിയുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Also Read: കോവിഡ്: വീടുകളിലെ നിരീക്ഷണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍