തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തിൽ കേരളത്തിലെ ജനത അസാമാന്യ ആത്മവിശ്വാസം കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചിട്ട് 200 ദിവസങ്ങൾ തികയുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Also: കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്‌തെന്ന അവകാശവാദം: ലോകാരോഗ്യസംഘടന പറയുന്നത്

“കോവിഡ്-19 പ്രതിസന്ധിയുടെ 200-ാം ദിനത്തിലാണ് നമ്മൾ. ഈ കാലഘട്ടം നിരാശയുടെയും നഷ്‌ടങ്ങളുടെയും മാത്രമല്ലെന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും. ധെെര്യം, അനുകമ്പ, അതിജീവനം, ഉന്മേഷം എന്നിവയുടെ കൂടിയായിരുന്നു ഈ നാളുകൾ. കേരളത്തിലെ ജനങ്ങൾ ഈ പ്രതിസന്ധിഘട്ടത്തെ അതിശയിപ്പിക്കുന്ന ആത്മവീര്യത്തോടെ നേരിട്ടു” പിണറായി ട്വീറ്റ് ചെയ്‌തു.

ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ചെെനയിൽ നിന്നു വിദ്യാർഥിനിക്ക് ജനുവരി 30 നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തതിനു ശേഷം 200-ാം ദിവസമാണിന്ന്. ഇപ്പോൾ കേരളത്തിലെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ദിനംപ്രതി ആയിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോൾ. ഇതിൽ കൂടുതലും സമ്പർക്കത്തിലൂടെയാണ്. കേരളത്തിൽ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1,608 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് പോസിറ്റീവായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.