തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 57 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 55 പേരും പുറത്തുനിന്ന് എത്തിയവർ. ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. കാസർഗോഡ്-14, മലപ്പുറം-14, തൃശൂർ-ഒൻപത്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, തിരുവനന്തപുരം-മൂന്ന്, എറണാകുളം-മൂന്ന്, ആലപ്പുഴ-രണ്ട്, പാലക്കാട്-രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ പോസിറ്റീവ് കേസുകൾ.

വിദേശത്തു നിന്ന് എത്തിയ 27 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 28 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എയർ ഇന്ത്യയുടെ ഒരു സ്റ്റാഫിനും ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: മീട്ടു പൂച്ചയും തങ്കു പൂച്ചയും…, തരംഗമായി ഓൺലെെൻ ക്ലാസുകൾ; ആദ്യദിനം വിജയകരം

ഇതുവരെ 68,979 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 65,773 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. വിദേശരാജ്യങ്ങളിൽ ഇന്നു മാത്രം 9 മലയാളികൾ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി.

നെഗറ്റീവ് ആയവർ

ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. മലപ്പുറം-ഏഴ്, തിരുവനന്തപുരം-മൂന്ന്, കോട്ടയം-മൂന്ന്. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതം.

കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരണം

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എന്നാൽ, രോഗവ്യാപനതോത് കൂടുതലുള്ള കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 30 വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വർധിച്ചു

സംസ്ഥാനത്ത് ഇന്ന് പുതിയ അഞ്ച് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 12 ആയി. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.

സമൂഹവ്യാപമായിട്ടില്ല

കോവിഡ്-19 കേരളത്തിൽ സാമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിൽ നിലവിൽ ഉത്ഭവം അറിയാത്ത 30 കേസുകളുണ്ട്. എന്നാൽ, അതിൽ നിന്നൊന്നും സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘം ചേരൽ അനുവദിക്കില്ല

സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും സംഘം ചേരൽ ഒരുതരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാഹത്തിന് കൂടുതൽ ഇളവുകൾ

പരമാവധി 50 പേരെ വച്ച് ഗുരുവായൂരില്‍ വിവാഹത്തിന് അനുമതി. ഓഡിറ്റോറിയങ്ങളിലും 50 പേരെവച്ച് വിവാഹച്ചടങ്ങ് നടത്താം.

സ്‌കൂളുകൾ ഉടൻ തുറക്കില്ല

സ്‌കൂളുകൾ തുറക്കുന്നത് ജൂലെെയിലോ അതിനുശേഷമോ മാത്രമായിരിക്കും. അതുവരെ ഓൺലെെൻ വിദ്യാഭ്യാസം തുടരും.

ഗതാഗതത്തിൽ കൂടുതൽ ഇളവുകൾ

ഗതാഗതത്തിനു കൂടുതൽ ഇളവുകൾ അനുവദിച്ചു. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസിന് അനുമതി. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം. ബസിന്റെ വാതിലിനു അരികിൽ സാനിറ്റെെസർ നിർബന്ധം. ബസ് യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. കാറിൽ ഡ്രെെവറെ കൂടാതെ മൂന്ന് യാത്രക്കാർ. ഓട്ടോറിക്ഷയിൽ ഡ്രെെവർ കൂടാതെ രണ്ട് യാത്രക്കാർ.

ഷൂട്ടിങ്ങുകൾക്ക് ഇളവ്

സിനിമ ഷൂട്ടിങ്ങിനു ഇളവ്. ഇൻഡോർ ഷൂട്ടിങ്ങിൽ 50 പേർ പരമാവധി. ചാനൽ ഷൂട്ടിങ്ങുകൾക്ക് പരമാവധി 25 പേർ മാത്രം.

ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ച്

ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്ര മാനദണ്ഡമനുസരിച്ച്. ജൂൺ എട്ടിനു ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം. സംസ്ഥാന നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേലധികാരികളുമായി ചർച്ച നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.