തലശ്ശേരി: അമേരിക്കയിലെ കാലിഫോർണിയയിൽ സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് മരിച്ച മലയാളി ദമ്പതികൾ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഡെയ്ലിമെയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 26നാണ് തലശ്ശേരി കതിരൂർ ‘ഭാവുക’ത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവര്‍ മരിച്ചത്. ട്രക്കിങ്ങിനിടെ പർവ്വതനിരകളിൽനിന്നും സെൽഫിയെടുക്കുന്നതിനിടെ തെന്നിവീണാണ് അപകടമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിന് എത്തിയതായിരുന്നു ദമ്പതികള്‍. 3500 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്.
മരണത്തിന് മുമ്പ് ഇരുവരും ‘എത്തില് ആല്‍ക്കഹോള്‍’ അശം അടങ്ങിയ മദ്യം കഴിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കേറ്റ പരുക്കുകളാണ് ഇരുവരുടേയും മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്രമാത്രം അളവിലാണ് ഇരുവരും മദ്യപിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.
കൊക്കയിലേക്ക് വീണതിന് ശേഷം കീശയിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ നിന്നാണ് ഇരുവരേയും തിരിച്ചറിഞ്ഞത്. വിഷ്ണു കാലിഫോർണിയയിലെ സിഡ്കോ സോഫ്റ്റ്വെയർ കമ്പനി എൻജിനീയറായിരുന്നു. ഓഫിസിൽ എത്താത്തതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. കതിരൂർ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ. എം.വി.വിശ്വനാഥ്-ഡോ. സി. സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരൻ: ജിഷ്ണു. കോട്ടയം യൂണിയന് ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ഇരുവരും ചെങ്ങന്നൂരിലെ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ സഹപാഠികളായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.