Kerala Covid-19 News at a Glance: കഴിഞ്ഞ മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്. കഴിഞ്ഞ മൂന്ന് ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നിരുന്നെങ്കിൽ ഇന്നത് 91 ആയി കുറഞ്ഞു. വെള്ളിയാഴ്ച 111 പേർക്കും ശനിയാഴ്ച 108 പേർക്കും ഞായറാഴ്ച 107 പേർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും ഇന്ന് കുറവുണ്ടായി.

എന്നാൽ കോവിഡ് രോഗവിമുക്തരായവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കുറവാണ്. കോവിഡ് ചികിത്സയിലായിരുന്ന 11 പേർക്ക് മാത്രമാണ് ഇന്ന് നെഗറ്റീവ് ഫലം ലഭിച്ചത്. വെള്ളിയാഴ്ച 22 പേർക്കും ശനിയാഴ്ച 50 പേർക്കും ഞായറാഴ്ച 42 പേർക്കും നെഗറ്റീവ് ഫലം ലഭിച്ചിരുന്നു

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണത്തിലും ഇന്ന് വർധനയുണ്ടായി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഡിനി ചാക്കോയാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 17 ആയി. ഗൾഫിൽ ഇന്ന് രണ്ട് മലയാളികളും മരിച്ചു. കോവിഡ് ബാധിച്ച് ഗൾഫിൽ മരണപ്പെട്ട മലയാളികളുടെ എണ്ണം 200 കടന്നതും ആശങ്ക വർധിപ്പിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള…

Posted by Pinarayi Vijayan on Monday, 8 June 2020

ലോക്ക്ഡൗൺ ഇളവുകളിലേക്ക് സംസ്ഥാനം കടന്നു പോവുന്ന ദിവസങ്ങളാണ് ഇത്. ഇന്ന് സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ  സർക്കാർ ഓഫീസുകൾ സാധാരണ ഗതിയിൽ തുറന്നു പ്രവർത്തിക്കനാരംഭിച്ചു. ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും, ഹോട്ടൽ, ഷോപ്പിങ്ങ് മാൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും നാളെ മുതൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ സംസ്ഥാനത്തെ കൂടുതൽ ആരാധനാലയങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കി.

കോവിഡ് ദ്രുത പരിശോധനയ്ക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. കോവിഡ് കുറേക്കാലം കൂടി തുടരുമെന്നും കേരളത്തിൽ സമ്പർക്കം വഴിയുള്ള കോവിഡ് രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയതും ഇന്നാണ്. വിശദമായി അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ.

Kerala Covid Tracker: ഇന്ന് 91 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…

Posted by K K Shailaja Teacher on Monday, 8 June 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

തൃശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.  27 പേർക്ക് തൃശൂര്‍ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു.

മറ്റു ജില്ലകളിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം

  • മലപ്പുറം-14-,
  • കോഴിക്കോട്-13,
  • കാസര്‍ഗോഡ്- 8,
  • കൊല്ലം-5,
  • ആലപ്പുഴ- 5,
  • കണ്ണൂര്‍-4,
  • തിരുവനന്തപുരം- 3,
  • പത്തനംതിട്ട- 3,
  • കോട്ടയം- 3,
  • എറണാകുളം- 3,
  • വയനാട്- 2,
  • പാലക്കാട്-1

ആറ് പുതിയ ഹോട്ട് സ്പോട്ടുകൾ

ആറ് പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് സംസ്ഥാനത്ത് പുതുതായി ഉൾപ്പെടുത്തിയത്. ഇതിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ മലപ്പുറം ജില്ലയിലും ഒരു ഹോട്ട് സ്പോട്ട് പാലക്കാട് ജില്ലയിലുമാണ്.

  • മലപ്പുറം | മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം
  • പാലക്കാട് | ഷൊര്‍ണൂര്‍

നിലവിൽ 150 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

11 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോവിഡ് സ്ഥിരികരിച്ച്  ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

  • കാസര്‍ഗോഡ്-5,
  • പാലക്കാട്- 2,
  • വയനാട്- 2,
  • കണ്ണൂര്‍ -2 (കാസര്‍ഗോഡ് സ്വദേശികള്‍)

1174 പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ കോവിഡ്മുക്തരായി.

24 മണിക്കൂറിനിടെ 3827 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

covid-19, coronavirus, covid samples

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്.

1,97,078 പേര്‍ നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 1,97,078 പേരാണ് നിരീക്ഷണത്തിൽ. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ 1,93,363

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും 1,93,363 പേരാണ് സംസ്ഥാനത്ത് ഇതുവരെ തിരിച്ചെത്തിയത്

  • എയര്‍പോര്‍ട്ട് വഴി 49,065 പേർ
  • സീപോര്‍ട്ട് വഴി 1621 പേർ
  • ചെക്ക് പോസ്റ്റ് വഴി 1,23,029 പേർ
  • റെയില്‍വേ വഴി 19,648 പേർ

covid 19,covid 19 gulf,covid 19 india,covid 19 kerala,covid 19 uae,expats from uae,flights with expats,fly to kerala, കൊവിഡ് 19,കൊവിഡ് 19 ഇന്ത്യ,കൊവിഡ് 19 യുഎഇ,കൊവിഡ് 19 ഗള്‍ഫ്,ആദ്യ വിമാനം കേരളത്തിലേക്ക്,പ്രവാസികള്‍ക്ക് ആശ്വാസം,കേരളത്തിലേക്ക് പ്രവാസികള്‍,യുഎഇയില്‍ നിന്ന് കേരളത്തിലേക്ക്,vande bharat, samudra setu, വന്ദേ ഭാരത്, സമുദ്ര സേതു, ie malayalam, ഐഇ മലയാളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോവിഡ് രോഗം സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിയായ ഡിനി ചാക്കോയാണ് (41) ഇന്ന് മരിച്ചത്. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. തൃശൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.

തൃശൂർ ജില്ലയിൽ ഞായറാഴ്ചയും ഒരാൾ മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 87കാരനാണ് ഇന്നലെ മരിച്ചത്.  മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

ഗൾഫിൽ രണ്ട് മലയാളികൾ കൂടി  മരിച്ചു

ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആലുവ സ്വദേശി എസ്എ ഹസൻ (51- റാസൽഖൈമ), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പി എ താജുദീൻ (50- ജിദ്ദ) എന്നിവരാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ഒന്നര ആഴ്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു പി എ താജുദീൻ.

ഗൾഫിൽ മരിച്ചത് 200ൽ അധികം മലയാളികൾ

ആറ് ഗൾഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 200 കവിഞ്ഞു. യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 92 മലയാളികൾ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യ- 60, കുവൈറ്റ്-38, ഖത്തർ- 5, ഒമാൻ- 5, ബഹ്‌റൈൻ- 2 എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം.

കോവിഡ് ബാധിച്ച് 100ഓളം മലയാളികൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഗൾഫ് രാജ്യങ്ങളിൽ മരിച്ചു. ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 100 കടന്നത് രണ്ടുമാസം കൊണ്ടാണെങ്കിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്ഥിതിഗതികൾ മാറിമറിഞ്ഞ് കൂടുതൽ ഗുരുതരമാവുകയായിരുന്നു.

ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

കോവിഡ് കുറേക്കാലം കൂടി തുടരുമെന്നും മുൻ കരുതലുകൾ പ്രധാനമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിൽ സമ്പർക്കം വഴിയുള്ള കോവിഡ് രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മുന്‍കരുതലുകള്‍ പ്രധാന്യമാണ്. നന്നായി ജാഗ്രത പുലർത്തിയാൽ കേരളത്തിൽ മരണനിരക്ക് കുറയ്‌ക്കാം. ഇളവുകൾ ലഭിച്ച സാഹചര്യത്തിൽ ജാഗ്രതയില്ലാതെ പെരുമാറരുത്. രോഗലക്ഷണമുള്ളവരുമായി യാതൊരു സമ്പർക്കവും അരുത്. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ ഫലപ്രദം

സംസ്ഥാനത്ത് ഇൻസ്‌റ്റി‌റ്റ‌്യൂഷണൽ ക്വാറന ൻ സംവിധാനം ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ വീടുകളിൽ ശുചിമുറിയോടു കൂടിയ മുറി ഇല്ലെങ്കിൽ അവർ സര്‍ക്കാര്‍ നിരീക്ഷണത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.

റാപിഡ് ടെസ്റ്റിന് കൃത്യത കുറവെന്ന് മന്ത്രി

കോവിഡ് നിർണയത്തിനായുള്ള് ആന്റിബോഡി ടെസ്റ്റിന് (റാപിഡ് ടെസ്റ്റ്) കൃത്യത കുറവാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. റാപിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയാലും ക്വാറന്റീന്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

ദ്രുത പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് കോവിഡ് ദ്രുത പരിശോധന (റാപിഡ് ടെസ്റ്റ്) ആരംഭിച്ചു. സംസ്ഥാനത്ത് രോഗ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ദ്രുതപരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പ്രതീകാത്മക ചിത്രം

ആരോഗ്യപ്രവർത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനയ്‌ക്ക് വിധേയമാക്കും. വഴിയോരക്കച്ചവടക്കാർ, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ, 65 വയസ്സിനു മുകളിലുള്ളവർ പരിശോധനയ്ക്ക് വിധേയരാക്കും.

ദ്രുത പരിശോധന

രക്തമെടുത്ത് പ്ലാസ്‌മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് റാപിഡ് ടെസ്റ്റ് അഥവാ ആന്റി ബോഡി ടെസ്റ്റ് നടത്തുക നടത്തുക. അഞ്ച് എംഎൽ രക്തമാണ് പരിശോധനയ്‌ക്കായി എടുക്കുക. പരിശോധനയിൽ ഐജിജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ച് നാളായെന്നും അതിനെതിരെയുള്ള പ്രതിരോധശേഷി അയാൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം.

coronavirus, ICMR scientist tests positive, coronavirus tests in india, coronavirus pandemic, coronavirus testing centres, icmr, icmr on coronavirus testing, cornavirus test kits, coronavirus india cases

പ്രതീകാത്മക ചിത്രം

അതേസമയം, ഐജിഎം പോസിറ്റീവ് ആണെങ്കിൽ ഇയാൾക്ക് രോഗം വന്നിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് അർത്ഥം. ഇവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കണം. പരിശോധന ഫലം പോസിറ്റീവായാൽ പിസിആർ ടെസ്റ്റും നടത്തും. കേരളത്തിൽ സാമൂഹ്യവ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് ദ്രുതപരിശോധന ഏറെ നിർണായകമാണ്.

ഒരാഴ്ച 15000 ടെസ്റ്റുകൾ വരെ നടത്താം

റാപിഡ് ടെസ്റ്റിന്റെ ഭാഗമായി പ്രതിവാരം 15,000 ടെസ്റ്റുകൾ വരെ നടത്തുന്നതിനുള്ള സംവിധാനം സംസ്ഥാനത്തുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ദ്രുത പരിശോധനയ്ക്കായി ഐസിഎംആർ വഴി 14000 കിറ്റുകൾ ലഭിച്ചതായി മുഖ്യമന്ത്രി വെള്ളിയാഴ്ച അറിയിച്ചിരുന്നു.

സർക്കാർ ഓഫീസുകൾ സാധാരണ നിലയിലേക്ക്

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ഓഫീസുകളാണ് തുറന്ന് പ്രവർത്തിക്കുന്നത്. സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും പൂർണ തോതിൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.

യാത്രാസൗകര്യമില്ലാത്തതിനാൽ മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്‌തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി സ്വന്തം ഓഫീസിൽ ജോലിയ്‌ക്കെത്തണം.ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ, ഒരു വയസിനു താഴെയുള്ള കുട്ടികളുടെ അമ്മമാർ, ഏഴ് മാസം പൂർത്തിയായ ഗർഭിണികൾ എന്നിവർ ഓഫീസുകളിൽ ഹാജരാവേണ്ടതില്ല. ഇവർക്ക് നേരത്തെ ചെയ്‌തിരുന്നതുപോലെ വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാവുന്നതാണ്.

തിങ്കൾ മുതൽ വെള്ളി വരെയാണ് ഓഫീസുകൾ പ്രവർത്തിക്കുക. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്‌ചകളിലെ അവധി തുടരും

സ്കൂളുകളും കോളേജുകളും തുറക്കുന്നത് ഓഗസ്റ്റ് 15നു ശേഷം മാത്രം

സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ല. ഓഗസ്റ്റ് 15 നുശേഷം മാത്രമാവും രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കുകയെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽനിന്നുള്ള സൂചന. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റിൽ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാണ് സാധ്യതയെന്നും അത് ഓഗസ്റ്റ് 15 നു ശേഷമാകാനാണ് കൂടുതൽ സാധ്യതയെന്നും മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.

school opening,, Kerala Schools, കേരള സ്കൂൾസ്, Eid, ചെറിയ പെരുന്നാൾ, C Raveendranath, സി രവീന്ദ്രനാഥ്, IE Malayalam, ഐഇ മലയാളം

സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ ജൂലായ് ഒന്നിനു തന്നെ

സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ ജൂലായ് ഒന്നിനു തന്നെ ആരംഭിക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകളാണ് അടുത്തമാസം പുനരാരംഭിക്കുക.

എസ്എസ്എൽസി, ഹയർസെക്കൻഡറി  പരീക്ഷാഫലം

എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം.

ഈ മാസം അവസാനത്തോടെ എസ്എസ്എൽസി മൂല്യനിർണയം അവസാനിക്കാനാണ് സാധ്യത. അതിനു ശേഷം ടാബുലേഷനും മാർക്ക് ഒത്തുനോക്കലും നടത്തേണ്ടതായുണ്ട്. അതിനു ഒരാഴ്‌ച സമയം വേണം. തുടർന്ന് ജൂലൈ ആദ്യ ആഴ്‌ചയിൽ തന്നെ ഫലം പുറത്തുവിടാൻ സാധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ വ്യക്‌തമാക്കുന്നത്.

മൂല്യനിർണയ ക്യാംപുകളിൽ അദ്ധ്യാപകർ കുറവ്

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് എസ്എസ്എൽസി പരീക്ഷയുടെ രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചത്. പല മൂല്യനിർണയ ക്യാംപുകളിലും അധ്യാപകർ കുറവാണ്. അതിനാൽ തന്നെ പതുക്കെയാണ് മൂല്യനിർണയം മുന്നോട്ടു പോകുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. അതിനുശേഷം അടുത്ത ഘട്ട മൂല്യനിർണയം ആരംഭിക്കുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോളിടെക്‌നിക്ക് പരീക്ഷ ആരംഭിച്ചു

സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ ആരംഭിച്ചത്. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും. 54453 വിദ്യാർഥികൾ പരീക്ഷയെഴുതി.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് അവരുടെ വാസസ്ഥലത്തിനു സമീപം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുവാൻ അവസരം നൽകിയിരുന്നു. 18637 വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തി.

ലക്ഷദ്വീപിലെ കേന്ദ്രത്തിൽ അൻപത് വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് നിവാസികളായ കുട്ടികൾക്കുവേണ്ടിയാണ് അവിടെ പരീക്ഷാകേന്ദ്രമൊരുക്കിയത്.

ഹോട്ടലുകളും മാളുകളും നാളെ മുതൽ

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവ് പ്രകാരം സംസ്ഥാനത്തെ ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും നാളെ മുതലാണ് തുറന്നു പ്രവർത്തിക്കുക.  തുറന്നു പ്രവർത്തിക്കന്ന ഹോട്ടലുകളിലും മാളുകളിലും ജീവനക്കാരും ഉപഭോക്താക്കളും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചുവടെ ചേർക്കുന്നു.

  • സാമൂഹിക അകലം പാലിച്ചാണ് ഹോട്ടലുകളും മാളുകളും തുറന്നു പ്രവർത്തിക്കേണ്ടത്.
  •  ആളുകൾ തമ്മിൽ ആറടി അകലം പാലിക്കണം.
  • മാസ്ക് ധരിച്ച് വേണം മാളുകൾ അടക്കമുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കേണ്ടത്.
  • കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം, അതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കണം.
  • സാനിറ്റൈസർ ലഭ്യമാക്കണം.
  • 65 വയസ്സിനു മുകളിലുള്ളവ, 10 വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖമുള്ളവർ തുടങ്ങിയവർ വീടുകളിൽ തന്നെ കഴിയണം.

  • ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ, പാഴ്‌സൽ സംവിധാനം പ്രോത്സാഹിപ്പിക്കണം.
  • ഉപഭോക്താവിന് ഭക്ഷണം എത്തിച്ച് നൽകുന്നവർ, വാതിൽ പടിയിൽ പായ്ക്കറ്റ് വയ്ക്കണം. ഉപഭോക്താവുമായി നേരിട്ടുള്ള ബന്ധം അരുത്.
  • റസ്റ്ററന്റ് അധികൃതർ ഹോം ഡെലിവറി സ്റ്റാഫുകളുടെ ശരീരത്തിന്റെ താപനില പരിശോധിക്കണം.
  • ഹോട്ടലുകളുടെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ ഉപയോഗം, താപനില പരിശോധന എന്നിവ നിർബന്ധം.
  • അമ്പത് ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്.
  • സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.
  • കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളേയോ, ജോലിക്കാരേയോ അനുവദിക്കരുത്.
  • ജീവനക്കാർ മുഴുവൻ സമയവും മാസ്‌ക് ധരിക്കണം.

  • ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
  • ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം.
  • ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
  • പാർക്കിങ് സ്ഥലങ്ങളിലും പരിസരത്തും സാമൂഹ്യ അകലം പാലിക്കൽ ഉറപ്പ് വരുത്തണം.
  • ആളുകൾ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
  • ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.
  • അടുക്കളയിൽ, ജോലിക്കാർ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിക്കണം. പരിസരം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
  • കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.
  • ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ല

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി. നേരത്തെ നാളെ മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിച്ചതായും ക്ഷേത്രം അധികാരികള്‍ അറിയിച്ചു.

Sree Padmanabhaswamy Temple, Sree Padmanabhaswamy Temple photos, Sree Padmanabhaswamy Temple images, Sree Padmanabhaswamy Temple lakshadeepam, Lakshadeepam photos, Lakshadeepam images, Murajapam, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ലക്ഷദീപം

ഫയൽ ചിത്രം

സാമൂതിരി രാജയുടെ ട്രസ്റ്റീഷിപ്പിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം തുടരും

സാമൂതിരിരാജയുടെ ട്രസ്റ്റീഷിപ്പിലുള്ള ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തരെ പ്രവേശിപ്പിക്കുയില്ലെന്ന് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ അറിയിച്ചു.

കോഴിക്കോട് തളി ക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, തിരുനാവായ നവാമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട് മഹാദേവ ക്ഷേത്രം, ആലത്തിയൂര്‍ പെരുതൃക്കോവില്‍, തൃക്കണ്ടിയൂര്‍ ശിവ ക്ഷേത്രം, നെറുംങ്കൈതക്കോട്ട അയ്യപ്പക്ഷേത്രം, മേക്കോട്ടെ ഭഗവതി ക്ഷേത്രം, പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം, കൊടിക്കുന്ന് ദേവി ക്ഷേത്രം, പനമണ്ണ ശങ്കരനാരായണ സ്വാമി ക്ഷേത്രം, തൃത്താല ശിവക്ഷേത്രം, അഴകൊത്ത് ശിവക്ഷേത്രം, തൃക്കാവ് ദേവീ ക്ഷേത്രം, പുത്തൂര്‍ ദേവി ക്ഷേത്രം, വരക്കല്‍ ദേവീ ക്ഷേത്രം, പന്തല്ലൂര്‍ ദേവീ ക്ഷേത്രം, തൃക്കുളം ശിവക്ഷേത്രം, തളിക്കുന്ന് ശിവ ക്ഷേത്രം, കേരളാധീശ്വരപുരം ക്ഷേത്രം, തിരുമണിക്കര ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കലങ്ങോട് മേലേടം ശിവക്ഷേത്രം തുടങ്ങി 48 ക്ഷേത്രങ്ങളിലാണ് നിയന്ത്രണങ്ങൾ

കൂടുതൽ ക്ഷേത്രങ്ങൾ തുറക്കില്ല

എന്‍എസ്എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും നാളെ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ എന്‍എസ്എസ് കരയോഗങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് തീരുമാനം.

വിഎച്ച്പിയും തങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും നാളെ മുതല്‍ തുറന്നുകൊടുക്കില്ല. ഈ ക്ഷേത്രങ്ങളില്‍ നിലവിലെ വിലക്ക് തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തുറക്കില്ലെന്ന് അറിയിച്ച് കൂടുതൽ മസ്ജിദുകൾ

കൊച്ചി:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മസ്ജിദുകൾ പലതും തുറക്കില്ലെന്ന് ജമാ അത്ത് കമ്മിറ്റികൾ അറിയിച്ചു. എറണാകുളം ജില്ലയിലെ പള്ളികള്‍ തുടര്‍ന്നും അടിച്ചിടുമെന്ന് വിവിധ മുസ്‌ലിം ജമാഅത്തുകളുടെ യോഗത്തില്‍ തീരുമാനമായിരുന്നു. മലപ്പുറം ജില്ലയിലെ മസ്ജിദുകള്‍ നാളെ തുറക്കില്ലെന്നു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

നഗരങ്ങളിലെ മസ്ജിദുകള്‍ തുറക്കില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍ അറിയിച്ചു. മമ്പുറം മഖാം, മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്, തിരുവനന്തപുരം പാളയം , കോഴിക്കോട് പാളയം, പട്ടാളപ്പള്ളി, കാസര്‍കോട് മാലിക് ദീനാര്‍ മസ്ജിദുകളും തുറക്കില്ല.

മസ്ജിദുകൾ തുറക്കുക സർക്കാർ നിർദേശം പാലിച്ച്

സർക്കാർ നിർദേശം പാലിച്ചുകൊണ്ട് നാളെ മുതൽ പള്ളികൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് സമസ്ത വ്യക്തമാക്കി. എന്നാൽ വ്യവസ്ഥകൾ പാലിക്കാൻ പറ്റാത്ത പള്ളികളിൽ നിയന്ത്രണം തുടരാമെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിലൂടെ മഹല്ലുകൾക്ക് നിർദേശം നൽകി. മറ്റു മസ്ജിദുകൾക്ക് സർക്കാരുകൾ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് തുറക്കാം.

സുരക്ഷിതത്വം ഉറപ്പ് വരുത്താനാകാത്ത പള്ളികൾ തുറക്കേണ്ടെന്ന് കെസിബിസി

കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാകാത്ത പള്ളികൾ തുറക്കേണ്ടെന്ന് കെസിബിസി. പള്ളികള്‍ തുറന്നതിന് ശേഷം വൈറസ് വ്യാപന സാധ്യത ബോധ്യപ്പെട്ടാൽ ദേവാലയ കർമങ്ങൾ നിർത്തേണ്ടതാണെന്നും കെസിബിസി ഇടവകകൾക്ക് നിര്‍ദ്ദേശം നല്‍കി.

മാര്‍ത്തോമ്മാ സഭയുടെ പള്ളികള്‍ തുറക്കില്ല

മാര്‍ത്തോമ്മാ സഭയുടെ പള്ളികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു. പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന് സീറോ മലബാർ സഭയുടെ അതിരൂപതകളും തീരുമാനിച്ചിരുന്നു.

ഗുരുവായൂരിൽ പ്രവേശനം ചൊവ്വാഴ്ച മുതൽ

രണ്ടര മാസത്തെ അടച്ചിടലിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ചൊവ്വാഴ്ച 310 പേർക്കാണ് ക്ഷേത്ര ദർശനത്തിന് അനുമതിയുള്ളത്. വെർച്വൽ ക്യൂ സംവിധാനം വഴിയാണ് പ്രവേശനം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ദർശന സമയം. ടോക്കൺ നമ്പറിനോടൊപ്പം തിരിച്ചറിയൽ കാർഡുമായി അനുവദിക്കപ്പെട്ട സമയത്തിന് 20 മിനിറ്റ് മുൻപ് കിഴക്കേനടയിലെ ക്യു കോംപ്ലക്‌സിൽ റിപ്പോർട്ട് ചെയ്യണം. ദേവസ്വം വെബ്‌സൈറ്റായ //guruvayurdevaswom.in/#/login മുഖേന ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ടോക്കൺ നൽകിയത്.

കർശന നിബന്ധനകളോടെ കൂടൽമാണിക്യം ക്ഷേത്രം തുറക്കും

കർശന നിബന്ധനകളോടെ നാളെമുതൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ നാളെമുതൽ പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള സർക്കാരിന്റെ നിർദ്ദേശാനുസരണം ചേർന്ന ക്ഷേത്ര ഭരണസമിതി യോഗത്തിലായിരുന്നു തീരുമാനം. കോവിഡ് പശ്ചാത്തലത്തിലുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിക്കൊണ്ട് രാവിലെ നാല് മണി മുതൽ 7:30 വരെയും വൈകീട്ട് 5:30 മുതൽ 7:30 വരെയുമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക.

ആരാധനാലയങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ

ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ അറിയാം:

  • പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്.
  • ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം.
  • കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം.
  • ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം.
  • പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.
  • ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ.
  • ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം.
  • ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം.
  • പൊതുസ്ഥലത്ത് തുപ്പരുത്.
  • മാസ്ക് ധരിക്കണം

mask, ie malayalam

  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
  • കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം.
  • ചെരുപ്പുകള്‍ അകത്ത് കടത്തരുത്.
  • നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.
  • ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.
  • കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കാമെന്നാണ് കാണുന്നത്.
  • ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കേണ്ടതാണ്.
  • എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്.
  • വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.
  • ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം.
  • പായ, വിരിപ്പ് എന്നിവ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരേണ്ടതാണ്.
  • അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം.
  • മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം.
  • ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണം
  • ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം.
  • പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്.

ചാലക്കുടി താലൂക്ക് ആശുപത്രി ഇനി മുതൽ കോവിഡ് ആശുപത്രി

തൃശൂർ ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ചാലക്കുടി താലൂക്ക് ആശുപത്രിയെ പ്രഖ്യാപിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട കേസുകൾക്ക് താലൂക്ക് ആശുപത്രിയിൽ കൂടുതൽ പരിഗണന നൽകും. നിലവിൽ ഒരേ സമയം 60 പേർക്ക് കിടത്തി ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. രോഗ ലക്ഷണങ്ങൾ കുറവായി കാണുന്നവരെ കൊരട്ടി ഗാന്ധി ഗ്രാമം ഹ്യൂമൻ റിസോഴ്‌സ് സെന്ററിലെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റും.

ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കും

തൃശൂർ: ജില്ലയിൽ ക്വറന്റൈൻ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമാക്കുമെന്ന് തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം.

അതിഥി തൊഴിലാളികൾ യാത്ര തിരിച്ചു

ബംഗാളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രയാക്കി. 1692 അതിഥി തൊഴിലാളികളെ കെ എസ് ആർ ടി സി ബസുകളിലായാണ് തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. 3.30 ഓടെ ട്രെയിനിൽ അതിഥി തൊഴിലാളികൾ ബംഗാളിലേക്ക് യാത്ര തിരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 5000 അതിഥി തൊഴിലാളികൾ നാളെ ബംഗാളിലേക്ക് പുറപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.