Kerala Covid-19 News at a Glance: തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ മറ്റൊരു ദിനമാണ് ഇന്ന്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 141 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്ക് പരിശോധിച്ചാൽ 118 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച്ചയത് 127 ആയും ഞായറാഴ്ച 133 ആയും വർധിച്ചു. തിങ്കളാഴ്ച വീണ്ടും വർധനവ് രേഖപ്പെടുത്തി 133 പേർക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വാർധിച്ച് വരുന്ന സാഹചര്യം സ്ഥിതി രൂക്ഷമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. രോഗലക്ഷണങ്ങളില്ലാതെ രോഗികളാകുന്ന കേസുകളുടെ എണ്ണവും ഉറവിടം കണ്ടെത്താനാകാത്ത കേസുകളുടെ എണ്ണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയാണ് ഇന്ന് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഇന്ന് 141 പേർക്ക് കോവിഡ്

ഇന്ന് 141 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇത് പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും. 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പത്തനംതിട്ട – 27
പാലക്കാട് – 27
ആലപ്പുഴ – 19
തൃശൂർ – 14
എറണാകുളം – 13
മലപ്പുറം – 11
കോട്ടയം – 8
കോഴിക്കോട് – 6
കണ്ണൂർ – 6
തിരുവനന്തപുരം – 4
കൊല്ലം – 4
വയനാട് – 2

രോഗം ഭേദമായത് 60 പേർക്ക്

കോവിഡ് ബാധിച്ച ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ള മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 15
കോട്ടയം – 12
തൃശൂർ – 10
എറണാകുളം – 6
പത്തനംതിട്ട – 6
കൊല്ലം – 4
തിരുവനന്തപുരം – 3
വയനാട് – 3
കണ്ണൂർ – 1

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1620 പേർ

കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3451 പേർക്ക്. ഇതിൽ 1620 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒന്നര ലക്ഷം കടന്നു. 1,50,196 പേരാണ് കേരളത്തിൽ മാത്രം കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധിച്ച 4473 സാമ്പിളുകളുൾപ്പടെ ഇതുവരെ 1,44,649 സാമ്പിളുകൾ പരിശോധിച്ചു. 3661 പരിശോധനഫലം വരാനുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്രെ ഭാഗമായ 39,518 സാമ്പിളുകൾ പരിശോധിച്ചതിൽ 38,551 എണ്ണവും നെഗറ്റീവാണ്. സംസ്ഥാനത്താകെ 111 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

മെയ് നാലിന് ശേഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 2,811 കേസുകളിൽ 2,545 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ എത്തിയവരാണ്. ജൂൺ 15ന് ശേഷം രോഗം സ്ഥിരീകരിച്ചവരിൽ 95 ശതമാനവും പുറത്ത് നിന്ന് എത്തിയവരാണ്.

ഒമ്പത് ജില്ലകളിൽ നൂറിലധികം രോഗികൾ ചികിത്സയിൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ള മലപ്പുറം ജില്ലയിലാണ്. ഇവിടെ മാത്രം 201 പേരാണ് വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയിലുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ നൂറിലധികം ആളുകൾ ചികിത്സയിലുണ്ട്.

മലപ്പുറം – 201
പാലക്കാട് – 154
കൊല്ലം – 150
എറണാകുളം – 127
പത്തനംതിട്ട – 126
കണ്ണൂർ – 120
തൃശൂർ – 113
കോഴിക്കോട് – 107
കാസർഗോഡ് – 102

രോഗലക്ഷണങ്ങളില്ലാത്ത കേസുകളിൽ ആശങ്ക വേണ്ട; എന്നാൽ ഉറവിടം കണ്ടെത്താനാകത്തത് ഗുരുതരം

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതിൽ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നാണ് വിദഗ്ദ്ധ അഭിപ്രായമെന്ന് മുഖ്യമന്ത്രി. ലോകത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ 60 ശതമാനത്തിനും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രതീക്ഷമോവാണ്. 20 ശതമാനം മിതമായ രീതിയിലും 20 ശതമാനത്തിൽ തീവ്രമായ ലക്ഷണങ്ങളും കാണുന്നു. അതിൽ തന്നെ അഞ്ച് ശതമാനം ആളുകളെയാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.

രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകളിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയും കുറവാണെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ഇത് സാരമായ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നിലവിൽ വീടിന് പുറത്താണ് മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. പൊതു സ്ഥലങ്ങളിൽ ഉള്ളതുപോലെയുള്ള കരുതൽ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മളിൽ ആരും രോഗബാധിതരായേക്കാം എന്ന ചിന്ത വേണം.

രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ അതീവ ഗുരുതരമാണ്. ഇത് സമൂഹവ്യാപനത്തിലേക്ക് നയിക്കും. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാകത്ത കേസുകൾ 40 ശതമാനത്തിലധികമാണ്. എന്നാൽ കേരളത്തിലത് രണ്ട് ശതമാനം മാത്രം. ഉറവിടം അറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപീകരിച്ച് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുന്നു. അത്തരം പ്രദേശങ്ങളെ കണ്ടെത്തി കണ്ടെയ്ൻമെന്റ് സോണുകളാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

പരിശോധനകൾ വർധിപ്പിക്കും

കേരളത്തിൽ ഇതുവരെ റൂട്ടീന്‍ സാമ്പിൾ, ഓഗ്മെന്റന്റ്, സെന്റിനൽ, പൂൾഡ് സെന്റിനാൽ, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിൽ 192000 സാമ്പിളുകൾ പരിശോധിച്ചു. ഇതിന്റെ തോത് വർധിപ്പിക്കുന്ന കാര്യം ആലോചനയിൽ. പരിശോധന കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെയും പരിശോധിച്ച് രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് കൂടുതൽ ആളുകളെ നിയോഗിക്കും. ഏകോപന ചുമതല മുതിർന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥായിരിക്കും.

ആലുവാ മണപ്പുറത്തും വര്‍ക്കലയിലും ഈ വര്‍ഷം കര്‍ക്കിടകവാവിന്‌ ബലിതര്‍പ്പണമില്ല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. ജൂലൈ 20 ന് ആണ് കര്‍ക്കിടകവാവ്.

കര്‍ക്കിടകവാവിനോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്. സംസ്ഥാനത്ത് ബലിതര്‍പ്പണത്തിനുള്ള പ്രധാന കേന്ദ്രങ്ങളായ ആലുവ മണപ്പുറം, വര്‍ക്കല പാപനാശം, തിരുവല്ലം, രാമേശ്വരം, ശംഖുമുഖം, പമ്പ, തിരുമുല്ലാവാരം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങള്‍ ബോര്‍ഡിന് കീഴിലാണ് വരുന്നത്. ഇവിടങ്ങളിലൊന്നും ബലിതര്‍പ്പണം ഉണ്ടാകില്ല.

പച്ചക്കറി കടകൾ ആഴ്‌ചയിൽ നാല് ദിവസം മാത്രം; തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനുളള നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽവരും. വ്യാപാരസ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കടകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. വ്യാപാരികളുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് മേയർ നിയന്ത്രണങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരുന്നതിനു പിന്നാലെയാണ് നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലെ കരിക്കകം, കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്ന് പുതുതായി 728 പേർ രോഗനിരീക്ഷണത്തിലായി. നാല് പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ഇന്ന് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണ്.

 

കൊല്ലത്ത് റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്), ഇളമാട് അമ്പലമുക്ക് സ്വദേശി(43 വയസ്), പുനലൂര്‍ സ്വദേശി(65 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 23) കോവിഡ് സ്ഥിരീകരിച്ചത്.
സ്ഥാപന നിരീക്ഷണത്തില്‍ റിമാന്‍ഡ് പ്രതിയായിരുന്ന പുനലൂര്‍ സ്വദേശിയെ ജൂണ്‍ 20ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പുകയില ഉത്ന്നങ്ങളുമായി സ്‌കൂള്‍ പരിസരത്ത് നിന്നും പോലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം റിമാന്‍ഡിലായത്.

തൃശൂരിൽ വീണ്ടും രോഗികളുടെ എണ്ണത്തിൽ വർധനവ്

ജില്ലയിൽ ചൊവ്വാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

കോട്ടയത്ത് പന്ത്രണ്ട് പേര്‍ക്ക് രോഗമുക്തി; എട്ടുപേര്‍ക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. രോഗമുക്തരായ പത്തു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്നും രണ്ടു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുമാണ് വീട്ടിലേക്ക് മടങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. 31 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 28 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്..

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്നും, രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാലുപേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും മൂന്നുപേര്‍ വീട്ടിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു.

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 23) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂണ്‍ 13 ന് രോഗബാധ സ്ഥിരീകരിച്ച തിരുനാവായയിലെ 108 ആംബുലന്‍സിലെ നഴ്‌സിന്റെ ഭര്‍ത്താവും

കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കും കോവിഡ്

കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കൂടി കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 217 ഉം രോഗമുക്തി നേടിയവര്‍ 103 ഉം ആയി. ഒരു മരണം. ഇപ്പോള്‍ 113 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലണ്ട്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 2 പേര്‍ കണ്ണൂരിലും, 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കാസർഗോഡിന് ആശ്വാസദിനം

ഇന്ന് ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ല. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നീരിക്ഷണത്തിലുള്ളത് 5193 പേരാണ്. പുതിയതായി   504 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 50 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 281 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.  210 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീയാക്കി. പുതിയതായി ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 38 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ഇടുക്കിക്കും ആശ്വാസദിനം; പുതിയോ കോവിഡ് കേസുകളില്ല

സംസ്ഥാനത്ത് ഏറ്റവും കുറവ് രോഗികളുള്ള രണ്ടാമത്തെ ജില്ലയാണ് ഇടുക്കി. ജില്ലയിൽ ഇന്നും ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല. അതേസമയം രോഗം ബാധിച്ച ചികിത്സയിലായിരുന്ന ആർക്കും രോഗമുക്തിയും ലഭിച്ചട്ടില്ല. 49 പേരാണ് ഇടുക്കിയിൽ ചികിത്സയിലുള്ളത്.

പ്രവാസികളുടെ മടക്കം: ട്രൂ നാറ്റ് പരിശോധന വേണമെന്ന ആവശ്യം കേന്ദ്രം തള്ളി

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ തള്ളി കേന്ദ്ര സർക്കാർ. പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ട്രൂ നാറ്റ് കോവിഡ് പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ട്രൂ നാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ അത് സാധ്യമല്ലെന്നും കേന്ദ്രം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം മറുപടി നൽകിയത്.

കേരളം മുന്നോട്ടുവച്ച മറ്റൊരു ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. കോവിഡ് പോസിറ്റീവ് ആയവരെ മറ്റൊരു വിമാനത്തിൽ കൊണ്ടുവരാൻ സജ്ജീകരണമൊരുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇനി മുതല്‍ സംസ്ഥാനങ്ങളുടെ അനുമതി കൂടി തേടണമെന്ന പുതിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി സുപ്രധാനമാണെന്നും സംസ്ഥാനങ്ങളുടെ ആശങ്ക വിമാനം ഏര്‍പ്പെടുത്തുന്നവര്‍ പരിഹരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.