തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 രോഗ വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തെളിയിക്കുന്നതാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കണക്ക് വ്യക്തമാക്കുന്നതെന്നും ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെയാണ് രോഗ വ്യാപനത്തെ തടയാന്‍ നമുക്ക് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേശമുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രോഗവ്യാപനം ഉണ്ടാകാതിരിക്കുക വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഭേദമാക്കുക പുതിയ വ്യാപന സാധ്യതകള്‍ അടയ്ക്കുക ഇതാണ് കേരളത്തിന്റെ നമ്മുടെ നയമെന്നും അദ്ദേഹം അറിയിച്ചു. കോറോണ വൈറസ് വ്യാപനം തടയാന്‍ പരിശോധന കൂടുതല്‍ വിപുലവും വ്യാപകവുമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കോവിഡിന്റെ നാല് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്.

Read More: സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക്

ഇനിമുതല്‍ ഒന്നുരണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ സാമ്പിള്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്യും. റാപ്പിഡ് ടെസ്റ്റും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് 9133 സാമ്പിളുകളാണ് പരിശേധനയ്ക്ക് അയച്ചത്. ഇതില്‍ 826 എണ്ണം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കി.

കോറോണ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന വൃദ്ധദമ്പതികളുടെ രോഗം ഭേദമായ സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും മികവ് ആണ് ഈ നേട്ടത്തിന് ഇടയാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ കലവറയില്ലാതെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൽ ഇന്ന് ഒമ്പത് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതിയതതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദ്ദീനിലെ പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 295 പേർക്കെന്ന് മുഖ്യമന്ത്രി. ഇതിൽ 206 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും 7 വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 78 പേർക്കാണ്. നിസാമുദ്ദീനിൽ നിന്നെത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇന്നലെ സ്ഥിരീകരിച്ച രണ്ട് കേസുകളും നിസാമുദ്ദീനിലെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവരായിരുന്നു. ഗുജറാത്തിൽ നിന്നെത്തിയ ഒരാൾക്കും സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.