scorecardresearch
Latest News

കോവിഡ്: കരുതൽ ഡോസ് ഇന്നുമുതൽ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്‌തേക്കും

കോവിഡ്: കരുതൽ ഡോസ് ഇന്നുമുതൽ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.

നേരിട്ടും ഓണ്‍ലൈന്‍ ബുക്കിങ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. വാക്സിനേഷനുള്ള ബുക്കിങ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ ലോഗിന്‍ ചെയ്ത് കരുതൽ ഡോസിനായി ബുക്കിങ് ചെയ്യാവുന്നതാണ്. നേരത്തെയെടുത്ത അതേ വാക്സിനാണ് മൂന്നാം ഡോസായും നൽകുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

60 വയസിനു മുകളിലുള്ളവർക്ക് വാക്‌സിനേഷന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല, എന്നാൽ അഭിപ്രായം തേടുന്നത് ഉചിതമാണെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ഓരോ ജില്ലയിലെയും കോവിഡ് സാഹചര്യം യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ അവലോകന യോഗത്തിൽ വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനം ആയിരുന്നു. അതിനു പുറമെയുള്ള നിയന്ത്രണങ്ങൾ ഇന്ന് ചർച്ച ആയേക്കും. രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്‌തേക്കും.

Also Read: കരുതല്‍ ഡോസ് വാക്സിൻ ആർക്കൊക്കെ?; എങ്ങനെ ബുക്ക് ചെയ്യാം?

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid 19 precautionary dose vaccination from today cm to chair review meeting