തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം.
സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. അകലം പാലിച്ച് ഇരിപ്പിടം ഒരുക്കണം. എസി സംവിധാനങ്ങൾ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ജനലുകളും വാതിലുകളും പരമാവധി തുറന്നിടാൻ സൗകര്യമൊരുക്കണം.
ഭക്ഷണം കഴിക്കാനെത്തുന്നവരിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിന്‍ നിബന്ധന ബാധകമല്ല. രാത്രി ഒന്‍പത് മണി വരെയാണ് പ്രവൃത്തി സമയം. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും വാക്സിന്‍ നിബന്ധന ബാധകമാണ്.