തൃശൂര്‍: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. “കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമെല്ലാം നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. പാര്‍ട്ടിയ്ക്ക് അതില്‍ ഇടപെടാന്‍ കഴിയില്ല,” കോടിയേരി പറഞ്ഞു.
“സിപിഎം പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെടണമെന്ന് സിപിഎമ്മുകാരു തന്നെ ആഗ്രഹിക്കുമോ. എത്രയോ ആളുകള്‍ക്ക് രോഗം വന്നു. എല്ലാവരും സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ. മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വസ്തുതകള്‍ മനസിലാക്കി വേണം പ്രതികരിക്കാന്‍,” കോടിയേരി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സിപിഎം പോളിറ്റ് ബ്യൂറൊ അംഗം എം. എ. ബേബിയും സമ്മേളനങ്ങള്‍ നടക്കുന്നതിനെ ന്യായീകരിച്ചിരുന്നു. “ശാസ്ത്രീയമായ കരുതലുകളില്‍ അയവ് വരുത്തിക്കൂടെ എന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. സിപിഎം പിന്തുടരാന്‍ ശ്രമിക്കുന്ന സമീപനവും ഇതാണ്,” തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ എം. എ. ബേബി പറഞ്ഞു.
“ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശ്രദ്ധക്കുറവുകള്‍ കൊണ്ട് പോരായ്മകള്‍ ഉണ്ടാകാം. അത് ചൂണ്ടിക്കാണിക്കപ്പെടുന്ന സമയത്ത് നാം തിരുത്തേണ്ടതുണ്ട്. പ്രതിനിധികള്‍ മുഴുവന്‍ പങ്കെടുക്കാതെ നിശ്ചയിക്കപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഈ സമ്മേളനത്തില്‍ പതാക ഉയര്‍ത്തിയത്. ശാസ്ത്രീയമായ സമീപനം വ്യത്യസ്തമാണെന്നാണ് നാം മനസിലാക്കേണ്ടത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ സമ്മേളനങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. “സാധാരണ ജനജീവിതത്തെ ബാധിക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്. അത് ജനങ്ങള്‍ ഏറ്റെടുത്തതായാണ് മനസിലാക്കുന്നത്. തീരുവനന്തപുരത്തെ സമ്മേളനങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞതാണ്. ഇനി അതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. വരുന്ന ആഴ്ചകളില്‍ രോഗികളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞ് വരുമെന്നാണ് കണക്ക് കൂട്ടല്‍,” ആന്റണി രാജു പറഞ്ഞു.