തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണമെന്ന് കേന്ദ്രം. കേരളത്തിൽ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 8.83 ശതമാനവും പഞ്ചാബിൽ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.
തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാലിൽ കുറവായി നിലനിർത്താൻ കേരളത്തിനു സാധിക്കുന്നുണ്ട്. മാത്രമല്ല, ഒരു ദിവസം കോവിഡ് പോസിറ്റീവ് ആകുന്നവരേക്കാൾ കോവിഡ് മുക്തരാണ് ഇപ്പോൾ ഉള്ളത്. കോവിഡ് മുക്തരുടെ എണ്ണം വർധിക്കുന്നത് ശുഭസൂചനയെന്നാണ് വിലയിരുത്തൽ. എന്നാൽ, ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. വീണ്ടുമൊരു തീവ്ര രോഗവ്യാപനത്തിനുള്ള സാധ്യത മുന്നിൽ കാണുകയാണ് ആരോഗ്യവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ്, ഉത്സവങ്ങൾ എന്നിവ രോഗികളുടെ എണ്ണം കൂടാൻ കാരണമായേക്കും. അതിനാൽ, കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരാനാണ് സർക്കാർ തീരുമാനം.
Read Also: സൂക്ഷ്മപരിശോധ പൂർത്തിയായപ്പോൾ തള്ളിയത് 1119 പത്രികകൾ; മത്സര രംഗത്തുള്ളത് 1061 സ്ഥാനാർഥികൾ
കേരളത്തിൽ ഇന്നലെ 2.078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, 2211 പേർ രോഗമുക്തി നേടി. 1860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25,009 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,777 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,019 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.