തിരുവനന്തപുരം: ചൈനയിൽ ഒരു രോഗം പടരുന്നു. നിരവധി പേർ മരിക്കുന്നു. പത്രങ്ങളിൽ ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങികൂടിയിരുന്ന വാർത്ത. ചൈനയെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് രാജ്യത്തെവിടെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല. എങ്കിലും എല്ലാവരും കരുതൽ സ്വീകരിച്ചു മുന്നോട്ടുപോകണമെന്ന് ആരോഗ്യമന്ത്രാലയം ദിനംപ്രതി നിർദേശം നൽകി. എന്നാൽ, 2020 ജനുവരി 30 ന് രാജ്യം ഞെട്ടി, ‘ഇന്ത്യയിലെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു’.  കേരളത്തിലെ തൃശൂർ ജില്ലയിലാണ് രാജ്യത്തെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യ രോഗി. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദനയും ചുമയും മാത്രമായിരുന്നു പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ചൈനയിൽ നിന്നെത്തിയ ഈ വിദ്യാർഥിനി ഉടൻ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടു. വിദ്യാർഥിനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തൃശൂർ ജനറൽ ആശുപത്രിയിലാണ് കോവിഡ് ബാധിതയായ പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ജനറല്‍ ആശുപത്രി പരിസരത്തുപോലും ജനം വരാത്ത സാഹചര്യമുണ്ടായി. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശങ്കയ്ക്കു വിരാമമുണ്ടായിരുന്നില്ല.

Read Also: താഴാതെ കോറോണ കര്‍വ്; ആദ്യ കോവിഡ് കേസിന് ഒരാണ്ട് തികയുമ്പോള്‍

ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത. ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ തൃശൂരിലേക്ക് പുറപ്പെട്ടു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ആരോഗ്യമന്ത്രിക്കൊപ്പം തൃശൂരിലെത്തി. ജില്ലാ ആരോഗ്യവകുപ്പ് അധികൃതരുമായി അടിയന്തര യോഗം ചേർന്നു. ‘പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ…കൊറോണയും നമ്മൾ അതിജീവിക്കും…’ എന്നായിരുന്നു ആരോഗ്യമന്ത്രി അന്നേദിവസം ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടത്.

ആദ്യ കോവിഡ് കേസിനു ശേഷം ഒരു വർഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും കോവിഡ് പ്രതിസന്ധിക്ക് അയവായിട്ടില്ല. ആകെ രോഗബാധിതരുടെ എണ്ണം ഇതിനോടകം 9,11,362 ആയി. 72,392 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 8,35,046 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,682 ആണ്. മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചതാണ് കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഏറ്റവും വലിയ മികവായി എടുത്തുപറയുന്നത്. മരണസംഖ്യ കുറയ്‌ക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പറഞ്ഞിരുന്നു.

രാജ്യത്തെ ആദ്യ കോവിഡ് രോഗിയായ വിദ്യാർഥിനി ഇപ്പോൾ തൃശൂരുണ്ട്. ചൈനയിലേക്ക് മടങ്ങി പോകാൻ സാധിച്ചിട്ടില്ല. മകൾക്ക് ഇപ്പോൾ യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “മകൾ പഠനവുമായി മുന്നോട്ടുപോകുന്നു. കോവിഡ് ബാധിച്ചിട്ട് ഒരു വർഷമായി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. സാധാരണ ഒരു പനി വന്നുപോയ പോലെയേയുള്ളൂ,” പിതാവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.