തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1300 കടന്നു. ഇന്ന് പുതിയതായി 79 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1366 ആയി. ഇന്ന് 60 പേർക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1234 ആയി. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്, 15 പേർക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 15
എറണാകുളം – 13
ആലപ്പുഴ – 7
തൃശ്ശൂർ – 7
കണ്ണൂർ – 7
പത്തനംതിട്ട – 6
പാലക്കാട് – 6
തിരുവനന്തപുരം – 4
കൊല്ലം – 4
കോട്ടയം – 4
കോഴിക്കോട് – 4
കാസർഗോഡ് – 2

രോഗം ഭേദമായത് 60 പേർക്ക്

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കോട്ടയം ജില്ലയില്‍ (ഒരു പത്തനംതിട്ട സ്വദേശി) നിന്നുള്ള 4 പേരുടെയും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, എറണാകുളം, കണ്ണൂര്‍ ജില്ലകയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,22,143 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,22,143 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,20,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

16 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി; സംസ്ഥാനത്ത് ആകെ 110 ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണ് പുതിയ ഹോട്ട് സ്‌പോട്ട്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കിയിട്ടുണ്ട്.

ഇന്ന് 16 പ്രദേശങ്ങളേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇതുവരെ 1,57,117 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 4003 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,18,893 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 4081 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 32,534 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 31,093 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,57,117 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആഴ്ചയിൽ ഒരിക്കൽ അണുനശീകരണം നടത്തണം: മന്ത്രി എ സി മൊയ്തീൻ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിൽ ഒരു തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ അണുനശീകരണം നടത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജില്ലയിലാകെയുളള മാർക്കറ്റുകളും പൊതുഇടങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസുകൾ, വൃത്തിക്കാവശ്യമായ ഫ്യൂമിക്കേറ്റർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സാധിക്കുമെങ്കിൽ വാങ്ങി ഉപയോഗിക്കണം. മഴക്കാലത്തെ വെളളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ആളുകളെ മാറ്റിപാർപ്പിക്കേണ്ടിവന്നാൽ ആവശ്യമായ കെട്ടിടസൗകര്യങ്ങൾ മുൻകൂട്ടി കണ്ടെത്താൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത്തല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കും. കോവിഡ് സെന്റർ ക്ലെയിമിന്റെ ഭാഗമായ തുക ലഭിക്കാനുളള പഞ്ചായത്തുകൾ വിശദമായ വിവരം ഡിഡി പഞ്ചായത്തിനെ അറിയിക്കണം. ഡിഡിപി ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ജില്ലാ കളക്ടർ എസ്.ഷാനവാസ്, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം സി റെജിൽ, ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ വി അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു. യോഗശേഷം മന്ത്രി എ സി മൊയ്തീൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ അണുനശീകരണം നടത്തിയ ശക്തൻ മാർക്കറ്റ് സന്ദർശിച്ചു.

തൃശൂർ ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ്; 12282 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെടെ ചൊവ്വാഴ്ച (ജൂൺ 16) രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയവരാണ്. അതേസമയം 3 പേർ രോഗമുക്തരായി.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12080 പേരും ആശുപത്രികളിൽ 202 പേരും ഉൾപ്പെടെ ആകെ 12282 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ജൂൺ 16) നിരീക്ഷണത്തിന്റെ ഭാഗമായി 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 911 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 1038 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.

തൃശൂരിലെ പച്ചക്കറി-മീൻ മാർക്കറ്റുകൾ അടച്ചു; കണ്ടെയ്‌ൻമെന്റ് സോണുകൾ കുറഞ്ഞു

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുമായി തൃശൂർ ജില്ല. നഗരത്തിലെ പച്ചക്കറി-മീൻ മാർക്കറ്റുകൾ അടച്ചു. ഇന്നും നാളെയും മാർക്കറ്റുകൾ തുറന്നുപ്രവർത്തിക്കില്ല. പ്രതിരോധ നടപടികളുടെ ഭാഗമായി മാർക്കറ്റുകളിൽ അണുനശീകരണം നടത്തും. അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. തൃശൂർ കോർപ്പറേഷൻ കണ്ടെയ്‌ൻമെന്റ് സോണിലാണ്. നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. മാർക്കറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ പൊലീസ് ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്.

coronavirus vaccine, കൊറോണ, മരുന്ന്, University of Hyderabad, കൊറോണയ്ക്ക് വാക്സിനേഷൻ, coronavirus, coronavirus updatem coronavirus update, education news, ie malayalam, ഐഇ മലയാളം

തൃശൂരിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു

ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന വടക്കേക്കാട് ആരോഗ്യകേന്ദ്രം വീണ്ടും തുറന്നു. ജീവനക്കാർ ഉൾപ്പെടെ 47 പേരുടെ സാംപിൾ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ആരോഗ്യകേന്ദ്രം വീണ്ടും തുറന്നത്. വടക്കേക്കാട്, അടാട്ട് ,തൃക്കൂർ പഞ്ചായത്തുകളെ കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിലെ സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കെഎസ്ആടിസി ഡ്രൈവറും മൊബൈൽ ഷോപ്പ് ഉടമയും

30 വയസുള്ള സ്ത്രീയും രണ്ടു വയസുള്ള കുഞ്ഞും. ഇരുവരും വർക്കല സ്വദേശികൾ. ചെന്നൈയിൽ നിന്ന് ഈ മാസം 14 ന് എത്തി.

40 വയസുള്ള തൃശൂർ സ്വദേശി, കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ. ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്നാട് അതിർത്തിയിലും എത്തിച്ച ബസിൽ ഡ്രൈവറായിരുന്നു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചു.

28 വയസുള്ള തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശിയായ ആൾക്കും രോഗം സ്ഥിരീകരിച്ചു. മെയ് 27 ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്ത് എത്തി. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ച സ്രവ പരിശോധന നടത്തി.

കോട്ടയത്ത് മൂന്ന് പേർക്ക് രോഗമുക്തി; നാല് പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ കോവിഡ് മുക്തരായ മൂന്നു പേര്‍ ആശുപത്രി വിട്ടു. ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍നിന്നെത്തിയ മുതുകുളം സ്വദേശിനി(34), മെയ് 29ന് സൗദി അറേബ്യയില്‍നിന്നെത്തിയ കൊടുങ്ങൂര്‍ സ്വദേശിനി(30), മെയ് 17ന് അബുദാബിയില്‍നിന്നെത്തിയ കുമരകം സ്വദേശിനി(40) എന്നിവരാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പുറമെ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിയും കോവിഡ് മുക്തനായി.

ജില്ലയില്‍ പുതിയതായി നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മെയ് 28ന് മുംബൈയില്‍നിന്നും എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശിനി(32), മസ്കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(45), മുംബൈയില്‍നിന്നും ജൂണ്‍ നാലിന് എത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആറുമാനൂര്‍ സ്വദേശിനി(29), പേരൂരിലെ വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശിനി(30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യപ്രവര്‍ത്തകയ്ക്കൊപ്പം മുംബൈയില്‍നിന്ന് എത്തിയ ഭര്‍ത്താവിന്‍റെയും മകന്‍റെയും സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇരുവരും ഹോം ക്വാറന്‍റയിനിലാണ്.

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് 54 പേരാണ് ചികിത്സയിലുള്ളത്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി നിലവില്‍ പത്തനംതിട്ട ജില്ലയിലാണുള്ളത്.

•ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

•ജൂൺ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസുള്ള ആലുവ സ്വദേശികൾ, 35 വയസുള്ള കുന്നുകര സ്വദേശി, അതേ വിമാനത്തിലെത്തിയ 40 വയസുള്ള ആയവന സ്വദേശി, അദ്ദേഹത്തിന്റെ 4 വയസ്സും, 6 വയസുമുള്ള കുട്ടികൾ. മെയ് 29 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 26 വയസുള്ള എളമക്കര സ്വദേശി, ജൂൺ 5 ന് ദോഹ-കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള കുന്നത്തുനാട് സ്വദേശി, ജൂൺ 4 ന് അബുദാബി-തിരുവനന്തപുരം വിമാനത്തിലെത്തിയ 53 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനി., മെയ് 31 ന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 26 ന് കുവൈറ്റ്-കരിപ്പൂർ വിമാനത്തിലെത്തിയ 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി എന്നിവർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

•മെയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി രോഗമുക്തി നേടി.

•ഇന്ന് 792 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 450 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11995 ആണ്. ഇതിൽ 10283 പേർ വീടുകളിലും, 505 പേർ കോവിഡ് കെയർ സെന്ററുകളിലും, 1207 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

പാലക്കാടിന് ആശ്വാസദിനം

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിൽ 13 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 139 ആയി.

ഇതുവരെ 14034 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 13200 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 289 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 260 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 328 സാമ്പിളുകളും അയച്ചു. ഇനി 834 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 49758 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 780 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8808 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണ 102 ആയി

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്.  ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 167 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 102 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.

പുതുതായി 878 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (16.06.20) പുതുതായി വന്ന 878 പേര്‍ ഉള്‍പ്പെടെ 11463 പേര്‍ നിരീക്ഷണത്തില്‍. 38,777 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ 195 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 113 പേര്‍ മെഡിക്കല്‍ കോളേജിലും 82 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 30 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 425 പേര്‍ ഉള്‍പ്പെടെ ആകെ 4113 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 466 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 3569 പേര്‍ വീടുകളിലും 78 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി കോവിഡ് വിമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്നലെ (ജൂണ്‍ 16) രോഗമുക്തരായി. മെയ് 27 ന് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി 56 വയസുകാരന്‍, ജൂണ്‍ രണ്ടിന് രോഗബാധിതനായി ചികിത്സയിലായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 35 വയസുകാരന്‍, ജൂണ്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച താഴേക്കോട് അരക്കുപറമ്പ് സ്വദേശി 44 വയസുകാരന്‍, ജൂണ്‍ അഞ്ചിന് രോഗബാധയെ തുടര്‍ന്ന് ഐസൊലേഷനിലായവരായ മമ്പാട് ഓമല്ലൂര്‍ സ്വദേശിനി 43 വയസുകാരി, മഞ്ചേരി മാരിയാട് വീമ്പൂരിലെ ആശ വര്‍ക്കറായ 48 വയസുകാരി, പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനി 33 വയസുള്ള വനിതാ ഡോക്ടര്‍, ജൂണ്‍ എട്ടിന് രോഗബാധിതനായി ചികിത്സയിലായ തിരുവനന്തപുരം പുലിയൂര്‍ക്കോണം സ്വദേശി 56 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 16) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ദമ്പതികൾ ചമഞ്ഞ് ക്വാറന്റെെൻ കേന്ദ്രത്തിൽ; ഒടുവിൽ യുവാവിനെ തേടി യഥാർഥ ഭാര്യയെത്തി

ദമ്പതികൾ ചമഞ്ഞ് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയ യുവാവിനും യുവതിക്കും എട്ടിന്റെ പണി. ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയ യുവാവും യുവതിയും നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തുകറങ്ങി നടന്നതാണ് പൊലീസ് കേസിലേക്ക് വഴിതെളിച്ചത്. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെയും യുവതിയെയും നാട്ടുകാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ക്വാറന്റൈൻ ലംഘനത്തിൽ ഇവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്‌തു. ഇതിനിടയിലാണ് യുവാവിന്റെ യഥാർഥ ഭാര്യ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയത്.

കോവിഡ്-19: സംസ്ഥാനത്തെ കോളേജുകളിൽ സീറ്റ് വർധിപ്പിച്ചു

സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്-19‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്കു പുറത്തുപോയി പഠിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 2020-21 അക്കാദമിക് വർഷത്തേക്കു മാത്രമാണ് ഈ ക്രമീകരണം.‌ പരിധി ഉയർത്തിയതോടെ ബിരുദ കോഴ്‌സുകളിൽ 10 മുതൽ 20 സീറ്റുവരെ വർധിക്കും. പരമാവധി സീറ്റ്‌ 70 വരെയാക്കാം. നിലവിൽ 50-60 സീറ്റാണുള്ളത്‌. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും വരെയാക്കാം. ഇതിനുള്ള അധികാരം കോളേജുകൾക്കായിരിക്കും. Read More

ന്യൂസിലൻഡിൽ വീണ്ടും കോവിഡ്​ സ്ഥിരീകരിച്ചു

ന്യൂസിലൻഡിൽ വീണ്ടും കോവിഡ് ബാധ. 24 ദിവസത്തിനുശേഷമാണ് രാജ്യത്ത് രണ്ടു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. യുകെയിൽനിന്നും മടങ്ങിയെത്തിയവർക്കാണ് രോഗബാധ കണ്ടെത്തിയത്. മൂന്നാഴ്ചയോളം പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരുന്നു. ന്യൂസിലൻഡിൽ ഇതുവരെ 1500 നടുത്ത് കോവിഡ് കേസുകളും 22 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്ന് കൂടുതൽ പേർ രാജ്യത്തേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഉയരാൻ ഇടയുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ മുന്നറിയിപ്പ് നൽകി. Read More

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.