സംസ്ഥാനത്ത് നൂറ്റമ്പതിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പ്രത്യാശ നല്കുന്ന ദിവസം കൂടിയായിരുന്നു ഇന്ന്. ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിതർ രോഗമുക്തി നേടിയ ദിവസമാണിത്. ചികിത്സയിലിരുന്ന 202 പേർക്കാണ് ഇന്ന് നെഗറ്റീവ് ഫലം ലഭിച്ചത്. 160 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. കോവിഡ് നിർണയ പരിശോധനകളുടെ എണ്ണം ഇന്നുമുതൽ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 7,589 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.
രണ്ടാഴ്ചയായി സംസ്ഥാനത്ത് നൂറിലധികം കോവിഡ് കേസുകൾ പ്രതിദിനം സ്ഥിരീകരിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും വർധിക്കുന്നു. ഇതിനിടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചെന്ന വാർത്തയും പുറത്തുവന്നു. ഷാർജയിൽ ചികിത്സിച്ച് രോഗം ഭേദമായി തിരിച്ചുവന്ന കോട്ടയം സ്വദേശിയായ 27 വയസ്സുകാരിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
വിശദമായി വായിക്കാം: കോട്ടയത്ത് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ്, ആശങ്ക
നഗരങ്ങളിലെ രോഗ വ്യാപനമാണ് ഭീഷണി ഉയർത്തുന്ന കാര്യം. കൊച്ചി നഗരത്തിൽ കോവിഡ് വ്യാപനമുണ്ടായാൽ സ്ഥിതി വഷളാവുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.
ഉറവിടമറിയാത്ത കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ വലിയ നഗരങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കുന്ന അവസ്ഥയിലേക്ക് പോവാതിരിക്കാൻ അതിയായ ജാഗ്രത അനിവാര്യമാണ്.
Kerala Covid Tracker: ഇന്ന് 160 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്ക് വീതവും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. യുഎഇ- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- നാല്, മാള്‍ഡോവ- ഒന്ന്, ഐവറി കോസ്റ്റ്- ഒന്ന് എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര-10, തമിഴ്നാട്- എട്ട്, കര്‍ണാടക- ആറ്, പഞ്ചാബ്- ഒന്ന്, ഗുജറാത്ത്- ഒന്ന്, പശ്ചിമബംഗാള്‍- ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍.
ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്
പത്തനംതിട്ട ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് 27 പേർക്കും പാലക്കാട് 18 പേർക്കും ആലപ്പുഴയിൽ പതിനാറ് പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒൻപത് പേർക്ക് വീതവും കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി- 8, കോഴിക്കോട്-7, കാസര്‍ഗോഡ്-5, വയനാട്-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
സംസ്ഥാനത്ത് 2,088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,638 പേര് ഇതുവരെ കോവിഡ് മുക്തരായി.
രോഗ മുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ രോഗമുക്തി നേടിയത്. ഒരു പാലക്കാട് സ്വദേശിയടക്കം 57 പേർക്കാണ് ഇന്ന് ജില്ലയിൽ നെഗറ്റീവ് ഫലം ലഭിച്ചത്. പാലക്കാട് ജില്ലയിലും ഇന്ന് അൻപതിലധികം കോവിഡ് ബാധിതർ രോഗമുക്തരായി. 53 പേർക്ക് ഇന്ന് നെഗറ്റീവ് ഫലം ലഭിച്ചു.
കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. തിരുവനന്തപുരത്ത് 15 പേർക്ക് നെഗറ്റീവ് ഫലം ലഭിച്ചു. കണ്ണൂരിൽ എട്ട് കാസർഗോഡ് സ്വദേശികളടക്കം 14 പേർക്കും ഇടുക്കി ജില്ലയില്‍ 13 പേർക്കും എറണാകുളത്ത് ഒരു ആലപ്പുഴ സ്വദേശിയടക്കം 11 പേർക്കും നെഗറ്റീവ് ഫലം ലഭിച്ചു. തൃശൂര്‍- 8, ആലപ്പുഴ- 7-, കോട്ടയം-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നെഗറ്റീവ് ഫലം ലഭിച്ചവർയ. ആയത്.
പരിശോധന വർധിപ്പിച്ചു
സംസ്ഥാനത്ത് കോവിഡ് നിർണയ പരിശോധനകളുടെ എണ്ണം ഇന്നുമുതൽ വർധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,589 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 2,46,799 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാംപിളുകൾ ശേഖരിച്ചതില്‍ 50,002 സാപിളുകൾ നെഗറ്റീവ് ആയി.
മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തുകയും മൂന്നെണ്ണത്തെ ഒഴിവാക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കോര്പ്പറേഷൻ (ഡിവിഷൻ: 56, 62, 66), ഒളവണ്ണ (വാർഡ് 9), കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (വാർഡ് 3, 26, 31), എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട്സ്പോട്ടുകളാണ് ആകെയുള്ളത്.
1,78,099 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 1,75,111 പേര് വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലോ ആണ്. 2,988 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം
ഉറവിടമറിയാത്ത രണ്ട് കോവിഡ് കേസുകൾ കൂടി വ്യാഴാഴ്ച്ച റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങൾ കർശനമാക്കി.
പാളയം സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാളയം സാഫല്യം കോപ്ലക്സ് ഒരാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.
മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിന് സമീപത്തുള്ള പാളയം മാർക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താൽക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമുണ്ടാകും.
ആൾക്കൂട്ടം കുറക്കുന്നതിനായി ചാല,പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും,മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു. ആൾക്കൂട്ടമുണ്ടാകുന്ന ബസ് സ്റ്റോപ്പുകൾ,ഓഫീസുകൾ,അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തും. ഇതിനായി പൊലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും.
കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും. ബുധനാഴ്ച്ച പൂന്തുറയിലുള്ള മത്സ്യ തൊഴിലാളിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ബീമാപള്ളി ഹോസ്പിറ്റൽ ക്വാറന്റെയിൻ സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്.
തീരദേശ മേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇൻസ്റ്റിട്യൂഷൻ ക്വാറന്റെയിൻ സെന്ററുകൾ കൂടി ആരംഭിക്കുമെന്നും മേയർ പറഞ്ഞു. തീരദേശ മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ നടത്തുന്ന സമരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു.
- Read More: തിരുവനന്തപുരത്ത് ലോട്ടറി വിൽപ്പനക്കാരനു കോവിഡ്; നഗരത്തിൽ നിയന്ത്രണം കർശനമാക്കുമെന്ന് മേയർ
കൊച്ചിയില്‍ രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് വിഎസ് സുനിൽ കുമാർ
കൊച്ചി നഗരത്തിൽ സമ്പർക്ക വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകൾ റിപ്പോര്‍ട്ട്
ചെയ്തതിനെത്തുടർന്നുള്ള ആശങ്ക തുടരുകയാണ്. നഗരത്തിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് വി എസ് സുനില്‍കുമാര്‍ മുന്നറിയിപ്പ് നല്കി.
നിലവിലെ സാഹചര്യത്തിൽ കൊച്ചിയിൽ അതീവ ജാഗ്രത വേണമെന്നും നിലവില്‍ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചി നഗര കേന്ദ്രത്തിലെ എറണാകുളം മാർക്കറ്റും ബ്രോഡ്വേയുമടക്കമുള്ള വാണിജ്യ കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതല്‍ അടച്ചിരിക്കുകയാണ്.
രോഗലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. “എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പാക്കും. രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണം. ഇത് മറച്ച് വയ്ക്കുന്നത് കാര്യങ്ങൾ ഗുരുതരമാക്കും.” നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
സ്രവ പരിശോധന പുരോഗമിക്കുന്നു
എറണാകുളം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച സ്രവ പരിശോധന തുടരുന്നു. ഇന്ന് മൊബൈൽ മെഡിക്കൽ ടീം 57 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരണം നാളെയും തുടരും.
കോട്ടയത്ത് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ്
രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ ആശങ്ക പരത്തുന്നു. ജൂണ്‍ 19ന് ഷാര്‍ജയില്‍നിന്ന് കേരളത്തിലെത്തിയ 27 വയസ്സുള്ള പായിപ്പാട് സ്വദേശിനിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് യുവതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഈ യുവതിക്ക് ഷാര്‍ജയില്‍വച്ച് മെയ് 10ന് രോഗം സ്ഥിരീകരിച്ചിരുന്നു. അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മേയ് 28 നും ജൂണ്‍ മൂന്നിനും നടത്തിയ സാംപിൾ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിനുശേഷമാണ് നാട്ടിലെത്തിയത്. ജൂണ്‍ 19ന് യുവതി കേരളത്തിലെത്തി. തുടര്‍ന്ന് ഹോം ക്വാറന്റെെനിലായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
എറണാകുളത്ത് ഒൻപത് പേർക്ക് കൂടി രോഗബാധ
എറണാകുളം ജില്ലയിൽ ഇന്ന് 9 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്നു 10 പേർക്ക് നെഗറ്റീവ് ഫലം ലഭിച്ചു.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾക്കും 38 വയസുള്ള തമിഴ്നാട് സ്വദേശിക്കും ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുളള ആമ്പല്ലൂർ സ്വദേശിനിയുടെ അടുത്ത ബന്ധുവായ 13 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള ചൂർണ്ണിക്കര സ്വദേശി, ജൂൺ 30 ന് മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 വയസുള്ള എറണാകുളം സ്വദേശി , ജൂൺ 16 ന് റോഡ് മാർഗം കർണാടകയിൽ നിന്ന് എത്തിയ 35 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 29 മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 51 വയസുള്ള ഐക്കരനാട് സ്വദേശി എന്നിവർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലുവ സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി. ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള അശമന്നൂർ സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള വൈറ്റില സ്വദേശി, ജൂൺ 1 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കുറുപ്പുംപടി സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള തമിഴ്നാട് സ്വദേശി എന്നിവരും ഇന്ന് രോഗമുക്തി നേടി.
പാലക്കാട് 18 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ള പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 245 ആയി. ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ:
- തമിഴ്നാട്ടിൽ നിന്നെത്തിയ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (24, പുരുഷൻ), കൊല്ലങ്കോട് നെന്മേനി സ്വദേശി (47, പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി (59, പുരുഷൻ) എന്നിവർ.
- ഖത്തറിൽ നിന്നെത്തിയ, കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കോങ്ങാട് സ്വദേശിനിയായ ഗർഭിണിയുടെ മകൻ (നാല് വയസ്സ്).
- കർണാടകയിൽ നിന്നെത്തിയ കുഴൽമന്ദം സ്വദേശികളായ ദമ്പതികൾ(31- പുരുഷൻ, 29- സ്ത്രീ).സൗദിയിൽ നിന്നെത്തിയ കൊപ്പം മേൽമുറി സ്വദേശി (47-പുരുഷൻ), മുതുതല സ്വദേശി( 40-പുരുഷൻ), വിളയൂർ സ്വദേശി (48- പുരുഷൻ), തിരുവേഗപ്പുറ സ്വദേശിയായ ഗർഭിണി (26).
- റിയാദിൽ നിന്ന് വന്ന തെങ്കര സ്വദേശി (ഒരു വയസ്സ്, ആൺകുട്ടി).
- യുഎഇയിൽ നിന്ന് വന്ന തിരുവേഗപ്പുറ സ്വദേശി (45- പുരുഷൻ), ഷാർജയിൽ നിന്നും വന്ന കൊപ്പം സ്വദേശി (50- പുരുഷൻ), മേൽമുറി സ്വദേശി(53- പുരുഷൻ).
- ഒമാനിൽ നിന്നു വന്ന പരുതൂർ സ്വദേശി(26- പുരുഷൻ), കുമരനെല്ലൂർ സ്വദേശി (41 പുരുഷൻ), കോട്ടായി സ്വദേശി (43 പുരുഷൻ).
- ഡൽഹിയിൽ നിന്നു വന്ന ഷൊർണൂർ സ്വദേശി(37 പുരുഷൻ).
തിരുവനന്തപുരത്ത് ഒന്‍പത് പേര്‍ക്ക് കൂടി രോഗം
തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഒൻപതു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നേരത്തെ മണക്കാട് രോഗം ബാധിച്ച വി എസ് എസ് സി ജീവനക്കാരനുമായി സമ്പര്‍ക്കം വന്നവരില്‍ ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ:
- പോങ്ങുംമൂട് സ്വദേശിനി 45 കാരി. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി (കുവൈറ്റ് എയർവെയ്സിന്റെ 1351 – സീറ്റ് നം 23H ). രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- കാട്ടാക്കട സ്വദേശി 20കാരൻ. ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി (SG 8185 -സീറ്റ് നം12A) . രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- ആലുവിള, ബാലരാമപുരം സ്വദേശി 47കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- നെയ്യാറ്റിൻകര വഴുതൂർ സ്വദേശി 25 കാരൻ. വി.എസ്.എസ്.സിയിൽ അപ്രൻ്റീസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരൻ. പാളയം സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റിൽ നിന്നും ജൂൺ 26ന് ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തെത്തി (കുവൈറ്റ് എയർവെയ്സിന്റെ 1705 – സീറ്റ് നം 35G ). ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- വഞ്ചിയൂർ, കുന്നുംപുറം സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ 45 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ. ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- തിരുവനന്തപുരം സ്വദേശി 65 കാരൻ. ഒമാനിൽ നിന്ന് കൊച്ചിയിലെത്തി . ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇന്ന് പുതുതായി 758 പേർ രോഗനിരീക്ഷണത്തിലായി. 9,539 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. വീടുകളിൽ 17,980 പേരും 72 സ്ഥാപനങ്ങളിലായി 1,999 പേരും നിരീക്ഷണത്തിൽ കഴിയുന്നു. 236 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 45 പേരെ പ്രവേശിപ്പിച്ചു. 30 പേരെ ഡിസ്ചാർജ് ചെയ്തു.
കോട്ടയത്ത് ഒന്‍പതു പേര്‍ക്കു കൂടി കോവിഡ്
കോട്ടയം ജില്ലയില്‍ പുതിയതായി ഒന്‍പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മൂന്നു പേര് വിദേശത്തുനിന്നും അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. എല്ലാവരും ഹോം ക്വാറന്റയിനിലായിരുന്നു. വിദേശത്ത് ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിയും ഒരു കുടുംബത്തിലെ നാലു പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉള്‍പ്പെടുന്നു. ഏഴു പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങളുണ്ടായിരുന്നത്.
രോഗം ബാധിച്ചവര്‍
- കൊല്‍ക്കത്തയില്‍നിന്ന് ജൂണ്‍ 22ന് എത്തിയ കൂരോപ്പട സ്വദേശിനി(60).
- ഒമാനില്‍നിന്ന് ജൂണ്‍ 23ന് എത്തിയ വാഴൂര്‍ സ്വദേശിനി(31).
- ഷാര്‍ജയില്‍നിന്ന് ജൂണ്‍ 19ന് എത്തിയ പായിപ്പാട് സ്വദേശിനി(27).
- മുംബൈയില്‍നിന്ന് വിമാനമാര്‍ഗം ജൂണ്‍ 26ന് എത്തിയ മറിയപ്പള്ളി സ്വദേശികളായ ദമ്പതികളും (48- പുരുഷൻ, 36- സ്ത്രീ), രണ്ട് ആൺ മക്കളും( 12,7).
- സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തിയ മണര്‍കാട് സ്വദേശി(63)
- ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ചിറക്കടവ് സ്വദേശിനി(36). പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പള്ളിക്കത്തോട് സ്വദേശിനിയുടെ സഹപ്രവര്‍ത്തകയാണ്.
തൃശൂരിൽ ഒൻപത് പേർക്ക് പോസിറ്റീവ് എട്ട് പേർക്ക് നെഗറ്റീവ്
തൃശൂർ ജില്ലയിൽ ഇന്ന് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. ആർക്കും സമ്പർക്കത്തെതത്തുടർന്ന് രോഗം ബാധിച്ചിട്ടില്ല. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ജൂൺ 30 ന് ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (24, പുരുഷൻ),ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (37, പുരുഷൻ), ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (25, പുരുഷൻ), ജൂൺ 28 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (23, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന തളിക്കുളം സ്വദേശി (36, പുരുഷൻ) ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (34, പുരുഷൻ) എന്നിവരാണ് വിദേശത്തു നിന്ന് തിരിച്ചെത്തിയവർ.
ജൂൺ 23 ന് തിരുനെൽവേലിയിൽ നിന്ന് കല്ലൂർ സ്വദേശി (35, പുരുഷൻ), ജൂൺ 23 ന് തിരുനെൽവേലിയിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (27, പുരുഷൻ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (62, പുരുഷൻ) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചവർ.
ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 428 ആയി. രോഗം സ്ഥീരികരിച്ച 166 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലും കഴിയുന്നുണ്ട്. ആകെ 19511 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ. ഇതിൽ 19315 പേർ വീടുകളിലും 196 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 22 പേരേയാണ് ഇന്ന ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്.
രാജ്യത്ത് 6.04 ലക്ഷത്തിലധികം കോവിഡ്
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 6.04 ലക്ഷത്തിലധികം ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2.26 ലക്ഷത്തിലധികം ആളുകൾ നിലവിൽ ചികിത്സയിൽ കഴിയുന്നു. 3,59,860 പേർ രോഗമുക്തി നേടി. 17,834 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. മഹാരാഷ്ട്രയിൽ 1.75 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ രണ്ടാമതുള്ള തമിഴ്നാട്ടിൽ ഇതുവരെ 90,167 പേരിൽ കൊറോണവൈറസ് ബാധ കണ്ടെത്തി. ഡൽഹിയിൽ 87,360 പേർക്കും ഗുജറാത്തിൽ 32,5557 പേർക്കും, യുപിയിൽ 24,056 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ലോകത്ത് കോവിഡ് ബാധിതർ 10,719,286
188 രാജ്യങ്ങളിലായി 10,719,286 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കൊവിഡ് ട്രാക്കറിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ.
രോഗവ്യാപനം ഏറ്റവും കൂടുതലുള്ള യുഎസിൽ ഇതുവരെ 2,686,587 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാമതുള്ള ബ്രസീലിൽ 1,448,753 പേർക്കും രോഗം സ്ഥിരീകരിച്ചു. മൂന്നാമതുള്ള റഷ്യയിൽ 6,60,231 പേർക്കും രോഗം സ്ഥിരീകരിച്ചു.
ബ്രിട്ടൻ (3,14,992), പെറു (288,477 ), ചിലി (282,043 ), സ്പെയിൻ (249,659), ഇറ്റലി (240,760), ഇറാൻ (232,863), മെക്സികോ (231,770 ), പാകിസ്താൻ (217,809 ), ഫ്രാൻസ് (202,981), തുർക്കി (201,098) എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞു.