സംസ്ഥാനത്ത് ആദ്യമായി 200ൽ അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമാണിന്ന്. ജൂൺ അഞ്ചിനാണ് സംസ്ഥാനത്ത് ആദ്യമായി ഒരുദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നെങ്കിലും പിന്നീടങ്ങോട്ട് രണ്ടാഴ്ചയോളം ഈ എണ്ണം രണ്ടക്കത്തിലൊതുങ്ങി. എന്നാൽ ജൂൺ 19ന് വീണ്ടും രോഗവ്യാപനം വർധിക്കാനാരംഭിച്ചു. 118 പേർക്കാണ് ജൂൺ 19ന് കോവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകളിൽ പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും തുടർന്നുള്ള എല്ലാ ദിവസങ്ങളിലും സംസ്ഥാനത്ത് നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ജൂൺ മൂന്നിന് ഈ എണ്ണം 200 കടക്കുകയും ചെയ്തു.
രോഗികളുടെ എണ്ണം വർധിക്കുന്നു എന്നതിന് പുറമേ കോവിഡുമായി ബന്ധപ്പെട്ട് മറ്റ് ഭീഷണികളിലൂടെ കൂടിയാണ് സംസ്ഥാനം കടന്നു പോവുന്നത്. സമ്പർക്കം വഴിയുള്ള രോഗവ്യാപനം വർധിക്കുകയാണ്. ഒപ്പം നഗരങ്ങളിലടക്കമുള്ള ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കാനുള്ള സാധ്യതയും ഭീഷണിയായി തുടരുന്നു. എറണാകുളത്തെ ചെല്ലാനം മത്സ്യബന്ധന തുറമുഖം അടച്ചിടാനും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ നിയന്ത്രണം കർശനമാക്കാനും ഇന്നും ഇന്നലെയുമായി സംസ്ഥാന സർക്കാരും അതത് പ്രാദേശിക ഭരണകൂടങ്ങളും തീരുമാനിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഒപ്പം ജാഗ്രത എന്നത്തേക്കാളും അനിവാര്യമായ സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala Covid Tracker: ഇന്ന് 211 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 201 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആവുകയും ചെയ്തു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നെത്തിയ 138 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 39 പേരും ഉൾപ്പെടുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറ് സിഐഎസ്എഫ് ജവാന്മാര്ക്കുകൂടി കോവിഡ് സ്ഥിരീകിരിച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 130 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർകോട് 7, പത്തനംതിട്ട 2, ഇടുക്കി 2, വയനാട് 1.
രോഗ മുക്തി നേടിയവർ
തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12.
കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തോളം
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരത്തോട് അടുത്തിരിക്കുകയാണ്. ഇതുവരെ 4,964 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2,098 പേർ ഉണ്ട്. 1,77,017 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,794 പേർ ആശുപത്രിയിൽ. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയ 10 ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ പുതുതായി ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോളി (കണ്ടൈന്‍മെന്റ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (8), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (2) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 130 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ടെസ്റ്റുകളുടെ എണ്ണം കൂട്ടും
സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇത് വരെ 2,53,011 പേർക്കാണ് റുട്ടീൻ, സെന്റിനൽ, സിബിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകൾ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 7306 സാമ്പിളുകൾ പരിശോധിച്ചു. 4966 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ളത് 2098 പേരാണ്. 2894 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസ് വഴി 53,922 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 51,840 നെഗറ്റീവായി.
ജാഗ്രത വേണ്ട സമയം
സംസ്ഥാനത്ത് ഇത് അതീവ ജാഗ്രത വേണ്ട സമയമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ 130 ആയി. പതിനാല് ജില്ലകളിലും രോഗബാധിതർ കൂടി. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്. ഈ അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണം എന്നതാണ്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്റെ ഫലമായാണ് ലോകത്തിന് തന്നെ മാതൃകയാകും വിധം ഇത് വരെ നമുക്ക് ഈ മഹാമാരിയെ പിടിച്ച് നിർത്താൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്ത് മടങ്ങിയെത്തിയവരെ ഒറ്റപ്പെടുത്തരുത്’
മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽനിന്നോ കേരളത്തിലേക്ക് മടങ്ങിയെത്തിയവരെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളെ മുഖ്യമന്ത്രി അപലപിച്ചു. “അന്യദേശങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിൽ ചിലർക്ക് ദുരനുഭവങ്ങളുണ്ടായി. ക്വാറന്റീനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിർത്തുക, ചികിത്സ കഴിഞ്ഞവർക്ക് വീട്ടിൽ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായി. കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബെംഗളുരുവിൽ നിന്ന് എത്തിയ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ യുവതിയും മക്കളും വീട്ടിൽ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവിൽ അവർ കളക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ വീട്ടിൽ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്.”- മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ നിലയ്ക്ക് ക്വാറന്റീന് പൂർത്തിയാക്കിയാൽ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിർത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയിൽ സംരക്ഷിക്കണം. റൂം ക്വാറന്റീന് ആണ് അവർക്ക് നിർദേശിച്ചത്. ഒരേ വീട്ടിൽ അങ്ങനെ നിരവധിപ്പേർ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്റെ പൊതുനിലയ്ക്ക് അപകീർത്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
‘കോവിഡ് രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കിയാണ് റൂം ക്വാറന്റീന് നിർദേശിച്ചത്. വീട്ടിലുള്ളവർ തന്നെ മാസ്ക് ധരിക്കുക, ശാരീരികാകലം പാലിക്കുക എന്നതൊക്കെ ഇതിന്റെ ഭാഗമാണ്. ക്വാറന്റീനില്‍ തുടരുന്നവരെ സഹായിക്കാൻ വാർഡ് തല കമ്മിറ്റികളും ദിശയും ഇ സഞ്ജീവനി ടെലിമെഡിസിൻ പദ്ധതിയുമുണ്ട്. രോഗം ഭേദമായാൽ പിന്നെ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തിയവരെ മാറ്റി നിർത്തരുത്. ഇത് തെറ്റായ ധാരണയാണ്. ഇവർക്ക് ആരോഗ്യം ശരിയായി വീണ്ടെടുക്കാൻ സഹായം വേണം,’- മുഖ്യമന്ത്രി പറഞ്ഞു.
“എവിടെയാണ് മനുഷ്യത്വം. സാധാരണ നിലയ്ക്ക് ക്വാറന്റൈനില്‍ കഴിഞ്ഞ് മറ്റ് അപകടങ്ങള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുവായ നിലയ്ക്ക് അപകീര്‍ത്തികരമാണ് എന്നത് അത്തരം ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താന്‍ സമൂഹം സ്നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടറിയേറ്റില്‍ കര്‍ശന നിയന്ത്രണം; മുഖ്യമന്ത്രിയുമായി ഇടപഴകുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കരുത്
തിരുവനന്തപുരം നഗരത്തില്‍ കോവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലും മുന്‍കരുതലുകള്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വരുന്ന സന്ദര്‍ശകര്‍ അവശ്യമായ രേഖകള്‍ കാണിച്ചാല്‍ മാത്രം പ്രവേശനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെയോ ലിഖിതമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേരു വിവരങ്ങള്‍ പ്രവേശന കവാടത്തില്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും.
സെക്രട്ടറിയേറ്റിനുള്ളില്‍ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. ജീവനക്കാര്‍ സാമൂഹിക അകലം പാലിക്കണം. യാതൊരു കാരണവശാലും കൂട്ടംകൂടി നില്ക്കാന് പാടുള്ളതല്ല.
ജീവനക്കാര്‍ അവരവരുടെ സെക്ഷനുകളില്‍ മാത്രം ഒതുങ്ങി ജോലി ചെയ്യണം. അനാവശ്യമായി മറ്റു വകുപ്പുകളില്‍ സന്ദര്‍ശനം നടത്തരുത്.
ജീവനക്കാര്‍ ക്യാമ്പസില്‍ നിന്നും പുറത്തുപോകുന്നതും സാമൂഹ്യ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതും ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
ഔദ്യോഗിക യോഗങ്ങള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിമിതമായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി കൂടണം. പരമാവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കണം.
ഇന്റര്‍വ്യൂകള്‍, ഔദ്യോഗിക ഹിയറിങ്ങുകള്‍ തുടങ്ങിയയ്ക്ക് വീഡിയോകോള്‍ അടക്കമുള്ള ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കണം.
ഔദ്യോഗിക യോഗങ്ങളില്‍ ചായ, ലഘുഭക്ഷണം എന്നിവയുടെ വിതരണം ഒഴിവാക്കണം.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ജീവനക്കാര്‍ പൊതുഗതാഗത സംവിധാനം കഴിയുന്നതും ഒഴിവാക്കി സ്വകാര്യ വാഹനങ്ങളില്‍ ഓഫീസില്‍ എത്തണം.
സര്‍വീസ് സംഘടനകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഫിസിക്കല്‍ ഫയല്‍ ഒഴിവാക്കി ഇ-ഫയല്‍ സംവിധാനം ഉപയോഗിക്കണം.
ലിഫ്റ്റില്‍ ഓപറേറ്റര്‍ അടക്കം ഒരു സമയത്ത് നാലുപേരില്‍ കൂടുതല്‍ പാടില്ല. ലിഫ്റ്റുകള്‍, കൈവരികള്‍, വാഷ്റൂം, വാതില്പിടികള് എന്നിവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാന്‍ ഹൗസ് കീപ്പിങ് വകുപ്പ് ശ്രദ്ധിക്കണം.
ജീവനക്കാര്‍ കോവണിപ്പടി ഉപയോഗിക്കുമ്പോള്‍ കൈവരിയില്‍ സ്പര്‍ശിക്കരുത്. എല്ലാ വാഷ് ബേസിനുകളിലും വാഷ് റൂമുകളിലും സോപ്പിന്റെ ലഭ്യത ഉറപ്പാക്കേണ്ടതും അണുമുക്തമാക്കേണ്ടതും പൊതുഭരണ (ഹൗസ് കീപ്പിങ്) വകുപ്പ് ശ്രദ്ധിക്കണം. ജീവനക്കാര്‍ ഇരിക്കുന്ന സ്ഥലവും പരിസരവും സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരിക്കണം.
പ്രാദേശിക വാർത്തകൾ
കൊച്ചിയിൽ അതീവ ജാഗ്രത; ചെല്ലാനം ഹാർബർ അടച്ചു
കൊച്ചി: കോവിഡ് വ്യാപന ഭീഷണിയെത്തുടർന്ന് കൊച്ചി നഗരത്തിൽ അതീവ ജാഗ്രത. കൊച്ചി കോർപറേഷൻ പരിധിയിൽ മാത്രം 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രം 72 പേരെ കോവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ അതീവ ശ്രദ്ധ ആവശ്യമാണെന്ന് മേയർ സൗമിനി ജെയിൻ വ്യക്തമാക്കി.
കോർപറേഷന് പുറമേ ചെല്ലാനം ഗ്രാമ പഞ്ചായത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കും. ചെല്ലാനത്തെ പതിനഞ്ചാം വാർഡ് പൂർണമായും പതിനാറാം വാർഡ് ഭാഗികമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ചെല്ലാനം ഹാർബർ പൂർണമായും അടച്ചു. ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾ മറ്റു ഹാർബറുകളിൽ പോവരുതെന്നും നിർദേശമുണ്ട്.
ചെല്ലാനത്തെ ക്വർട്ടീന ആശുപത്രി അടച്ചിടുകയും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ഐസൊലേഷനിൽ പോവുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശം നൽകി. മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചെല്ലാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
തിരുവനന്തപുരത്ത് ഉറവിടമറിയാതെ 20 രോഗികൾ
ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കൂടുതൽ ജാഗ്രത. ജില്ലയില്‍ അഞ്ച് മേഖലകളെക്കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും അണുനശീകരണം ആരംഭിക്കുകയും ചെയ്തു.
പാളയത്തെ സാഫല്യം കോംപ്ലക്സ് ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്-17, വഴുതൂര്‍, ബാലരാമപുരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്-തളയല്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ്-66, പൂന്തുറ, വാര്‍ഡ്-82, വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍-27 കൂടാതെ പാളയം വാര്‍ഡ് എന്നിവയാണ് കളക്ടര്‍ നവജോത് ഖോസ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്.
അതേ സമയം തിരുവനന്തപുരം ജില്ലയിൽ ജില്ലയിൽ ഇന്ന് 17 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നഗരൂർ, ചെമ്മരുത്തുമല സ്വദേശിയായ 46 വയസുള്ള എസ്.എ.പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ജോലി ചെയ്തിരുന്നു. പൂന്തുറയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവനായ പരുത്തിക്കുഴി സ്വദേശിയായ 38കാരന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പാറശ്ശാല, കോഴിവിള സ്വദേശിനിയായ 25കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 24ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നെയ്യാറ്റിൻകര, ആർ.സി. സ്ട്രീറ്റ് സ്വദേശി 47കാരനും ഇദ്ദേഹത്തിന്റെ ഒരുവയസുള്ള മകനും ഏഴു വയസുള്ള മകൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 29ന് യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്നാട് കുറ്റാലം സ്വദേശിയായ 30 കാരൻ. സൗദി അറേബ്യയിൽ നിന്നെത്തിയ ചെമ്മരുതി, ശ്രീനിവാസപുരം സ്വദേശിയായ 45 കാരൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തിയ കന്യാകുമാരി, തിരുവെട്ടാർ സ്വദേശിയായ 49 കാരൻ. ജൂൺ 29ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ തമിഴ്നാട് സ്വദേശിയായ 27കാരൻ. ജൂൺ 16ന് ജമ്മു കശ്മീരിൽ നിന്ന് നാട്ടിലെത്തിയ വെള്ളനാട് സ്വദേശിയായ 31 വയസുള്ള സി.ആർ.പി.എഫ് ജവാൻ. ജൂൺ 30ന് ചെന്നൈയിൽ നിന്ന് റോഡുമാർഗം നാട്ടിലെത്തിയ തിരുമല സ്വദേശിയായ 27കാരൻ. ദമാമിൽ നിന്നെത്തിയ തോണിപ്പാറ, ഹരിഹരപുരം, അയിരൂർ സ്വദേശിയായ 53 കാരൻ. ദുബായിൽ നിന്നെത്തിയ നേമം സ്വദേശിയായ 36 കാരൻ, ദുബായിൽ നിന്നെത്തിയ കാട്ടാക്കട കുളത്തുമ്മൽ സ്വദേശിയായ 52 കാരൻ എന്നിവർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലക്കാരായ രണ്ടുപേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നും കരിപ്പൂരെത്തിയ നെടുമങ്ങാട് സ്വദേശിയായ 31 കാരൻ, സൗദി അറേബ്യയിലെ ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വർക്കല ശ്രീനിവാസപുരം സ്വദേശി 36 കാരൻ എന്നിവരാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ.
അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഇവിടെ ഉണ്ടാകരുത്
തിരുവനന്തപുരം നഗരത്തിൽ രോഗം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമല്ലാത്ത ഒരു യാത്രയും അവിടെയുണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.” തിരുവനന്തപുരത്ത് വിവിധ തുറകളിൽ പെട്ട നിരവധിയാളുകൾ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരൻ, വഞ്ചിയൂർ ലോട്ടറി വിൽപന നടത്തിയ ആൾ, മത്സ്യക്കച്ചവടക്കാരൻ എന്നിവര്‍ നിരവധിപ്പേരുമായി സമ്പർക്കത്തിലേർപ്പെടുന്നവരാണ്. തിരുവനന്തപുരത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകേണ്ടതുണ്ട്, അതുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിൽ കർശന നിയന്ത്രണം ഉണ്ടാകും. ഇ ഫയൽ ഉപയോഗം കൂട്ടും. സർക്കാർ ഓഫീസുകളിലെ സന്ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്നും വ്യക്തമാക്കി.
പൊന്നാനി താലൂക്കിൽ 989 സാമ്പിളുകൾ പരിശോധിച്ചു
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ 989 സാമ്പിളുകൾ പരിശോധിച്ചു. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ 5 പഞ്ചായത്തുകളിലെ 308 പേരുടെയും ഫലം പരിശോധിച്ചു. ഇതിൽ 3 പേരുടെ ഫലം പോസിറ്റീവാണ്.
അതേസമയം, മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.
ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി(36), എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയനായ എടപ്പാള്‍ അയിലക്കാടുള്ള ഒരു വയസുകാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂണ്‍ 18 ന് ബംഗലൂരുവില്‍ നിന്നെത്തിയ കാടാമ്പുഴ സ്വദേശി(25), ജൂണ്‍ 26 ന് ബംഗലൂരുവില്‍ നിന്നെത്തിയ പടപ്പറമ്പ് കണ്ണമംഗലം സ്വദേശി(60), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(46) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
ജൂണ്‍ 12 ന് ദുബൈയില്‍ നിന്നെത്തിയ കന്മനം തെക്കുംമുറി സ്വദേശിനി(30), ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(47), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആലുങ്കല്‍ സ്വദേശി(53), ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ കൊണ്ടോട്ടി തുറക്കല്‍ സ്വദേശി(24), ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ പൊന്മുണ്ടം സ്വദേശിനി(19), ജൂണ്‍ 27 ന് ദുബൈയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി(52), കുടുംബാഗം കൂടിയായ 46 വയസുകാരി, ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ താനൂര്‍ പരിയാപുരം സ്വദേശി(33), ജൂണ്‍ 18 ന് ദുബൈയില്‍ നിന്നെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശിനി(24), ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ മങ്കട സ്വദേശി(30), ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നും ഒരുമിച്ചെത്തിയ മുതുവല്ലൂര്‍ സ്വദേശിനി 47 വയസുകാരി, 55 വയസുകാരന്, ജൂണ്‍ 12 ന് ഷാര്‍ജയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി(31), ജൂണ്‍ 18 ന് ദോഹയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(24), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ ഷാപ്പുംകുന്ന് സ്വദേശിനി(33), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(33), ജൂലൈ ഒന്നിന് കുവൈത്തില്‍ നിന്നെത്തിയ പോത്തുകല്ല് നെല്ലിമുറ്റം സ്വദേശി(32) എന്നിവര്‍ക്കാണ് വിദേശങ്ങളില്‍ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 29 ന് റിയാദില്‍ നിന്നും ഒരേ വിമാനത്തിലെത്തിയ വലിയോറ കച്ചേരിപ്പടി സ്വദേശി (42), താഴേക്കോട് അരക്കുപ്പറമ്പ് സ്വദേശി(26), ജൂണ്‍ 30 ന് റിയാദില്‍ നിന്നെത്തിയവരായ പുല്‍പ്പറ്റ കാരാപറമ്പ് സ്വദേശി(34), കീഴാറ്റൂര്‍ സ്വദേശി(60), ഊരകം കീഴ്മുറി സ്വദേശി(37), ജൂണ്‍ 30 ന് ജിദ്ദയില്‍ നിന്നെത്തിയവരായ കുറ്റിപ്പുറം നടുവട്ടം സ്വദേശി(46), വെന്നിയൂര്‍ സ്വദേശി(39), കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി(26) എന്നിവരാണ് മലപ്പുറം ജില്ലക്കാരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒമാനില്‍ നിന്നെത്തിയ 49 വയസുകാരന്, യു.എ.ഇയില്‍ നിന്നെത്തിയവരായ 52 വയസുകാരന്, 40 വയസുകാരന്, 27 വയസുകാരന് എന്നിവര്‍ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
കൊല്ലം ജില്ലയില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൊല്ലം ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 17 പേര് വിദേശത്തു നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. തേവലക്കര അരിനല്ലൂര്‍ സ്വദേശികളായ 34 ഉം 48 ഉം വയസുള്ള വനിതകള്‍, ഒന്‍പത് വയസുള്ള പെണ്‍കുട്ടി, 60 വയസുള്ള പുരുഷന്, ഇടമണ്‍ സ്വദേശിനികളായ വനിതകള്‍(33), (26), അഞ്ചല്‍ ചോരനാട് സ്വദേശി(36 വയസ്), തലവൂര്‍ ആവണീശ്വരം നെടുവന്നൂര്‍ സ്വദേശി(58), ശൂരനാട് വെസ്റ്റ് പാലക്കടവ് സ്വദേശി(48), ചിറ്റുമല ഈസ്റ്റ് കല്ലട സ്വദേശി(32), പവിത്രേശ്വരം തെക്കുംപുറം സ്വദേശി(54), പുനലൂര്‍ ചാലിയക്കാവ് സ്വദേശി(57), കൊട്ടാരക്കര വാളകം സ്വദേശി(47), ഈസ്റ്റ് കല്ലട സ്വദേശി(58), കാഞ്ഞാവെളി സ്വദേശി(28), പുനലൂര്‍ ഇളമ്പല്‍ സ്വദേശി(43), പുത്തനമ്പലം സ്വദേശി(32), തേവലക്കര പാലക്കല്‍ സ്വദേശി(30), തേവലക്കര സ്വദേശി(51), ഓടനാവട്ടം സ്വദേശി(32), ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശി(52) അഞ്ചല്‍ വയല സ്വദേശി(31), കല്ലേലിഭാഗം സ്വദേശി(42) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തൃശൂർ കോർപറേഷൻ 36, 48 ഡിവിഷനുകളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം നീക്കി
കോവിഡ് 19 രോഗവ്യാപനസാധ്യത നിയന്ത്രണ വിധേയമായതിനെ തുടർന്ന്, തൃശൂർ കോർപറേഷനിലെ 36, 48 ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. അതേസമയം കോർപറേഷനിലെ 35, 39, 49, 51 എന്നീ നാല് ഡിവിഷനുകളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും. കൂടാതെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ എഴ്, എട്ട്, 11, 12 എന്നീ നാലു വാർഡുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ എഴ് വാർഡുകളിലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും. ജൂൺ 24, 26, ജൂലൈ ഒന്ന് തീയതികളിലെ ഉത്തരവിൻ പ്രകാരമാണ് ഇവ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
ജില്ലയിൽ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ 20 ന് റിയാദിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (29, പുരുഷൻ), ജൂൺ 18 ന് ദുബായിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38, പുരുഷൻ), ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന ആരക്കുളം സ്വദേശി (31, സ്ത്രീ), സൗദിയിൽ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷൻ), യുഎഇയിൽ നിന്ന് വന്ന 34 വയസ്സുളള പുരുഷൻ, 64 വയസ്സുളള പുരുഷൻ, ഒമാനിൽ നിന്ന് വന്ന 64 വയസ്സുളള പുരുഷൻ, ജൂൺ 23 ന് ബഹ്റൈനിൽ നിന്ന് വന്ന ഒരുമനയൂർ സ്വദേശി (35, പുരുഷൻ), ജൂൺ 29 ന് കുവൈറ്റിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (63, പുരുഷൻ), ജൂൺ 12 ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന മേലൂർ സ്വദേശി (26, പുരുഷൻ), ബംഗളുരൂവിൽ നിന്ന് വന്ന പൂത്തോൾ സ്വദേശി (26, പുരുഷൻ), ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശികളായ രണ്ട് പേർ (47 , സ്ത്രീ, 21, സ്ത്രീ), ജൂൺ 27 ന് ഡൽഹിയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷൻ, 53, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസലറുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസ്സായ ആൺകൂട്ടി എന്നിവരടക്കം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആലപ്പുഴയിൽ 21പേർക്ക് രോഗബാധഝ
ആലപ്പുഴ ജില്ലയിൽ ഇന്ന് 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേർ. ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ ,54വയസുകാരൻ , രണ്ടു യുവാക്കൾ, രണ്ടു യുവതികൾ, മൂന്നു പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവർ ഇതിലുൾപ്പെടുന്നു. ആറാട്ടുപുഴ സ്വദേശിനിയായ ഗർഭിണിയായ യുവതിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
ജമ്മുവിൽ നിന്നും വിമാനത്തിൽ 20/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 46വയസുള്ള പത്തിയൂർ സ്വദേശി, ചെന്നൈയിൽ നിന്നും 11/6ന് സ്വകാര്യവാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കണ്ടല്ലൂർ സ്വദേശിയായ യുവാവ്, മസ്കറ്റിൽനിന്ന് 19/6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിനിയായ യുവതി, കാശ്മീരിൽ നിന്നും 16/6ന് വിമാനമാർഗം കൊച്ചിയിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും 19/6ന് തിരുവനന്തപുരത്തെത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 60വയസുള്ള നൂറനാട് സ്വദേശി, തമിഴ്നാട്ടിൽനിന്നും സ്വകാര്യ വാഹനത്തിൽ 12/6 ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂർ സ്വദേശിനിയായ യുവതി, കുവൈറ്റിൽ നിന്ന് 13/6 ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും 30/ 6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കലവൂർ സ്വദേശി, ദമാമിൽ നിന്ന് 30/6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പാണാവള്ളി സ്വദേശിയായ യുവാവ് എന്നിവർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട്ടെ മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും ആളുകളെ നിയന്ത്രിക്കും
കോഴിക്കോട് ജില്ലയില്‍ ഉറവിടമറിയാത്തതടക്കം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകള്ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും എത്തുന്ന ആളുകളെ നിയന്ത്രിക്കും. ഇവിടങ്ങളില്‍ ബാരിക്കേഡുകള്‍ വച്ച് പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. ആളുകളെ പരിമിതപ്പെടുത്തി മാത്രം ഉള്ളിലേക്ക് കയറ്റിവിടുകയുള്ളുവെന്ന് കലക്ടര്‍ പറഞ്ഞു.
അതേസമയം, കോഴിക്കോട് ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ 92 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- ബാലുശ്ശേരി സ്വദേശി (30) ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് വിമാന മാര്‍ഗ്ഗം കണ്ണൂര്‍ എയര്പ്പോര്ട്ടിലെത്തി . സഹപ്രവര്ത്തകന് പോസിറ്റീവ് ആയതിനാല്‍ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . ജൂണ്‍ 30 ന് സ്രവ പരിശോധന നടത്തി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ് .
- കൊളത്തറ സ്വദേശി (26) ഇദ്ദേഹം കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടം നടത്തി വരുന്നു . ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം കാസര്‍ഗോഡ് പോയി തിരിച്ച് വീട്ടിലെത്തി ജൂണ്‍ 28 ന് പനിയെ തുടര്‍ന്ന് കുടുംബ ഡോക്ടറെ സമീപിച്ചു . ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു . ജൂലൈ 2 ന് മറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ സ്വന്തം വാഹനത്തില്‍ സ്വകാര്യ ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് എടുത്തു . വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ് . എല്‍ ടി സിയിലേക്ക് മാറ്റി .
- പുതുപ്പാടി സ്വദേശി (35) ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു . കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധന പ്രകാരം ജൂണ്‍ 30 ന് സ്രവം പരിശോധനയ്ക്കെടുത്തു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ് , എല്‍.ടി.സിയിലേക്ക് മാറ്റി .
- കടലുണ്ടി സ്വദേശിനി (50 ) ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കാട് എത്തി . കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു . കൂടെ വന്ന ആള് പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 30 ന് സ്രവം പരിശോധനയ്ക്കെടുത്തു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍ ടി സിയിലേക്ക് മാറ്റി .
- ചാത്തമംഗലം സ്വദേശികളായ അമ്മയും(26) മകനും ( 01) ജൂണ്‍ 30 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു . ഗവ . സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍. ടി , സി യിലേക്ക് മാറ്റി .
- വളയം സ്വദേശി (55) ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ . സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയ തിനാല്‍ അവിടെ ചികിത്സയിലാണ് .
- ഏറാമല സ്വദേശി (48) ജൂണ്‍ 26 ന് ട്രെയിന്‍ മാര്‍ഗ്ഗം കണ്ണൂര്‍ റെയില്‍വേസ്റ്റേ ഷനിലെത്തി . ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . ജൂണ്‍ 30 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ . സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയ്ക്ക് നല്കി . വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി .
- ഒഞ്ചിയം സ്വദേശി (42) ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . സ്വാകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനയുടെ ഭാഗമായി ജൂണ്‍ 30 ന് വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് നല്കി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍ , ടി.സിയിലേക്ക് മാറ്റി .
- കിഴക്കോത്ത് സ്വദേശി (35) ജൂണ്‍ 30 ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനാല്‍ സ്രവം പരിശോധന യ്ക്കെടുത്തു . ഗവ.സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ് . എല്‍.ടി.സിയിലേക്ക് മാറ്റി .
- തൂണേരി സ്വദേശിനി (25) കോവിഡ് പോസീറ്റീവായ രണ്ട് വയസുള്ള മകളുടെ അമ്മ . ജൂണ്‍ 19 ന് മസ്കറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . മകള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 25 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . ജൂണ്‍ 30 ന് ഇവരുടെ സ്രവ പരിശോധന നടത്തി . പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .
- മടവൂര്‍ സ്വദേശി (31) ജൂണ്‍ 26 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴി ക്കോട് എത്തി . സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . ജൂണ്‍ 30 ന് രോഗലക്ഷണത്തെ തുടര്‍ന്ന് ഗവ . സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . സ്രവം പരിശോധന നടത്തി ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .
- കൊടിയത്തൂര്‍ സ്വദേശി (47) ജൂണ്‍ 18 ന് ദുബൈയില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തി . ഗവ . സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടിയിലെത്തി . സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . ജൂണ്‍ 30 ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ ബീച്ച് ആശുപ്രതിയിലെത്തി . സ്രവം പരിശോധന നടത്തി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി .
- അഴിയൂര്‍ സ്വദേശി(41) ജൂണ്‍ 30ന് വിമാനമാര്‍ഗം അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നു എറണാകുളം രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ ഇ-ഹെല്‍ത്ത് പ്രോഗ്രാം
കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ 3000 പേരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കലക്ടറേറ്റില്‍ നടന്ന ജില്ലാതല കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും. മറ്റുരോഗങ്ങളുടെ ചികിത്സയോടൊപ്പം കോവിഡ് ഗുരുതര കേസുകള്‍ക്ക് മാത്രം മെഡിക്കല്‍ കോളേജ് ആശുപത്രി ഉപയോഗപ്പെടുത്തും. മറ്റു കോവിഡ് രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലായിരിക്കും ചികിത്സിക്കുക. മഴക്കാലമായതിനാല്‍ ആശുപത്രികളിലെ ഒ.പി തിരക്ക് നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് പ്രോഗ്രാം ഉടന്‍ നടപ്പിലാക്കും.രോഗികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചികിത്സ ലഭ്യമാക്കും. എല്ലാവരും ടെലി മെഡിസിന് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ 25 ആശുപത്രികളെ ബന്ധപ്പെടുത്തി ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കും. സജ്ജീകരണചെലവിലേക്കായി എം.എല്‍.എമാര്‍ 25 ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് 14 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽനിന്നുള്ള 14 പേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടി. എറണാകുളത്ത് ചികിത്സയിലുള്ള നാലുപേരെ ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 191 ആകും. ഇവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും നാല് പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം, നാല് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേരാണ് സമ്പർക്കത്തെത്തുടർന്ന് കോവിഡ് ബാധിച്ചവർ. തച്ചനാട്ടുകര സ്വദേശികളായ രണ്ടുപേർക്കാണ് (32, 52 സ്ത്രീകൾ) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.. സൗദിയിൽ നിന്നും വന്ന് ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിയും മാതാവും ആണ് ഇവർ.
കുവൈത്തിൽ നിന്നു വന്ന നാഗലശ്ശേരി സ്വദേശി (21 പുരുഷൻ), ദുബായിൽ നിന്നു വന്ന എലപ്പുള്ളി സ്വദേശി (46 പുരുഷൻ), തിരുമിറ്റക്കോട് സ്വദേശി (38 പുരുഷൻ), കുവൈത്തിൽ നിന്നു വന്ന പട്ടഞ്ചേരി സ്വദേശി (25 പുരുഷൻ), സൗദിയിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി, പെരിമ്പടാരി സ്വദേശി(32 പുരുഷൻ), കുഴൽമന്ദം സ്വദേശി (28 പുരുഷൻ), മണപ്പുള്ളിക്കാവ് സ്വദേശി (51 പുരുഷൻ), ആലത്തൂർ സ്വദേശി (45 പുരുഷൻ), പഴയ ലക്കിടി സ്വദേശി (30 പുരുഷൻ), ഖത്തറിൽ നിന്നു വന്ന കുഴൽമന്ദം സ്വദേശി (45 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (37 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്
വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ജൂൺ 29 ന് സൗദി അറേബ്യയിൽ നിന്ന് കോഴിക്കോട് എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ കോഴിക്കോട് ജില്ലയിൽ ഒരു സ്ഥാപനത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
നിലവിൽ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.
കാസർഗോഡ് ജില്ലയിലെ കടകളുടെ പ്രവർത്തന സമയം രാവിലെ 5 മുതല്‍ രാത്രി 9 വരെ
കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളുടെ പ്രവൃത്തി സമയം രാവിലെ അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയാക്കാൻ തീരുമാനിച്ചു. കളക്ടറേറ്റില്‍ നടന്ന കോവിഡ് പ്രതിരോധ അവലോകന യോഗത്തിലാണ് തീരുമാാനം. ഹോട്ടലുകള്‍ ഷട്ടര്‍ താഴ്ത്തിയിട്ട് ശുചിയാക്കാം. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കർഫ്യു തുടരും. ഈ സമയങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.\
അതേസമയം, ജില്ലയിൽ വിദേശത്ത് നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. കോഴിക്കോട്,കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ എത്തിയ ചില ആളുകള്‍ രജിസ്ററര്‍ ചെയ്യാതെ നാട്ടിലെത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിടുണ്ട്. അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റീന് സെന്ററുകളില്‍ നാശ നഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസ്സെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.