തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടന്ന ദിവസമാണ് ഇന്ന്. ഇന്ന് പുതിയതായി 416 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 204 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്ന് 129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 105 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ ദുരന്തത്തെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിന്റെ സാഹചര്യമുണ്ടെന്ന സൂചനയും ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകുന്നു. “സാമൂഹ്യവ്യാപനം തർക്കവിഷയമാക്കണ്ട. രോഗസാധ്യത കൂടിയെന്ന് കരുതി ടെസ്റ്റിംഗ് കൂട്ടാനും ചികിത്സ കൂടുതൽ നൽകാനുമാണ് ശ്രമിക്കുന്നത്,” എന്നതായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമർശം.

സംസ്ഥാനത്തെ സൂപ്പർ സ്പ്രെഡ് സമൂഹവ്യാപനത്തിന്റെ ആദ്യഘട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ കോവിഡ് വ്യാപന ക്ലസ്റ്ററുകളുണ്ടാവുകയും പിന്നീട് മൾട്ടിപ്പിൾ ക്ലസ്റ്ററുകളാവുകയും ചെയ്തതിന് സമാനമായ സാഹചര്യമാണ് കേരളത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന സൂപ്പർ സ്പ്രെഡ് എന്നും മുഖ്യമന്ത്രി പറയുന്നു. ശ്രദ്ധ കൊടുത്തില്ലെങ്കിൽ രോഗം പടർന്ന് പിടിക്കും. ജനസാന്ദ്രത കൂടിയ കേരളത്തിൽ ഇത് ഒട്ടാകെ വ്യാപിക്കാൻ ഒരുപാട് കാലം വേണ്ട. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി വർധിച്ചു.  തിരുവനന്തപുരം മാണിക്യ വിളാകം സ്വദേശിയുടെ മരണ കാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണ സംഖ്യ വർധിച്ചത്.

മാണിക്യവിളാകം സ്വദേശിയായ 76കാരൻ ഇന്ന് രാവിലെയാണ് തിരുവനന്തപുരം മെഡി കോളേജിൽ വച്ച് മരിച്ചത്. വൈകിട്ടോടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Kerala Covid-19 Tracker: ഇന്ന് 416 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് പുതിയതായി 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 112 പേർ രോഗമുക്തിയും നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 204 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 117 പേർ വിദേശത്ത് നിന്ന് എത്തിയവരും 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്കും രണ്ട് ബിഎസ്എഫുകാർക്കും ഒരു സിഎസ്എഫുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ 122 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 21 പേര്‍ക്കും, കൊല്ലം, എറണാകുളം ജില്ലകളിലെ 15 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 129
 • ആലപ്പുഴ: 50
 • മലപ്പുറം – 41
 • പത്തനംതിട്ട – 32
 • പാലക്കാട് -28
 • കൊല്ലം – 28
 • കണ്ണൂർ – 23
 • എറണാകുളം – 20
 • തൃശൂർ – 17
 • കാസർഗോഡ് – 17
 • കോഴിക്കോട്-12
 • ഇടുക്കി – 12
 • കോട്ടയം – 7

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 5
 • ആലപ്പുഴ – 24
 • കോട്ടയം – 9
 • ഇടുക്കി – 4
 • എറണാകുളം – 4
 • തൃശൂർ – 19
 • പാലക്കാട് – 8
 • മലപ്പുറം – 18
 • വയനാട് – 4
 • കൊല്ലം – 10
 • കണ്ണൂർ – 14
 • കാസർഗോഡ് – 3

കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചത് 6950 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ 6950 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3099പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 184112 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3517 പേർ ആശുപത്രികളിലാണ്.

ഇന്ന് പരിശോധനയ്ക്ക് അയച്ച 11693 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 226868 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4525 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 70112 സാമ്പിളുകൾ പരിശോധിച്ചതിൽ 66132ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 181 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് സംസ്ഥാനത്ത് 14 പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4, 11, 12, 13), സുല്‍ത്താന്‍ ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാര്‍ക്കറ്റ്), തൃപ്പുണ്ണിത്തുറ മുന്‍സിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊര്‍ണൂര്‍ (19), തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (6, 7), അന്നമനട (17), കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (8), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2) പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 194 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സമ്പർക്കവ്യാപനം വർധിക്കുന്നത് അപകടം

സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകൾക്ക് ആനുപാതികമായി സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27ന് 5.11 ശതമാനമായി. ജൂണ്‍ 30ന് 6.16 ശതമാനം. ഇന്നലെ അത് 20.64 ആയി ഉയര്‍ന്നിരിക്കുന്നു.

രോഗസാധ്യതയുള്ളവരുടെ ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് തീരുമാമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാവുന്നു

കേരളത്തിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട അവസ്ഥ ഗുരുതരമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം തന്നെ കോവിഡ് മഹാമാരിക്ക് മുന്നിൽ മുട്ടുമടക്കി കഴിഞ്ഞു. ബാംഗ്ലൂരിലും ചെന്നൈയിലുമെല്ലാം സ്ഥിതി മോശമാവുകയാണ്. കേരളത്തിൽ രോഗബാധയുണ്ടായതിന് ശേഷമാണ് ഇവിടങ്ങളിൽ ആദ്യ കേസുകളുണ്ടായതെന്നതും ശ്രദ്ധേയമാണ്.

ഇവിടങ്ങളിലൊക്കെ ഏതെങ്കിലും സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുണ്ടാകും. പിന്നെ മൾട്ടിപ്പിൾ ക്ലസ്റ്ററുണ്ടാകും. പിന്നെയാണ് സമൂഹവ്യാപനം വരിക. സമാനമായ സാഹചര്യമാണ് ഇവിടെ കണ്ടെത്തിയ സൂപ്പർ സ്പ്രെഡ്. ശ്രദ്ധ കൊടുത്തില്ലെങ്കിൽ രോഗം പടർന്ന് പിടിക്കും. ജനസാന്ദ്രത കൂടിയ കേരളത്തിൽ ഇത് ഒട്ടാകെ വ്യാപിക്കാൻ ഒരുപാട് കാലം വേണ്ട. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് 24ന് രാജ്യം ഒന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന ആകെ കോവിഡ് കേസുകളുടെ എണ്ണം 519ഉം മരണസംഖ്യ ഒമ്പതും. ഇന്ന് ആ കേസുകളുടെ 793802ആയും മരണസംഖ്യ 21604 ആയും വർധിച്ചു. രോഗം അതിന്റെ ആസൂര ഭാവത്തോടെ അഴിഞ്ഞാടുന്ന ഈ സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധം ഉയർത്താൻ തയ്യാറാകണം, പകരം അതിനെ ദുർബലപ്പെടുത്തരുത്.

വികസിത രാജ്യങ്ങൾ പോലും പകച്ചുപോയ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച് നിന്നത് വികസ്വര രാജ്യങ്ങളായ ക്യൂബ, തായ്‌ലൻഡ്. വിയറ്റ്നാം തുടങ്ങിയവയാണ്. ഈ രാജ്യങ്ങളുടെ മാതൃകയാണ് കേരളത്തിലും തുടരുന്നത്. ഇവിടെയെല്ലാം ജനങ്ങൾ പാലിച്ച സാമൂഹിക അച്ചടക്കത്തിൽ പാളിച്ച സംഭവിച്ചാൽ ഈ ശ്രമങ്ങളെല്ലാം നിഷ്ഫലമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ ജില്ലയിലും രണ്ട് കോവിഡ് ആശുപത്രികൾ

കടുത്ത കോവിഡ് രോഗ പ്രശ്നങ്ങളുള്ളവരെ ചികിത്സിക്കാൻ എല്ലാ ജില്ലയിലും രണ്ട് കോവിഡ് ആശുപത്രികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അത്ര ഗുരുതര പ്രശ്നമില്ലാത്തവർക്ക് ഓരോ കോവിഡ് ആശുപത്രിയുമായി ചേർത്ത് കോവിഡ് പ്രഥമഘട്ട ചികിത്സ കേന്ദ്രങ്ങളും സജ്ജമാക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സ ഉറപ്പാക്കാൻ പ്ലാൻ എ,ബി,സി എന്നിവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പരിധിവിടുന്ന ഘട്ടത്തിൽ

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി.

Thiruvanathapuram, Triple Lock Down, Restrictions, Covid

ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ  മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്‍ഡക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്നും മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പ്പന നടത്തിയ മത്സ്യവ്യാപാരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ അടുത്തിടപഴകിയ 13 പേര്‍ക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും.

കേരളത്തിൽ രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകൾ

ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് 2 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാര്‍ഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

covid, corona, containment zone, ie malayalam

അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

വിശദമായ പരിശോധന നടത്തും

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കകത്ത് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച്  ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്സിങ് ആണ് അടുത്ത ഘട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനായി സന്നദ്ധ വളണ്ടിയര്‍മാരെയും ഉപയോഗിക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ല. അതുപോലെത്തന്നെ സാനിറ്റൈസറുകളും മാസ്കുകളും ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഈ കാര്യങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്ളസ്റ്റര്‍ മാനേജ്മെന്‍റ് ഫലപ്രദമായി നടപ്പിലാക്കേണ്ടത് സാമൂഹ്യവ്യാപനം തടയാന്‍ ആവശ്യമാണെന്ന് ഓരോരുത്തരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിവേഴ്സ് ക്വാറന്‍റൈന്‍ ആക്ഷന്‍ പ്ലാൻ

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ ‘പരിരക്ഷ’ എന്ന പേരില്‍ റിവേഴ്സ് ക്വാറന്‍റൈന്‍ ആക്ഷന്‍ പ്ലാൻ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ടൈന്‍മെന്‍റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.

രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്‍റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാര്‍ത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി

പൂന്തുറയിലെ രോഗവ്യാപനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Kerala Covid statics, കേരള കോവിഡ് കേസുകൾ, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, July 7 Corona virus, കൊറോണ വെെറസ്, Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, July 3 Covid Numbers, ജൂലെെ മൂന്ന് കോവിഡ് രോഗികൾ, IE Malayalam, ഐഇ മലയാളം

രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലയിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇങ്ങനെ മാറ്റിയവരില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ചിലര്‍ ഉയര്‍ത്തിയത്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നു എന്നും പൂന്തുറയെ കരുവാക്കുന്നു എന്നും മറ്റൊരു പ്രചാരണം.ഇതെല്ലാം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആന്‍റിജന്‍  ടെസ്റ്റിനെ പറ്റി തെറ്റിദ്ധാരണകളെന്ന് മുഖ്യമന്ത്രി

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക്  ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്‍റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

ആന്‍റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി.  ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയില്‍ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്.  രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്‍റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ടെസ്റ്റ് ഏകോപനത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സംസ്ഥാന-ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തില്‍ റോഡല്‍ ഓഫീസറെ നിയമിക്കും. റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാന്‍ നടപടിയെടുക്കും.

5,31,330 പേര്‍ തിരിച്ചെത്തി

ഇതുവരെ 5,31,330 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 3,33,304 പേര്‍ തിരിച്ചെത്തി. 1,98,026 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കും

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് അതിർത്തികളിലെ പരിശോധ ശക്തമാക്കും. തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാര്‍ഡ്തല സമിതികള്‍ക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകും.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത് 129 പേർക്ക്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 129 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 122 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പൂന്തുറ സ്വദേശികളായ 23 കാരൻ, 62 കാരൻ, 75 കാരി, 17 കാരി, 80 കാരി, 26 കാരൻ, 23 കാരി, 47 കാരി എന്നിവർക്കും പൂന്തുറ, പള്ളിത്തെരുവ് സ്വദേശികളായ 6 വയസുകാരൻ, 13 കാരി, 19 കാരി,10 വയസുകാരൻ, 7 വയസുകാരൻ, 27 കാരി, 37 കാരൻ, 48 കാരി, 23 കാരി, 64 കാരൻ, 19 കാരൻ, 14 കാരി എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശിളായ 21 കാരൻ, 39 കാരി, 45 കാരൻ, 12 കാരി, 48 കാരി, 25 കാരി, 44 കാരി, 23 കാരി, 40 കാരൻ, 36 കാരി, 32 കാരൻ, 44 കാരൻ, 23 കാരൻ, 8 വയസുകാരി, 53 കാരൻ, 20 കാരി, 20 കാരൻ, 18 കാരി, 45 കാരി, 13 കാരി, 22 കാരൻ, 31 കാരൻ, 22 കാരി എന്നിവർക്കും മാണിക്യവിളാകം സ്വദേശികളായ 32 കാരൻ, 23 കാരൻ, 36 കാരി, 33 കാരൻ, 25 കാരി, 37 കാരൻ, 7 വയസുകാരി, 60 വയസുകാരി , 11 കാരൻ, 12 കാരി, 36 കാരൻ, 32 കാരി, 31 കാരി,52 കാരൻ, 55 കാരി, 79 കാരൻ, 17 കാരി എഎന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കോവിഡ്-19, covid-19, കൊറോണവൈറസ്, coronavirus, പൂന്തുറ,poonthura, തിരുവനന്തപുരം, thiruvananthapuram, സമ്പര്‍ക്കത്തിലൂടെ രോഗം, ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍

പൂന്തുറ

പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശികളായ 24 കാരി, 26 കാരി, 2 വയസുകാരൻ, ഐ.ഡി.പി കോളനി സ്വദേശികളായ 36 കാരൻ, 19 കാരൻ, 20 കാരി, 54 കാരൻ മദർ തെരേസ കോളനി സ്വദേശിനിയായ 43കാരി, ബാലനഗർ സ്വദേശികളായ 47 കാരൻ, 41 കാരി, 18 കാരി, 20 കാരൻ, 22 കാരൻ, 24 കാരി, ന്യൂകോളനി സ്വദേശികളായ 43 കാരൻ, 48 കാരി, പുത്തൻപള്ളി സ്വദേശികളായ 12 വസുകാരി, മടുവൻ കോളനി സ്വദേശിനി 57 കാരി, പരുത്തിക്കുഴി സ്വദേശിനിയായ 42 കാരി എന്നിവർക്കും രോഗം സ്ഥീരികരിച്ചു.

പള്ളിവിളാകം സ്വദേശിനിയായ 56 കാരി, ബാലനഗർ സ്വദേശിയായ 47 കാരൻ, നടുത്തുറ സ്വദേശിയായ 12 കാരൻ, ഐ.ഡി.പി കോളനി സ്വദേശികളായ 68 കാരൻ, 36 കാരി, 80 കാരിബാലനഗർ സ്വദേശിനി 30 കാരി, സെന്റ് തോമസ് നഗർ സ്വദേശിനിയായ 47 കാരി, അട്ടിപ്പുറം സ്വദേശിനിയായ 49 കാരി എന്നിവർക്കും ബാബുജി നഗർ സ്വദേശി 34 കാരൻ, നെടുമ്പറമ്പ് സ്വദേശിയായ 51 കാരൻ, ആറ്റിൻപുറം സ്വദേശിയായ 40 കാരൻ, പാച്ചല്ലൂർ സ്വദേശിയായ 41 കാരൻ, പാറവിള സ്വദേശിയായ എട്ട് വയസുകാരൻ. യാത്രാപശ്ചാത്തലമില്ല, അമ്പലത്തറ സ്വദേശിനിയായ 4 വസുകാരി, പാളയം സ്വദേശികളായ 21 കാരൻ, 27 കാരൻ, പെരുങ്കുളം സ്വദേശിയായ 33 കാരൻ, സ്ഥലം അറിയാത്ത 23 കാരൻ എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കണ്ടല കോട്ടമ്പള്ളി സ്വദേശിയായ 41 കാരൻ, ആറ്റുകാൽ സ്വദേശിയായ 30 കാരൻ, തമിഴ്‌നാട് സ്വദേശി 50 കാരൻ, പാറശ്ശാല കണിയാരംകോട് സ്വദേശിയായ 19 കാരൻ, മുട്ടട സ്വദേശിനിയായ 33 കാരി, ബീമാപള്ളി സ്വദേശികളായ 44 കാരി, 20 കാരൻ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ 71 കാരൻ. യാത്രാപശ്ചാത്തലമില്ല, പരുത്തിക്കുഴി സ്വദേശിനിയായ 43 കാരി, പദ്മനഗർ സ്വദേശിയായ 2 വയസുകാരൻ, പുല്ലുവിള സ്വദേശികളായ 75 കാരി, 10 വയസുകാരൻ, പൂവാർ സ്വദേശിനിയായ 9 വയസുകാരി, പൂവച്ചൽ സ്വദേശിയായ 27 കാരൻ, മണക്കാട് പുതുകൽമൂട് സ്വദേശിയായ 40 കാരൻ, സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 32 വയസുകാരി എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ ശംഖുമുഖം കണ്ണന്തുറ സ്വദേശിയായ 29കാരൻ, യു.എ.ഇയിൽ നിന്നുമെത്തിയ തൈക്കാട് സ്വദേശിയായ 25കാരൻ, കരമന സ്വദേശിയായ 55 കാരൻ, കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 36കാരൻ, ഒമാനിൽ നിന്നെത്തിയ തമിഴാനാട് സ്വദേശിനിയായ 65 കാരി, തമിഴ്‌നാട് സ്വദേശിയായ 30 കാരൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സമ്പര്‍ക്കത്തിലൂടെ കോവിഡ് -19 കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ സിആര്‍പിസി സെക്ഷന്‍ 144 വകുപ്പ്  പ്രകാരം ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.  പൊന്നാനിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിക്കും ഇന്‍സിഡന്റ് കമാന്‍ഡര്‍ ആയ പൊന്നാനി തഹസില്‍ദാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.

മലപ്പുറത്ത് 41 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ 41 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 21 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച പൊന്നാനി സ്വദേശി (60),  പുതുപൊന്നാനി സ്വദേശികളായ ബസ് കണ്ടക്ടര്‍ (29), ബിസിനസുകാരന്‍ (31), തൊഴിലാളി (66), മത്സ്യത്തൊഴിലാളികളായ പൊന്നാനി പള്ളിപ്പടി സ്വദേശി (50), പുതുപൊന്നാനി സ്വദേശികളായ 58 വയസുകാരന്‍, 65 വയസുകാരന്‍, പൊന്നാനി സ്വദേശികളായ 40 വയസുകാരന്‍, 34 വയസുകാരന്‍, പൊന്നാനിയില്‍ പെട്ടിക്കടയില്‍ പോയ പുതുപൊന്നാനി സ്വദേശിനി (65), പൊന്നാനി സ്വദേശിയായ തൊഴിലാളി (49), പുതു പൊന്നാനി സ്വദേശി (70) എന്നിവർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

corona virus, covid, ie malayalam

പ്രതീകാത്മക ചിത്രം

തയ്യല്‍ക്കട നടത്തുന്ന വെളിയങ്കോട് സ്വദേശി (53), അടയ്ക്കാ കച്ചവടക്കാരനായ കാലടി സ്വദേശി (27), പൊന്നാനി സ്വദേശിനി (27), പപ്പടക്കച്ചവടം നടത്തുന്ന വെളിയങ്കോട് സ്വദേശി (32), ഇലക്ട്രീഷ്യനായ എടപ്പാള്‍ സ്വദേശി (33), പൊന്നാനി സൗത്ത് സ്വദേശിനി (45), കൂടാതെ എടപ്പാള്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പുതുപൊന്നാനി സ്വദേശിനികളായ 39 വയസുകാരി, 68 വയസുകാരി, മത്സ്യത്തൊഴിലാളിയായ 39 വയസുകാരന്‍ എന്നിവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരിൽ ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാള്‍ അയിലക്കാടുള്ള കുടുംബത്തിലെ 40 വയസുകാരി, 29 വയസുകാരി, ഇവരുടെ രണ്ട്, നാല്, എട്ട് വയസുള്ള കുട്ടികള്‍, ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഊരകം സ്വദേശി (60), ജൂണ്‍ 14 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വെട്ടം രണ്ടത്താണി സ്വദേശി (31), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ സ്വദേശി (48), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശിനി (72), ജൂലൈ മൂന്നിന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (52) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

ജൂലൈ മൂന്നിന് ദമാമില്‍ നിന്നും കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് കൂമങ്കുളം സ്വദേശി (53), ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശി (42), ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വട്ടംകുളം സ്വദേശി (52), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി (29), ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (33)എന്നിവർക്കും കൊവിഡ് പൊസിറ്റീവ് ഫലം ലഭിച്ചു.

ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി (34), ജൂണ്‍ 25 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (37), ജൂണ്‍ 23 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (48), ജൂണ്‍ 26 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ കാക്കോത്ത് സ്വദേശിനി (72), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മണ്ണാര്‍മല സ്വദേശി (58) എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 18 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 456 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 910 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്‍റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണവും, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് 28പേർക്ക് കോവിഡ്

ഇന്ന് കൊല്ലം ജില്ലക്കാരായ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 10 പേര്‍ വിദേശത്ത് നിന്നും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 8 പേര്‍ രോഗമുക്തി നേടി.

ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 36 വയസുളള യുവാവ്, 34 വയസുളള യുവതി, 14 വയസുളള പെൺകുട്ടി, ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 75 വയസുളള സ്ത്രീ, ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 25 വയസുളള യുവതി, പന്മന സ്വദേശിയായ 37 വയസുളള യുവതി, പന്മന സ്വദേശിയായ 4 വയസുളള ആൺകുട്ടി, ചവറ പുതുകാട് സ്വദേശിയായ 36 വയസുളള യുവാവ്, ചവറ പുതുകാട് സ്വദേശിനിയായ 6 വയസുളള പെൺകുട്ടി എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു
ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 58 വയസുളള സ്ത്രീക്കും കോവിഡ് കണ്ടെത്തി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്ന് സംശയിക്കുന്നു. ശാസ്താംകോട്ട സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീക്കും, 64 വയസുളള സ്ത്രീക്കും, ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 54 വയസുളള സ്ത്രീക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു.

പന്മന സ്വദേശിനിയായ 30 വയസുളള യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. പിറവന്തൂർ സ്വദേശിയായ 47 വയസുളള പുരുഷന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. കൊല്ലം സ്വദേശിയായ 74 വയസുളള പുരുഷനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു.

ജൂൺ 26 ന് ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസിൽ വന്ന പന്മന സ്വദേശിയായ 36 വയസുളള യുവാവ്, ജൂലൈ 4 ന് കസാഖിസ്ഥാനിൽ നിന്നെത്തിയ പെരിനാട് വെളളിമൺ സ്വദേശിയായ 19 വയസുളള യുവാവ്, ജൂലൈ 2 ന് ഷാർജയിൽ നിന്നു വന്ന മുളവന സ്വദേശിയായ 28 വയസുളള യുവാവ്, ജൂലൈ 2 ന് ദുബായിൽ നിന്നു വന്ന കൊട്ടിയം തഴുത്തല സ്വദേശിയായ 28 വയസുളള യുവാവ്, സൗദി അറേബ്യയിൽ നിന്നു വന്ന അലയമൺ സ്വദേശിയായ 58 വയസുളള പുരുഷൻ ജൂലൈ 2 ന് ദുബായിൽ നിന്നും എത്തിയ പവിത്രേശ്വരം സ്വദേശിയായ 27 വയസ്സുള്ള യുവാവ്, ജൂൺ 26 ന് ഖത്തറിൽ നിന്നുമെത്തിയ ആദിച്ചനല്ലൂർ സ്വദേശിയായ 45 വയസുളള പുരുഷൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ജൂലൈ 28 ന് ചെന്നൈയിൽ നിന്നും ഡ്രൈവറോടും മറ്റു 2 പേരോടൊപ്പവും ടാക്സിയിൽ കൊല്ലത്തെത്തിയ പട്ടാഴി സ്വദേശിയായ 36 വയസുളള യുവാവ്, ജൂൺ 28 ന് ദുബായിൽ നിന്നുമെത്തിയ പ്ലാപ്പളളി സ്വദേശിനിയായ 32 വയസുളള യുവതി, 1 വയസുളള ബാലിക, മദ്ധ്യപ്രദേശിൽ നിന്നുമെത്തിയ കൊല്ലം സ്വദേശിയായ 30 വയസുളള യുവാവ്, ഒമാനിൽ നിന്നുമെത്തിയ കൊല്ലം കരിക്കോട് സ്വദേശിനിയായ 47 വയസുളള സ്ത്രീ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

പാലക്കാട് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എട്ട്‌ പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

യുഎഇയിൽ നിന്നു വന്ന അഗളി സ്വദേശി (48 പുരുഷൻ), മങ്കര സ്വദേശികളായ രണ്ടുപേർ (59,23 പുരുഷൻ), മേലെ പട്ടാമ്പി സ്വദേശി (35 പുരുഷൻ), പിരായിരി സ്വദേശികളായ രണ്ടുപേർ (25,40 പുരുഷൻ), അജ്മാനിൽ നിന്നും വന്ന പിരായിരി സ്വദേശി (56 പുരുഷൻ), കൊപ്പം സ്വദേശികളായ മൂന്ന്പേർ(26,31,22 പുരുഷൻ), കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ), ഷാർജയിൽ നിന്നും വന്ന വിളയൂർ സ്വദേശി (35 പുരുഷൻ), ഷാർജയിൽ നിന്നും വന്ന പരുതൂർ സ്വദേശി (32 പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

ഖത്തറിൽ നിന്നുവന്ന അഗളി സ്വദേശി (46 പുരുഷൻ), മേലെ പട്ടാമ്പി സ്വദേശി (45 പുരുഷൻ),കൊപ്പം സ്വദേശി (23 പുരുഷൻ), കുവൈത്തിൽ നിന്നുവന്ന മുതുതല സ്വദേശി (27 പുരുഷൻ), പരുതൂർ സ്വദേശി (25 പുരുഷൻ), കൊപ്പം സ്വദേശി (24 പുരുഷൻ), വിളയൂർ സ്വദേശി (37 പുരുഷൻ), തച്ചമ്പാറ സ്വദേശി (32 പുരുഷൻ), മങ്കര സ്വദേശി (43 പുരുഷൻ), കോട്ടോപാടം സ്വദേശികളായ രണ്ടുപേർ (28 പുരുഷൻ, 35 സ്ത്രീ), പട്ടാമ്പി ശങ്കരമംഗലം സ്വദേശി (45 പുരുഷൻ), കാരാകുറിശി വാഴെമ്പുറം സ്വദേശി (29 പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ നിന്നു വന്ന ചിറ്റൂർ സ്വദേശി (26 പുരുഷൻ), പട്ടാമ്പി സ്വദേശി (27 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

എറണാകുളത്ത് 20 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളതും ആലുവയിലുളള അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ സഹ പ്രവർത്തകരായ 54 വയസ്സുള്ള എടത്തല സ്വദേശി, 38 വയസ്സുള്ള വാഴക്കുളം സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 50 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 40 വയസ്സുള്ള കീഴ്മാട് സ്വദേശി എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

തൃശ്ശൂർ ജില്ലയിൽ ജോലി ചെയ്തുവരുന്ന 52 വയസ്സുള്ള ആലുവ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെ 45 വയസ്സുള്ള കുടുംബാംഗമാണ് ഇവർ.

ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ 51 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശി , 54 വയസ്സുള്ള കരുമാല്ലൂർ സ്വദേശി, 49 വയസ്സുള്ള ശ്രീ മൂലനഗരം സ്വദേശി, 39 വയസ്സുള്ള കീഴ്മാട് സ്വദേശി, 46 വയസ്സുള്ള നീലീശ്വരം – മലയാറ്റൂർ സ്വദേശി, 33 വയസ്സുള്ള വടക്കേക്കര സ്വദേശി എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു:

ആലുവയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പാളായ 52 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി, ഇവരുടെ 25 വയസ്സുള്ള കുടുംബാംഗം, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 61 വയസുള്ള ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 26 വയസുള്ള ചെല്ലാനം സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ജൂൺ 27 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള കുട്ടമ്പുഴ സ്വദേശിനി, ജൂൺ 24 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള വൈറ്റില സ്വദേശി, ജൂൺ 24 ന് ചെന്നെ കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 51 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂലൈ 9 ന് മുംബൈ – ഹൈദ്രബാദ് – കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുളള മഹാരാഷ്ട്ര സ്വദേശി , ജൂലൈ 8 ന് തായ് വാനിൽ നിന്നും എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി യായ 46 വയസ്സുള്ള കപ്പൽ ജീവനക്കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 40, 8, 4 വയസുള്ള ആയവന സ്വദേശികളും, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിയും ഇന്ന് രോഗമുക്തി നേടി. ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള ഏലൂർ സ്വദേശിനിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ഇന്ന് 1028 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1468 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13172 ആണ്. ഇതിൽ 11322 പേർ വീടുകളിലും, 537 പേർ കോവിഡ് കെയർ സെന്ററുകളിലും 1313 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

തൃശൂരിൽ 17 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ വെളളിയാഴ്ച 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്. ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു.
അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളിക്കാണ് (54, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗബാധ. ആലുവയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായിരുന്നു. ജൂൺ 18 ന് ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (40, പുരുഷൻ), ജൂൺ 15 ന് ഉത്തരാഖണ്ഡിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ(45, പുരുഷൻ), ജൂൺ 25 ന് ബീഹാറിൽ നിന്ന് വന്ന 23 വയസ്സുള്ള ബീഹാർ സ്വദേശിയായ പുരുഷൻ, ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന കിഴക്കെകോട്ട സ്വദേശി (45, പുരുഷൻ), ജൂൺ 08 ന് മുംബെയിൽ നിന്ന് വന്ന മാള സ്വദേശി (40, പുരുഷൻ) എന്നിവർക്കും രോഗം ബാധിച്ചു.

ജൂൺ 20 ന് ഷാർജയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (31, പുരുഷൻ), ജൂലൈ 03 ന് ദുബൈയിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (32, പുരുഷൻ), ജൂൺ 24 ന് ഇംഗ്ലണ്ടിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (30, പുരുഷൻ), ജൂൺ 23 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (31, പുരുഷൻ), ജൂൺ 23 ന് ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി, (30, സ്ത്രീ), ജൂലൈ 03 ന് ഖത്തറിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (44, പുരുഷൻ), ജൂൺ 19 ന് അജ്മനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (26, സ്ത്രീ), ജൂലൈ 07 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (53, പുരുഷൻ,26, സ്ത്രീ, 25, സ്ത്രീ, 1 വയസ്സുള്ള പെൺകുഞ്ഞ്) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 574 ആയി. 363 പേർ ഇതുവരെ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 184 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

പുത്തൻചിറയിലും അന്നമനടയിലും കണ്ടെയ്ൻമെന്റ് സോണുകൾ

കോവിഡ് 19 രോഗവ്യാപനം ഏറുന്ന സാഹചര്യത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ അന്നമനട ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

കാസര്‍ഗോട്ട് 17 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 18 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ ഓ വി രാംദാസ് അറിയിച്ചു.

കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികള്‍, 46,28 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശികള്‍,കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21(പുരുഷന്‍),41(സ്ത്രി),വയസുള്ളവര്‍ക്കും ആറ് വയസുള്ള ആണ്‍കുഞ്ഞിനും കാസര്‍കോട് ടൗണില്‍ ഫ്രൂട്‌സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിയ്ക്കും ആരോഗ്യ പ്രവർത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 20 വയസുള്ള മകള്‍ക്ക് (സമ്പര്‍ക്കം) എന്നിവര്‍ക്കും ജൂലൈ ഏഴിന് വന്ന 25 വയസുള്ള കുംബഡാജെ സ്വദേശിനി, ജൂണ്‍ 25 ന് വന്ന 30 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശി (ഇരുവരും സൗദിയില്‍ നിന്നെത്തിയവര്‍),ജൂണ്‍ 25 ന് അബുദാബിയില്‍ നിന്നെത്തിയ 50 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

ജൂണ്‍ 22 ന് യുപിയില്‍ നിന്നെത്തിയ കുമ്പളയില്‍ തയ്യല്‍ കടയില്‍ ജോലിചെയ്യുന്ന 38 വയസുള്ള യു പി സ്വദേശി, ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിയ 23 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ഇന്ന കോവിഡ് സ്ഥിരീകരിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗം ഭേദമായി.

കോഴിക്കോട്ട് 12 പേര്‍ക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ആയി.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കൊളത്തറ സ്വദേശികളായ 53 വയസുള്ള പുരുഷന്‍, 48 വയസുള്ള സ്ത്രീ , 22 വയസുള്ള പുരുഷന്‍, 17 വയസുള്ള സ്ത്രീ, 12 വയസുള്ള ആണ്‍കുട്ടി എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജൂലൈ 3ന് പോസിറ്റീവായ 26 വയസുള്ള കൊളത്തറ സ്വദേശിയുടെ കുടുംബാംഗങ്ങളാണ് ഇവർ. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പുതുപ്പാടി സ്വദേശിയായ 26 വയസുകാരനും പോസിറ്റീവായി. കൊളത്തറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സ്രവപരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ മീഞ്ചന്ത സ്വദേശിനിയായ 30കാരിക്കും രോഗം സ്ഥിരീകരിച്ചു. ജൂലൈ 6 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ സ്രവസാമ്പിള്‍ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസി യിലേയ്ക്ക് മാറ്റി.

ജൂലൈ 6 ന് ബഹ്‌റൈനില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തിയ മണിയൂര്‍ സ്വദേശി (30), ജൂലൈ 8 ന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം ബാംഗ്ലൂർ വഴി എത്തിയ മഹാരാഷ്ട്ര സ്വദേശി (52), ജൂണ്‍ 29ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തിയ വടകര സ്വദേശിനി (65, ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തിയ ചാത്തമംഗലം സ്വദേശി (47), ജൂലൈ 4 ന് മംഗലാപുരത്ത് നിന്നും കാര്‍ മാര്‍ഗം വീട്ടിലെത്തിയ പെരുമണ്ണ സ്വദേശി (41) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

മീഞ്ചന്ത കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 38 (മീഞ്ചന്ത) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു. പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലാണിത്.

പ്രദേശത്ത് അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് പോകുന്നതും മറ്റുള്ളവര്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും അനുവദനീയമല്ല. ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ തുറക്കാം. എന്നാൽ രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു.

രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ വാര്‍ഡിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു.

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ വെളളിയാഴ്ച്ച ഒരാള്‍ക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നാല് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി.

വെളളിയാഴ്ച്ച നാല് പേരാണ് രോഗമുക്തരായത്. കമ്പളക്കാട് സ്വദേശിയായ 31 കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ 35 കാരന്‍, പനമരം സ്വദേശിയായ 25 കാരന്‍, ചെതലയം സ്വദേശിയായ 30 കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

പൂന്തുറയില്‍ ലോക്ക്‌ഡൗണ്‍ ലംഘനം; പ്രതിഷേധവുമായി ജനം തെരുവില്‍

കോവിഡ് സൂപ്പർ സ്പ്രെഡിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ക്‌ഡൗണ്‍ ലംഘിച്ച് തെരുവിൽ പ്രതിഷേധിക്കുന്നു. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലീസ് തടസ്സപ്പെടുത്തുന്നു എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ തെരുവിലിറങ്ങിയത്. അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജയുടെ മുന്നറിയിപ്പ്. പൂന്തുറയിലെ രോഗവ്യാപനം ഇതരസംസ്ഥാനക്കാരിൽ നിന്നാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിൽ വളരെയധികം വൈറസ് ബാധയുണ്ട്. നിരവധിപ്പേരാണ് വ്യാപാരത്തിനായി കേരളത്തിലേക്ക് എത്തുന്നത്. രോഗം പടര്‍ന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരോട് ഇടപെടുന്നതില്‍ കൂടുതൽ ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. കുമരിചന്ത, പൂന്തുറ എന്നിവിടങ്ങളിലുണ്ടായ കോവിഡ് ക്ലസ്റ്ററുകളാണ് തലസ്ഥാനത്ത് സ്ഥിതി വഷളാക്കിയത്.

മാർക്കറ്റുകളിൽ വ്യാപാര ആവശ്യത്തിനായി തമിഴ്‌നാട്ടിൽ നിന്ന് നിരവധിപേർ എത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് രോഗവ്യാപനമുണ്ടായിട്ടുണ്ട്. കൃത്യമായ സാമൂഹിക അകലം പാലിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 28 ദിവസങ്ങൾക്കുള്ളിലാണ് തിരുവനന്തപുരത്തെ 251 കേസുകളും ഉണ്ടായിട്ടുള്ളത്.

“കൊറോണ കൊണ്ട് മരിക്കില്ല, ജനം പട്ടിണി കിടന്ന് മരിക്കും”: പൂന്തുറ കൗണ്‍സിലര്‍

തിരുവനന്തപുരം: ജീവിതം വഴിമുട്ടിയതു കൊണ്ടാണ് ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതെന്ന് പൂന്തുറ കൗണ്‍സിലര്‍ പീറ്റര്‍ സോമന്‍ പറയുന്നു. “പൂര്‍ണമായും ലോക്ക് ആയിപ്പോയി. നാലഞ്ച് ദിവസമായി ആഹാരം ഒന്നും വരുന്നില്ല. പാലു പോലും ലഭിക്കുന്നില്ല. മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങാന്‍ സമ്മതിക്കുന്നില്ല. തുടര്‍ന്ന് ജനം സ്വയം അക്രമാസക്തരായി,” കേരള കോണ്‍ഗ്രസ് എമ്മുകാരനായ പീറ്റര്‍ സോമന്‍ പറഞ്ഞു.

“ഞങ്ങള്‍ക്ക് ആഹാരം സൗജന്യമായി നല്‍കണമെന്നില്ല. വാങ്ങാനുള്ള അനുവാദം തന്നാല്‍ മതി. കടകള്‍ തുറക്കാന്‍ അനുമതി തന്നാല്‍ മതി. സര്‍ക്കാര്‍ ഒരാഴ്ച്ചത്തെ സൗജന്യ റേഷനരി തന്നത് കൊണ്ട് എന്താകാനാണ്. മുമ്പ് നല്‍കിയത് പോലെ കിറ്റ് നല്‍കണം,” പീറ്റര്‍ സോമന്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയപോര് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്‌തമായി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്‌തു. സംസ്ഥാനത്തൊട്ടാകെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഇരമ്പുകയാണ്. കണ്ണൂരിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്കും യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസ് ഏറെ കഷ്‌ടപ്പെടുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാണ് പലയിടത്തും പ്രതിഷേധ പരിപാടികൾ നടക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് യുവമോർച്ചയും പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ പലരും മാസ്‌ക് ധരിക്കാത്തതും വലിയ പ്രതിസന്ധിയാണ്. വിശദമായി വായിക്കാം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

രാജ്യത്ത് കോവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 475 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. രാജ്യത്തൊട്ടാകെ 2,76,685 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21,604 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസിലുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച മഹാരാഷ്ട്രയിൽ 2,30,599 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 93,673 പേര്‍ ചികിത്സയിലുണ്ട്. 1,27,259 പേര്‍ രോഗമുക്തി നേടി. തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 1,26,581 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 78,161 പേര്‍ രോഗമുക്തി നേടി. 46,655 പേര്‍ ചികിത്സയിലുണ്ട്. 1,765 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 82,226 പേര്‍ രോഗമുക്തി നേടി. 21,567 പേര്‍ ചികിത്സയിലുണ്ട്. 3258 പേര്‍ ഇതിനോടകം മരിച്ചു.

ആഗോളതലത്തിൽ, കൊറോണ വൈറസ് എന്ന നോവൽ 12.2 ദശലക്ഷത്തിലധികം ആളുകൾക്ക് ബാധിച്ചിരിക്കുന്നു. അമേരിക്കയെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചത്. തൊട്ടുപുറകിൽ ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.