തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30നു മുകളിൽ എത്തി. ഇന്നലെ മാത്രം 22,946 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 69,373 പരിശോധനകൾ നടത്തിയതിലാണ് ഇത്രയും രോഗികൾ. 33.07 ശതമാനമാണ് ടിപിആർ. ഞായറാഴ്ച 30.55 ശതമാനമായിരുന്നു ഇത്.
കോവിഡ് രണ്ടാം തരംഗത്തിൽ ഉണ്ടായതിനേക്കാൾ വേഗതയിലാണ് രോഗം വ്യാപിക്കുന്നത്. രണ്ടാം തരംഗം ഏറ്റവും ഉയർന്നു നിന്ന മെയ് 12നു 29.75 ശതമാനമായിരുന്നു ടിപിആർ. രോഗികളുടെ എണ്ണം കൂടുന്നതിന് ഒപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുണ്ട്. ഇന്നലെ 711 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also Read: ആരില്‍ നിന്നും കോവിഡ് പകരാം; 10 ദിവസം കോണ്ട് കേസുകള്‍ നാലിരട്ടിയിലധികമായി: ആരോഗ്യമന്ത്രി
ഇന്നലെ ആരോഗ്യ മന്ത്രി വീണ ജോർജ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
ജനുവരി 10 മുതല്‍ 16 വരെയുള്ള കാലയളവില്‍, ശരാശരി 67,495 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 60,161 വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
Also Read: കോഴിക്കോട് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; പൊതുയോഗങ്ങള്‍ വിലക്കി