തിരുവനന്തപുരം: കേരളത്തിൽ ചെറിയ തോതിലെങ്കിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യവിദഗ്‌ധർ. നിലവിലെ സ്ഥിതി പരിഗണിച്ചാൽ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കോവിഡ് സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതി പറയുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്ത് നടക്കുന്ന ആന്റിബോഡി ദ്രുതപരിശോധനയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ കണ്ടെത്തിയതായാണ് സൂചന. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നതും കേരളത്തിൽ ആശങ്ക പരത്തുന്നു.

Read Also: ബന്ധു വെന്റിലേറ്ററിന്റെ പ്ലഗ് ഊരി എസി കുത്തി; രോഗി മരിച്ചു

സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും ദിവസമായി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. നിലവിൽ നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെയാണ് വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. 118 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം 115ൽ കൂടുതൽ കോവിഡ് കേസുകൾ പുതുതായി സ്ഥിരീകരിക്കുന്നത്. നാലാം തവണയാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകിരച്ചവരുടെ എണ്ണം 100 കടന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇതിനു മുൻപ് നൂറിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജൂൺ അഞ്ച്- 111,ജൂൺ ആറ്- 108, ജൂൺ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.