തിരുവനന്തപുരം: തടവുകാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സൗകര്യമില്ലെങ്കില്‍ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പരോള്‍ അനുവദിക്കുന്നതിലും നീട്ടിനല്‍കുന്നതിലും കാലതാമസം കൂടാതെ ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയില്‍ ഡിജിപിക്കു നിര്‍ദേശം നല്‍കി.
ജയിലുകളില്‍ രോഗ വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലെ ചില അന്തേവാസികള്‍ നല്‍കിയ പരാതിയിലാണു നടപടി. ജയിലുകളില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ ഉന്നയിക്കുന്ന ആശങ്ക ഗൗരവമായെടുക്കുന്നതായി കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
Read More: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത് 489 പേർക്ക്, മലപ്പുറത്ത് 242, ആറ് ജില്ലകളിൽ നൂറിലധികം
അന്തേവാസികള്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിധിയില്‍ വളരെ കൂടുതല്‍ അന്തേവാസികളെ പാര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കണം. തടവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജയില്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
തടവുകാരുടെ പരാതിയിയില്‍ ജയില്‍ ഡിജിപിയില്‍നിന്ന് കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 60 ദിവസത്തെ പ്രത്യേക സാധാരണ അവധി അനുവദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്കു റിമാന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ക്വാറന്റൈന്‍ സൗകര്യം ജയിലുകളില്‍ പരിമിതമാണ്. ജയിലുകളില്‍ വൈറസ് വ്യാപിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു തടവുകാരന്‍ ജയിലില്‍ മരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 17 വരെ 470 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ആശങ്ക ഗൗരവമായി കാണണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.
Read More: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1758 പേർക്ക്; സമ്പർക്കംവഴി 1641 രോഗികൾ