തിരുവനന്തപുരം. കേരളത്തിലേ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും. നാഷണൽ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്. കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സംസ്ഥാനത്തെ രോഗവ്യാപനം വിലയിരുത്തുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കോവിഡ് നിയന്ത്രണവും സാഹചര്യവുമാണ് ഇന്ന് പരിശോധിക്കുക. തിങ്കളാഴ്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും വിദഗ്ധ സമിതിയുമായും കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തും. ഇന്നലെ ആലപ്പുഴയിലെത്തി ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ദിവസവും രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുതല്‍ 13 ശതമാനം വരെയാണ് നിലവില്‍.
1.64 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. മലപ്പുറത്ത് മാത്രം കാല്‍ ലക്ഷത്തിലധികം സജീവ കേസുകളുണ്ട് എന്നതും ആശങ്കയാണ്.
സംസ്ഥാനത്തിന്റെ നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടമാണെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേരളം രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Also Read: വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക