scorecardresearch

നാല് ജില്ലകൾ കൂടി ‘സി’ കാറ്റഗറിയിൽ; കടുത്ത നിയന്ത്രണങ്ങൾ

ആശുപത്രിയിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ ഓരോ കാറ്റഗറിയായി തിരിക്കുന്നത്

covid 19, covid 19 kerala, kerala covid restrictions, kerala new lockdown norms, Civil society demands withdrawal of new Covid restrictions, indian express malayalam, ie malayalam
പ്രതീകാത്മ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രങ്ങൾ. സംസ്ഥാനത്തെ നാല് ജില്ലകളെ കൂടി ‘സി’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

ആശുപത്രിയിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ ഓരോ കാറ്റഗറിയായി തിരിക്കുന്നത്. ആകെ രോ​ഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കോവിഡ് രോഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയിൽ ഉണ്ടായിരുന്നത്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ‘ബി’ കാറ്റഗറിയിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ‘എ’ കാറ്റഗറിയിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ ‘സി’ കാറ്റഗറിയില്‍ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യങ്ങൾ എന്നിവയുടെ പ്രവര്‍ത്തനവും അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. ട്യൂഷൻ ക്‌ളാസുകളും സി കാറ്റഗറിയിൽ അനുവദിക്കില്ല.

Also Read: ‘ആരും പട്ടിണി കിടക്കരുത്’, സമൂഹ അടുക്കള വീണ്ടും തുടങ്ങാൻ സർക്കാർ

സെക്രട്ടേറിയറ്റില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid omicron review meeting