Kerala Covid-19 News at a Glance: കേരളത്തില്‍ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ആദ്യമായി മൂന്നക്കം കടന്ന ദിവസമാണ് ഇന്ന്. 111 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1697 ആയി വര്‍ധിച്ചു. ഇന്നത്തെ സ്ഥിതിവിശേഷത്തെ ‘ആപത്തിന്റെ തോത് വര്‍ധിക്കുന്നു’വെന്ന് തിരിച്ചറിയണമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
കേരളത്തില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും ഇന്ന് വര്‍ധനയുണ്ടായി. അഞ്ച് ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് പുതുതായി ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്പോട്ടുകളുടെ എണ്ണം 128 ആയി. ഇന്ന് 22 പേര്‍ക്കു മാത്രമാണു രോഗമുക്തിയുണ്ടായത്.
കോവിഡ് കുറച്ചുകാലം നമുക്കൊപ്പമുണ്ടാകുമെന്നും എല്ലാ കാര്യങ്ങളും ഒഴിവാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാഹചര്യത്തിനനുസരിച്ചുള്ള ജാഗ്രത പാലിക്കുകയെന്നതാണു പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധനലായങ്ങള്‍ തുറക്കരുതെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യം സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഈ ആവശ്യംകണക്കിലെടുക്കാന്‍ കഴിയില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ആന്റി ബോഡി ടെസ്റ്റുകള്‍ ആരംഭിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും. കേരളത്തിലെ ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍ ഇവിടെ വായിക്കാം.
Kerala Covid Tracker: ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് രോഗം ബാധിച്ചവരിൽ 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 22 പേർക്ക് ഇന്ന് രോഗം ഭേദമായി.
111 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ ഒന്നിന് 57 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെങ്കില്‍…Posted by Pinarayi Vijayan on Friday, 5 June 2020
കോവിഡ് ബാധിച്ച് 973 പേർ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 177106 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ, ഇവരിൽ 1545 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിലുമാണ്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 13 പേരാണ് മരിച്ചത്. ഗൾഫിൽ കോവിഡ് ബാധിച്ച് 174 മലയാളികളും ഇതുവരെ മരിച്ചു. ഇതുവരെ 790074 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചത്, ഇതിൽ 74769 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പാക്കി.
കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള…
Posted by K K Shailaja Teacher on Friday, 5 June 2020
പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 40 പേർക്ക് ജില്ലയിൽ പുതുതായി കോവിഡ് കണ്ടെത്തി. കണ്ണൂർ ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് :പാലക്കാട് – 40, മലപ്പുറം – 18, പത്തനംതിട്ട – 11, എറണാകുളം – 10, തൃശ്ശൂർ – 8, തിരുവനന്തപുരം – 5, ആലപ്പുഴ – 5, കോഴിക്കോട് – 4, ഇടുക്കി – 3, വയനാട് – 3, കൊല്ലം – 2, കോട്ടയം – 1, കാസർഗോഡ് – 1.
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കാസർഗോഡ് – 7, തൃശ്ശൂർ – 5, എറണാകുളം – 4, ആലപ്പുഴ – 4, തിരുവനന്തപുരം – 1, കോഴിക്കോട് – 1.
മഹാരാഷ്ട്ര 25, തമിഴ്നാട് 10, കര്‍ണാടക 3, ഉത്തര്‍പ്രദേശ്, ഹരിയാന, ലക്ഷദ്വീപ് ഒന്നുവീതം, ഡെല്‍ഹി 4, ആന്ധ്രപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇന്ന് 5 പുതിയ ഒരു ഹോട്ട് സ്‌പോട്ടുകള്‍
സംസ്ഥാനത്ത് ഇന്ന് പുതുതായി അഞ്ച് പ്രദേശങ്ങൾ കൂടി ഹോട്ട് സ്പോട്ട് പട്ടികയിലുൾപ്പെടുത്തി. വയനാട് ജില്ലയിലെ ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി, തവിഞ്ഞാല്‍, കോഴിക്കോട് ജില്ലയിലെ മാവൂര്‍, കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
1,77,033 പേർ തിരിച്ചെത്തി
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 1,77,033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30,363 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,46,670 പേര്‍ വന്നു. ഇവരില്‍ 93,783 പേര്‍ തീവ്രരോഗവ്യാപനമുള്ള മേഖലകളില്‍ നിന്ന് എത്തിയവരാണ് – 63 ശതമാനം.
റോഡ് വഴി വന്നവര്‍ – 79 ശതമാനം, റെയില്‍ – 10.81 ശതമാനം, വിമാനം – 9.49 ശതമാനം
മറ്റു സംസ്ഥാനങ്ങളുടെ കാര്യം പരിശോധിച്ചാല്‍ തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍- 37 ശതമാനം. കര്‍ണാടക- 26.9 ശതമാനം. മഹാരാഷ്ട്ര – 14 ശതമാനം. വിദേത്തുള്ളവരില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയത്. 47.8 ശതമാനം. ഒമാന്‍ – 11.6 ശതമാനം, കുവൈറ്റ് – 7.6 ശതമാനം.
വന്നവരില്‍ 680 പേര്‍ക്കാണ് ഇന്നു വരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 343 പേര്‍ വിദേശങ്ങളില്‍നിന്നും 337 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കാണ്- 196.
രോഗം പടരാനുള്ള സാധ്യതയായി ഇളവുകള്‍ മാറരുത്: മുഖ്യമന്ത്രി
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത് കോവിഡ് രോഗവ്യാപനത്തിനുള്ള സാധ്യതയായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ചാര്‍ട്ട് ചെയ്തതനുസരിച്ച് വിമാനങ്ങള്‍ വന്നാല്‍ ഈ മാസം ഒരുലക്ഷത്തിലധികം പേര്‍ വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തും. പൊതുഗതാഗത സംവിധാനം തുറക്കുക കൂടി ചെയ്യുമ്പോള്‍ വരുന്നവരുടെ എണ്ണം പിന്നെയും ഗണ്യമായി വര്‍ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യതയായി മാറരുത്.” – മുഖ്യമന്ത്രി പറഞ്ഞു.
“രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് കാണേണ്ടത്. അതുകൊണ്ടുതന്നെ അതിനു തക്ക സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ആദ്യഘട്ടത്തില്‍ സമൂഹത്തിലാകെ ഉണ്ടായ ജാഗ്രതയും കരുതലും കുറഞ്ഞുപോകുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അപകടാവസ്ഥ അതിന്‍റെ ഗൗരവത്തില്‍ തന്നെ മനസ്സിലാക്കണം. ആപത്തിന്‍റെ തോത് വര്‍ധിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കാനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തും. ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് തയ്യാറാക്കും.” – മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്ട് ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ നിരീക്ഷണത്തിൽ
കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയ എൺപതോളം ആരോഗ്യ പ്രവർത്തകരെ ഇന്ന് നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പ്രസവത്തിനു ശേഷമുള്ള പരിശോധനയിൽ കോവിഡ്-19 കണ്ടെത്തിയ യുവതിയുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരാണ് സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്. വടകര മണിയൂർ സ്വദേശിനിയായ യുവതി മെഡിക്കൽ കോളേജിലെ വിവിധ ഡിപാർട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു.
ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു
ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം സ്വദേശിനിയായ രാജമ്മയാണ് (67)മരിച്ചത്. ഡല്‍ഹി ടാഗോര്‍ ഗാര്‍ഡനിലെ ശിവാജി മാതൃശിശു കേന്ദ്രത്തിലെ ജീവനക്കാരിയായ രാജമ്മയ്ക്ക് നാലു ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.

പ്രമേഹ രോഗിയായിരുന്ന രാജമ്മ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു മരിച്ചത്. 40 വര്‍ഷമായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി ഇവർ 20 വർഷത്തിലധികമായി ശിവാജി മാതൃശിശു കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. രാജമ്മയുടെ മകൾ ദിവ്യയും ഭര്‍ത്താവ് മധുസൂദനും ഹോം ക്വാറന്റൈനിലേക്ക് മാറി.
ഡൾഹിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്സാണ് രാജമ്മ.കല്‍റ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നാല്‍പ്പത്തിയാറുകാരിയായ നഴ്‌സിങ് ഓഫീസര്‍ പികെ അംബിക കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.
മാസ്കുകൾ അലക്ഷ്യമായി ഉപേക്ഷിക്കരുത്
ലോകം കോവിഡ് രോഗവ്യാപന ഭിഷണിയിലൂടെ കടന്നു പോവുന്നതിനിടെയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം വന്നു ചേർന്നത്. കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്കുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകോണ്ടുള്ള ചിത്രമാണ് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ശുചിയാക്കി പുനരുപയോഗിക്കാൻ സാധിക്കുന്ന മാസ്കുകൾ ഉപയോഗിക്കണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മിൽ എത്തുന്ന സൂര്യരശ്മികൾ, ദിവസവും നാം കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം…
Posted by K K Shailaja Teacher on Thursday, 4 June 2020
മഞ്ചേശ്വരം വഴി ഇന്ന് എത്തിയത് 286 പേർ
ഇതര സംസ്ഥാനങ്ങളിൽ നിന്നും 286 പേർ ഇന്ന് മഞ്ചേശ്വരം അതിർത്തി ചെക്ക് പോസ്റ്റ് വഴി സംസ്ഥാനത്തെത്തി. സംസ്ഥാനത്തേക്ക് മടങ്ങുന്നതിനുള്ള പെർമിറ്റ് അനുവദിച്ച ശേഷം ഇതുവരെ 26000പേർ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് വന്നു. 46520 പേർക്കാണ് ഇതുവരെ പാസ് അനുവദിച്ചത്. കാസർകോട് ജില്ലയിൽ ഇതുവരെ 12440പേർക്ക് പാസ് അനുവദിച്ചു. 6350പേരാണ് ജില്ലയിലേക്ക് വന്നത്.
ലോക്ക്ഡൗണ്‍ ഇളവുകള്‍
രാജ്യത്ത് ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ ഇളവുകള്‍ വരികയാണ്. കേന്ദ്ര ഗവണ്‍മെന്‍റ് ജൂണ്‍ എട്ടു മുതല്‍ വിവിധ തലത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്‍റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ സംബന്ധിച്ച ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സര്‍ക്കാര്‍ പരിശോധിച്ചു. സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡമനുസരിച്ച് ചില ഇളവുകള്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കും.
ആരാധനാലയങ്ങളും റസ്റ്റോറന്‍റുകളും മാളുകളും ഹോട്ടലുകളും ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ജൂണ്‍ 8ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം.
ഭക്ഷണ ശാലകൾ തിങ്കളാഴ്ച മുതൽ
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ജൂൺ എട്ട് മുതലാണ് ഹോട്ടലുകൾക്കും ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടുകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.
ഹോട്ടലിൽ നിന്ന് ഇരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും അത് പരമാവധി ഒഴിവാക്കണമെന്നും പാഴ്സൽ സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങളിൽ പറയുന്നു. മറ്റു മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു.
- ഹോട്ടലുകളിലെത്തുന്നവർ സാമൂഹിക അകല ചട്ട പ്രകാരം ആറടി അകലം പാലിക്കണം.
- വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകുന്ന ഡെലിവറി ജീവനക്കാർ ഉപഭോക്താവുമായി നേരിട്ട് സമ്പർക്കം പുലർത്തരുത്. പകരം ഭക്ഷണ പായ്ക്കറ്റ് വാതിൽ പടിയിൽ വയ്ക്കണം
- ഭക്ഷണ വിതരണ ജീവനക്കാരുടെ ശരീര താപനില റസ്റ്റോറന്റ് അധികൃതർ പരിശോധിക്കണം.
- ഹോട്ടലുകളുടെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം. ഭക്ഷണം കഴിക്കാനെത്തുന്നവവരുടെ താപനില പരിശോധന നടത്തണം.
- ഹോട്ടലുകളിൽ ഉൾക്കൊള്ളാവുന്നതിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ,
Read More: ആറടി അകലത്തിലിരുന്ന് ആഹാരം കഴിച്ചാൽ മതി; ഹോട്ടലുകൾക്കുള്ള മാർഗനിർദേശങ്ങൾ
- പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം.
- ഭക്ഷണം കഴിക്കാനെത്തുന്നവവരുടെ ശരീര താപനില പരിശോധിക്കണം.
- കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളേയോ, ജോലിക്കാരേയോ അനുവദിക്കരുത്.
- ജീവനക്കാർ മുഴുവൻ സമയവും മാസ്ക് ധരിക്കണം.
- ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം.
- ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
- ആളുകൾ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
- ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.
ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
ജൂൺ എട്ടു മുതൽ ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നതിനുള്ള നിർദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. അതുകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.
Read More: പ്രസാദവും തീർഥവും നൽകരുത്, ആൾക്കൂട്ടം ഒഴിവാക്കണം; ആരാധനാലയങ്ങൾ തുറക്കാം
പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്‍റ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ഇത് നടപ്പാക്കുന്നതില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്.
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. 65 വയസ് കഴിഞ്ഞവർ, 10 വയസിന് താഴെ ഉള്ളവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവരെയും പ്രവേശിപ്പിക്കില്ല. മറ്റു നിർദേശങ്ങൾ ചുവടെ ചേർക്കുന്നു:
- മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്
- പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായി വയ്‌ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വയ്ക്കാം.
- പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല.
- സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ അനുവദിക്കില്ല.
- ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം
- ആരാധനാലയത്തിന് പുറത്തുള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം
- ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം
- വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്.
- ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം
- ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം.
അന്നദാനവും ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് സംസ്ഥാന സർക്കാർ നിർദേശിക്കുന്നനു. മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
പാളയം ജുമാ മസ്ജിദ് തുറക്കില്ല
തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നാലും ആരാധനയ്ക്കായി പള്ളി തുറന്നുകൊടുക്കില്ലെന്ന് തീരുമാനിച്ച് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിലെ ജമാഅത്ത് പരിപാലന സമിതി. മസ്ജിദിൽ ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്‌ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് മജമാഅത്ത് പരിപാലന സമിതി അറിയിച്ചു.ഈ മാസം എട്ട് മുതലാണ് ആരാധനാലയങ്ങൾക്ക് തുറക്കാൻ അനുമതി.
ഹോട്ടലുകള്‍, ലോഡ്ജുകൾ എന്നിവയ്കക്കുള്ള നിർദേശങ്ങൾ
- സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാണ്.
- ഹാജരാകുന്ന സ്റ്റാഫിനും ഗസ്റ്റുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകരുത്.
- സ്റ്റാഫും ഗസ്റ്റും ഹോട്ടലില്‍ ഉള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം.
- അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശത്തിന് പ്രത്യേകം സംവിധാനമുണ്ടാകണം. പല ഹോട്ടലുകളിലും ഈ സംവിധാനം ഇല്ല. എന്നാലും, ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഒരേ സമയത്താകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
- ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം. എസ്കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കേണ്ടതാണ്.
- അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം.
- പേമെന്‍റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ വാങ്ങേണ്ടതാണ്. സ്പര്‍ശനം ഒഴിവാക്കുന്ന രീതിയിലായിരിക്കണം.
- ലഗേജ് അണുവിമുക്തമാക്കണം.
- കണ്ടെയ്മെന്‍റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം.
- റൂം സര്‍വ്വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം.
- റൂമിന്‍റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം. താമസക്കാരുടെ കൈയില്‍ നേരിട്ട് നല്‍കരുത്.
- എയര്‍ കണ്ടീഷണര്‍ 24-30 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിപ്പിക്കണം.
- പരിസരവും ശൗചാലയങ്ങളും അണുമുക്തമാക്കണം.
- കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും അടച്ചിടണം.
ഷോപ്പിങ് മാളുകള്‍ തുറക്കുമ്പോൾ
- ഫുഡ് കോര്‍ട്ടുകളിലും റസ്റ്റാറന്‍റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
- ജീവനക്കാര്‍ മാസ്കും കൈയുറകളും ധരിക്കണം.
- ഡിജിറ്റല്‍ മോഡിലൂടെയുള്ള പണം സ്വീകരിക്കല്‍ പ്രോത്സാഹിപ്പിക്കണം.
- എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിനുശേഷം അണുമുക്തമാക്കണം.
- മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം.
- കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആര്‍ക്കേഡുകളും തുറക്കരുത്.
ഓഫീസുകളും തൊഴില്‍ സ്ഥലങ്ങളും
ലോക്ക്ഡൗൺ ഇളവ് പ്രാബല്യത്തിൽ വന്നാൽ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും പാലിക്കേണ്ട മാർഗഹനിർദേശങ്ങൾ:
- സന്ദര്‍ശകര്‍ക്ക് സാധാരണ ഗതിയിലുള്ള പാസ്സുകള്‍ നല്‍കുന്നത് അനുവദിക്കില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ മതിയായ സ്ക്രീനിങ്ങിനുശേഷം പ്രത്യേകമായി പാസ് നല്‍കാം.
- കണ്ടയിന്‍മെന്‍റ് സോണുകളില്‍ താമസിക്കുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുത്. വാഹനത്തിന്‍റെ ഉള്‍ഭാഗം, സ്റ്റിയറിങ്, ഡോര്‍ ഹാന്‍റില്‍, താക്കോലുകള്‍ എന്നിവ അണുമുക്തമാക്കണം.
- പ്രായമുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ അധിക മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇവരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികള്‍ ഏല്‍പ്പിക്കരുത്. കഴിയുന്നത്ര വര്‍ക്ക് ഫ്രം ഹോം ഒരുക്കണം.
- യോഗങ്ങള്‍ കഴിയുന്നത്ര വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണം.
- ഓഫീസുകളില്‍ ബാക്കിയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം.
- വ്യത്യസ്ത ഓഫീസുകളുടെ സമയവും ഉച്ചഭക്ഷണ/കോഫി ഇടവേളകളും പരമാവധി വ്യത്യസ്ത സമയങ്ങളിലാക്കേണ്ടതാണ്.
- പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേകം കവാടങ്ങള്‍ ഉണ്ടാകേണ്ടതാണ്.
- കാന്‍റീനുകളില്‍ ജീവനക്കാര്‍ കൈയുറകളും മാസ്കും ധരിക്കണം. ഒരു മീറ്റര്‍ അകലത്തിലേ ഇരിക്കാവൂ. അടുക്കളയില്‍ സ്റ്റാഫ് സാമൂഹ്യ അകലം പാലിക്കണം.
ഓഫീസുകളില്‍ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം ലഭ്യമാക്കണം. സമ്പര്‍ക്കം കണ്ടെത്തി അവരെ ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ തരംതിരിക്കും. ഹൈ റിസ്ക് സമ്പര്‍ക്കമുള്ളവരെ 14 ദിവസം ക്വാറന്‍റൈന്‍ ചെയ്യും. ലോ റിസ്ക് സമ്പര്‍ക്കമാണെങ്കില്‍ ആരോഗ്യസ്ഥിതി 14 ദിവസം നിരീക്ഷിക്കും.
ഈ ഘട്ടത്തില്‍ ഓഫീസില്‍ വരാന്‍ സാധിക്കാത്ത ജീവനക്കാര്‍ അതതു ജില്ലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. വകുപ്പ് തലവന്മാര്‍ ഇത് ഉറപ്പുവരുത്തണം. ജില്ലാ കലക്ടര്‍മാര്‍ മുഖേന വകുപ്പ് തലവന്മാര്‍ ഇവരുടെ ജോലി സംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങേണ്ടതാണ്.
ഗുരുവായൂരിൽ വീണ്ടും വിവാഹം
തൃശൂർ: ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും വിവാഹ ചടങ്ങുകൾ ആരംഭിച്ചു. നിബന്ധനകളോടെയാണ് വിവാഹങ്ങള്‍ നടത്താൻ അനുമതി നൽകുക. വിവാഹ ചടങ്ങുകളും കർശന നിയന്ത്രണങ്ങളോടെയാണ് നടത്തേണ്ടത്.
- ഓരോ വിവാഹത്തിലും പരമാവധി പത്ത് പേർക്ക് പങ്കെടുക്കാം.
- വധുവും വരനും അടക്കമാണിത്.
- സാമൂഹിക അകലം പാലിച്ചാവണം ഓരോ വിവാഹവും നടത്തേണ്ടത്
- പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം.
- പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുക.

Read More: ഗുരുവായൂരിൽ വീണ്ടും കല്യാണമേളം; ഇന്ന് ഒൻപത് വിവാഹങ്ങൾ
- വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍ – നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്.
- വധു വരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല.
- ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്.
മാസ്‌ക് ധരിക്കാത്തതിന് കാസർഗോഡ് 113 പേര്‍ക്കെതിരെ കേസ്
കാസർഗോഡ് ജില്ലയില്‍ വ്യാഴാഴ്ച മാസ്‌ക് ധരിക്കാത്ത 113 പേര്‍ക്കെതിരെ കൂടി ഇന്നലെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4645 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2576 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3244 പേരെ അറസ്റ്റ് ചെയ്തു. 1105 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ശ്രവ പരിശോധ: വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്
കാസർഗോഡ്: കോവിഡ് 19 രോഗനിർണയത്തിനുള്ള സ്രവ പരിശോധന ഫലങ്ങളുമായി ബന്ധപെട്ടു കൊണ്ട് തെറ്റായ പ്രചാരണങ്ങൾ നവ മാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ്. ഇത്തരം വ്യാജപ്രചരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
“ജില്ലാ കൊറോണ കൺട്രോൾ സെല്ലിൽ നിന്നോ ജില്ലയിലെ മറ്റു ആരോഗ്യസ്ഥാപനങ്ങളിൽ നിന്നോ മാത്രമാണ് പരിശോധനാഫലം ലഭ്യമാകുക. ഇതല്ലാതെ, സ്രവ പരിശോധന നടത്തിയ വ്യക്തികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ വ്യാപകമായി പരിശോധനാഫലങ്ങളെ കുറിച്ച് പ്രചരണം നടത്തുന്നത് ഗുരുതരമായ തെറ്റാണ്. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നിയമ നടപടികൾ സ്വീകരിക്കും”- ഡിഎംഒ വ്യക്തമാക്കി.
മാവൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണ്‍
കോഴിക്കോട് താലൂക്കില്‍പ്പെട്ട മാവൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും രോഗം സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിതെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ ഉത്തരവിൽ പറയുന്നു. 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 34 എ, ബി പ്രകാരവുമാണ് നടപടി.
പഞ്ചായത്ത് തലത്തിൽ സര്‍വകക്ഷി യോഗം
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും വയനാട് ജില്ലയില്‍ നിയോജകമണ്ഡല തലത്തിലും പഞ്ചായത്ത് തലത്തിലും സര്‍വ്വകക്ഷി യോഗം ചേരും. ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ക്വാറന്റെെൻ ലംഘനം ഗൗരവതരം: മന്ത്രി എ.സി. മൊയ്തീൻ
കോവിഡ് 19 പ്രതിരോധം സംബന്ധിച്ച് തൃശൂര്‍ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷിയോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്നു. കോവിഡ് ക്വാറൻൈറനിൽ ഇരിക്കുന്നവർ പുറത്തിറങ്ങുന്നത് ഗൗരവതരമായ പ്രശ്‌നമാണെന്ന് മന്ത്രി പറഞ്ഞു.
ക്വാറൻൈറൻ ലംഘിച്ചാൽ കർശന നടപടിയുണ്ടാവും. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും വരുന്നവർ വിവരം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അല്ലെങ്കിൽ നിരീക്ഷണ സംവിധാനം പാളുമെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം
മലപ്പുറം: കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വന്തം ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണം. സാമൂഹ്യ അകലം ഉറപ്പാക്കുന്നതില്‍ അതീവ ശ്രദ്ധ വേണം. ലോക്ഡൗണ്‍ ഇളവുകളുടെ പേരില്‍ ആരോഗ്യ ജാഗ്രത ലംഘിക്കുന്നത് അംഗീകരിക്കില്ലെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മിന്നല്‍ പരിശോധന
തൃശൂർ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തൃശൂർ സിറ്റി പോലീസ് കമ്മീഷണര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും നിർദ്ദേശിച്ചു.
ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും സിറ്റി പൊലീസ് വ്യക്തമാക്കി.
പൊലീസിന് ആദരവുമായി സൈന്യം
കണ്ണൂര്‍: കോവിഡ് കാലത്ത് നിസ്വാര്‍ഥ സേവനം നടത്തുന്ന പൊലീസുകാര്‍ക്ക് ആദരവുമായി സൈനികര്‍. ജില്ലയിലെ സൈനികരുടെ വാട്‌സ്ആപ് കൂട്ടായ്മയായ കണ്ണൂര്‍ വാരിയേഴ്സാണ് പൊലീസുകാര്‍ക്ക് ആദരമൊരുക്കിയത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും പെഡല്‍ ഓപ്പറേറ്റഡ് സാനിറ്റൈസര്‍ മെഷീനും വനിതാ പൊലീസുകാര്‍ക്ക് മാസ്‌കും നല്‍കിയാണ് പട്ടാളക്കാര്‍ തങ്ങളുടെ ആദരവ് അറിയിച്ചത്.
ഡിഐജി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഡി ഐ ജി കെ സേതുരാമന്‍ സൈനികരില്‍ നിന്നും സാനിറ്റൈസര്‍ മെഷീന്‍ ഏറ്റുവാങ്ങി. കലക്ടറേറ്റിലേക്കും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമുള്ള സാനിറ്റൈസര്‍ മെഷീനും കണ്ണൂര്‍ വാരിയേഴ്സിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. പരിപാടിയില്‍ ശൗര്യചക്ര ജേതാവും മുന്‍ എന്‍ എസ് ജി കമാന്റോയുമായ പി വി മനേഷ്, സൈനികരായ നായക് പി സുനേഷ്, പി കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
സന്നദ്ധ സേവനം: വിമുക്ത ഭടന്‍മാര്‍ ബന്ധപ്പെടണം
കോവിഡ്-19 മായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിമുക്ത ഭടന്‍മാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.