Latest News

കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഇന്നു മുതൽ പ്രസിദ്ധീകരിക്കും

ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ഇന്നു മുതല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും

veena george, cpm, ie malayalam
Photo: Facebook/Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണതിയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.

മരണങ്ങളെച്ചൊല്ലി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പരസ്യമായി രംഗത്തുവന്നതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്്. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഐസിഎംആര്‍, ഡബ്ല്യുഎച്ച്ഒ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് ആരോപിച്ചിരുന്നു. കോവിഡ് അനുബന്ധ മരണങ്ങളും കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെടുന്നത്.

”തിരുവനന്തപുരത്തുള്ള വിദഗ്ധ സമിതിയാണ് കോവിഡ് മരണങ്ങള്‍ നിശ്ചയിച്ചിരുന്നത്, രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരല്ല. ഒരുപാട് മരണങ്ങള്‍ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട്. ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് ആരോഗ്യമന്ത്രിക്ക്. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവിടണം,” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. കോവിഡ് മരണമെന്ന് തെളിയിക്കാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ എവിടെ പോകണം? തെളിവില്ലാത്ത പശ്ചാത്തലത്തില്‍ ഇവര്‍ ആര്‍ക്ക് പരാതി നല്‍കണം? കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അപ്പോള്‍ കണക്കില്‍ പെടാത്തവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ സാധിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

Read Also: കോവിഡ് മരണങ്ങൾ: വിടാതെ പ്രതിപക്ഷം, സുതാര്യമെന്ന് മന്ത്രി

അതേസമയം, ഡോക്ടര്‍മാര്‍ തന്നെയാണ് കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്നതെന്നും പുതിയ സംവിധാനം സുതാര്യമാണെന്നുമാണ് പ്രതിപക്ഷ ആരോപണത്തിനു മറുപടിയായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. മരണങ്ങള്‍ മറച്ചു വയ്‌ക്കേണ്ട കാര്യം സര്‍ക്കാരിനില്ല. എല്ലാ നടപടികളും ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് -19മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ)ക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. എക്സ് ഗ്രേഷ്യയായി എത്ര തുക വീതം നല്‍കാമെന്ന് ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കാനാണ് എന്‍ഡിഎംഎയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മൂലം, അര്‍ഹതപ്പെട്ട ഒരു കുടുംബത്തിനു പോലും നഷ്ടപരിഹാരം ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ടാകരുതെന്നാണ് പ്രതിപക്ഷം പറയുന്നത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid deaths names and details of the deceased will be published says health minister

Next Story
ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പിൽ മൂന്നു പേർ അറസ്റ്റിൽ; ‘ജവാൻ’ ഉത്പാദനം നിർത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com