തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാകാൻ സാധ്യത. പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിൽ പോകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും. ടിപിആർ അഞ്ച് ശതമാനത്തിനും മുകളിൽ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗത്തില്‍ കോവിഡ് വാക്സിനെടുക്കേണ്ടതാണ്.
Read More: ഇനി ‘ബാക് ടു ബേസിക്സ്’; സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്സ് ക്യാംപെയിൻ ശക്തിപ്പെടുത്താനാണ് തീരുമാനം. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം സ്വീകരിച്ച മാര്‍ഗങ്ങള്‍ വീണ്ടുമോര്‍ക്കണം. സോപ്പുപയോഗിച്ച് വൃത്തിയായി കൈകള്‍ കഴുകാനും മാസ്കും സാമൂഹിക അകലവും കൃത്യമായി പാലിക്കാനും ശ്രമിക്കണം. വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കേണ്ടതാണ്. മാസ്ക് നല്കുന്ന സുരക്ഷ ഏറെ പ്രധാനമാണ്. അതിനാല്‍ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ലക്ഷണങ്ങൾ ഉള്ളവർക്ക് ഉടൻ പരിശോധന നടത്തണം. ആന്റിജനിൽ നെഗറ്റീവ് ആയാൽ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. ആശുപത്രികളിൽ കോവിഡ് ചികിത്സ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദേശവും നൽകി. രോഗവ്യാപനം കണ്ടെത്തിയാൽ ജില്ല ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.