തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ഇപ്പോഴത്തെ ലക്ഷ്യം മരണനിരക്ക് കുറയ്‌ക്കൽ ആണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. മരണനിരക്ക് വർധിക്കാതെ പിടിച്ചുനിർത്തുന്നതിനാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളം ഇപ്പോൾ അനുഭവിക്കുന്ന ദുരന്തത്തിനു കാരണം ആൾക്കൂട്ടമാണെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. “കേരളം ഇപ്പോൾ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങിയതിന്റെ ഫലമാണ്. നിരോധിച്ചിട്ടും പലയിടത്തും ആൾക്കൂട്ടം ഉണ്ടായതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്,” മന്ത്രി പറഞ്ഞു.

കളമശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്കും മന്ത്രി മറുപടി നൽകി. ആരോഗ്യവകുപ്പിന് വീഴ്‌ചയുണ്ടായെന്ന് ചിലർ മനഃപൂർവ്വം പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Read Also: ആഗോളതലത്തിൽ കോവിഡ് കേസുകൾ കൂടുമ്പോൾ ഇന്ത്യയിൽ രോഗികളുടെ എണ്ണം കുറയുന്നു

“വഴിയേ പോകുന്നവർ വിമർശിച്ചാൽ ഉടൻ നടപടിയെടുക്കാനാകില്ല. കളമശേരി മെഡിക്കൽ കോളേജിനെ തകർക്കാൻ മനഃപൂർവ്വം ശ്രമം നടക്കുന്നു എന്ന ആരോപണം പരിശോധിക്കും. അകത്ത് പോരായ്‌മകൾ വരുമ്പോൾ ഉടൻ തന്നെ ആരോഗ്യവകുപ്പ് ചർച്ചയിലൂടെ പരിഹരിക്കുന്നുണ്ട്. പോരായ്‌മ ചൂണ്ടിക്കാണിക്കൽ എന്നത് ‘വീഴ്‌ച…വീഴ്‌ച’ എന്നു പറഞ്ഞ് ആവർത്തിക്കലല്ല. ത്യാഗപൂർണമായ ജോലി ചെയ്യുന്നവരെ മാധ്യമങ്ങളിലൂടെ അപഹസിക്കുന്നത് വേദനയുണ്ടാക്കുന്നു,” കെ.കെ.ശെെലജ പറഞ്ഞു.

പ്രതിരോധത്തിൽ ആരോഗ്യവകുപ്പിന് വീഴ്‌ച പറ്റിയെന്ന് മനഃപൂർവ്വം പ്രചരിക്കുന്നു. വീഴ്‌ച പറ്റി എന്ന ആരോപണം വന്നപ്പോഴാണ് നഴ്‌സിങ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത് അന്വേഷണം തുടങ്ങിയത്. പോരായ്‌മകളുണ്ടാകുമ്പോൾ അകത്ത് ചർച്ച ചെയ്ത് പരിഹരിച്ച് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.