തിരുവന്തപുരം: കൊല്ലം ജില്ലയിൽ കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട വ്യക്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ച സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശാസ്താംകോട്ട സ്വദേശിയായ ടൈറ്റസ് ആണ് ഗുരുതരമായ രീതിയിലുള്ള കോവിഡ് രോഗബാധയെ അതിജീവിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

43 ദിവസമാണ് ടൈറ്റസ് വെന്റിലേറ്ററിൽ കഴിഞ്ഞതെന്നും അതിൽ 20 ദിവസവും അദ്ദേഹം കോമ സ്റ്റേജിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ടൈറ്റസിന് ജീവൻ രക്ഷ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകേണ്ടി വന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Read More: എട്ട് ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവർ മുന്നൂറിലധികം; നാല് ജില്ലകളിൽ നാന്നൂറിലധികം

“സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന ചികിത്സയാണ് അദ്ദേഹത്തിനു നല്‍കിയത്. പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃക ആയതിനാലാണ് ഇത് ഇവിടെ എടുത്തുപറയുന്നത്. ടൈറ്റസിനെ ചികിത്സിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു,”  മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനെതിരെ ഇത്രയേറെ പ്രത്യേകതകളുള്ള ഇടപെടലാണ് നടത്തുന്നത്. അതിനിടയില്‍ രോഗവ്യാപനത്തിന് കാരണമാകുന്ന ശ്രമങ്ങളുണ്ടാക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതിനു കൂടിയാണ് ഇത് ഇവിടെ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിയാണ് 54 കാരനായ ടൈറ്റസ്. ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യവില്പന തൊഴിലാളിയായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ശ്വാസകോശ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വിവിധ ചികിസ്താ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്. പതിനായിരക്കണക്കിന് രൂപ വിലയുള്ള ജീവന്‍രക്ഷാമരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായിവന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ആറ് ലക്ഷം രൂപ വിനിയോഗിച്ച് വെന്റിലേറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച് മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ട് തവണ പ്ലാസ്മാ തെറാപ്പിയും നടത്തി.

Read More: സ്‌പുട്‌നിക്: ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം ലഭിക്കുമോ?

ജൂലൈ 15ന് ടൈറ്റസ് കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്റിലേറ്ററിലും പിന്നീട് ഐ സി യുവിലും തുടര്‍ന്നു. ഓഗസ്റ്റ് 21 ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു.

72 ദിവസം നീണ്ട ചികിത്സയ്ക്കൊടുവിൽ സെപ്റ്റംബര്‍ 18നാണ് ടൈറ്റസ് ആശുപത്രി വിട്ടത്. ദീര്‍ഘനാള്‍ കിടക്കയില്‍ തന്നെ കിടന്നതിന്റെ അസ്വസ്ഥതകള്‍ ടൈറ്റസിനുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാല് ആഴ്ച കഴിഞ്ഞ് ടൈറ്റസ് വീണ്ടും പരിശോധനയ്ക്ക് എത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.