തിരുവനന്തപുരം. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. വരുന്ന ഞായറാഴ്ച (ഫെബ്രുവരി ആറ്) ലോക്ക്ഡൗണിന് സമാനമായിരിക്കും. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ തലത്തില്‍ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങള്‍ക്കും മാറ്റമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ആദ്യ ഘട്ടത്തിൽ കേസുകള്‍ ഉയര്‍ന്നു നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി.
ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് 42,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപന നിരക്ക് 42 ശതമാനമായി കുറഞ്ഞു. എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. 3.57 ലക്ഷം പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേര് രോഗമുക്തി നേടി.
Also Read: സംസ്ഥാനത്ത് 42,154 പേര്‍ക്ക് കോവിഡ്; രോഗവ്യാപന നിരക്ക് 42.4 ശതമാനം