Kerala Covid-19 News at a Glance: സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ ദിനംപ്രതി ഉയരുകയാണ്. ആദ്യ രണ്ടു ഘട്ടത്തിലും നിയന്ത്രണവിധേയമായ രോഗം മൂന്നാം ഘട്ടത്തില്‍ കേരളത്തെ അല്‍പ്പം വിഷമസന്ധിയിലാക്കിയിരിക്കുകയാണ്. രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതു വരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രോഗപ്പകര്‍ച്ചയെ പൂര്‍ണമായി പിടിച്ചു കെട്ടാനാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണു സര്‍ക്കാര്‍.
ഇന്നു മാത്രം മൂന്നുപേരാണു കോവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈയില്‍നിന്ന് എത്തിയ പാലക്കാട് സ്വദേശിനി, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, മറ്റൊരു കൊല്ലം സ്വദേശി എന്നിവരാണു പുതുതായി മരിച്ചത്. മലപ്പുറം സ്വദേശി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. കേരളത്തിലെ ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍ ഇവിടെ വായിക്കാം.
Kerala Covid Tracker: ഇന്ന് രോഗം സ്ഥിരീകരിച്ചത് 94 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്നു മാത്രം 94 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ 47 പേര് ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട – 14,
കാസര്‍ഗോഡ് – 12, കൊല്ലം – 11, കോഴിക്കോട് – 10, ആലപ്പുഴ – 8, മലപ്പുറം – 8, പാലക്കാട് – 7, കണ്ണൂര്‍ – 6, കോട്ടയം – 5, തിരുവനന്തപുരം – 5, തൃശൂര്‍ – 4, എറണാകുളം – 2, വയനാട് – 2.
ഇന്നു 31 പേര്‍ക്ക് രോഗം ഭേദമായി. കണക്ക് ഇങ്ങനെ: പാലക്കാട് – 13, മലപ്പുറം – 8, കണ്ണൂര്‍ – 7, കോഴിക്കോട് – 5, തൃശൂര്‍ – 2, വയനാട് – 2, തിരുവനന്തപുരം – 1, പത്തനംതിട്ട – 1.
Read Here: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 94 പേർക്ക്
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയരുന്നു
സംസ്ഥാനത്ത് ഇതുവരെ 1588 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 884 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1,70,065 പേര് നിരീക്ഷണത്തിലുണ്ട്. 1,68,578 പേര് വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലുമാണു കഴിയുന്നത്. 1487 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 76383 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 72139 എണ്ണവും രോഗബാധയില്ലായെന്നും ഉറപ്പാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ 18146 സാമ്പിളുകള്‍ മുന്‍ഗണന വിഭാഗത്തില്‍ പരിശോധിച്ചു. ഇതില്‍ 152694ഉം നെഗറ്റീവാണ്. ഇന്ന് പരിശോധിച്ച 3787 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ 99962 സാമ്പിളുകള്‍ പരിശോധിച്ചു. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയി വര്‍ധിച്ചു.
ആരാധനാലയങ്ങള്‍ തുറക്കുക കേന്ദ്രനിര്‍ദേശ പ്രകാരം
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് മുതല്‍ തുറക്കാമെന്ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവില്‍ അറിയിച്ചിരുന്നു. എന്നാല്‍ വലിയ ആള്‍ക്കൂട്ടം ഒരു പരിപാടിക്കും പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്ന മുറയ്ക്ക് ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് എങ്ങനെ തുറക്കാമെന്ന് കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി.
നിലവിലെ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാട് മതമേലധ്യക്ഷന്മാര് അംഗീകരിച്ചു. ആരാധനാലയത്തില്‍ എത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്ന എല്ലാ നടപടികളും പരിഗണിക്കും. റിവേഴ്സ് ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശിക്കുന്ന മുതിര്‍ന്നവരും മറ്റ് രോഗങ്ങളുള്ളവര്‍ക്കും പ്രത്യേക നിയന്ത്രണം ഉണ്ടാവും. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര നിര്‍ദേശത്തിനുശേഷം സ്വീകരിക്കും.
Read Here: ആരാധനാലയങ്ങള്‍ തുറക്കുന്ന തീരുമാനം കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്: മുഖ്യമന്ത്രി

കോവിഡ് രോഗിയുടെ മത്സ്യ ബൂത്ത് അക്രമികള്‍ തകര്‍ത്തു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പുറമേരിയില്‍ കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മത്സ്യ വ്യാപാരിയുടെ കട അക്രമികള്‍ തകര്‍ത്തു. വെള്ളൂര്‍ റോഡിലെ മത്സ്യബൂത്തിനു നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്ന് നാദാപുരം പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മത്സ്യവ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളെ കൂടാതെ വടകരയിലെ ചില പ്രദേശങ്ങളും രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ച് അതീവ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മത്സ്യക്കച്ചവടക്കാരും ഇയാളില്‍നിന്നു മത്സ്യം വാങ്ങിയിരുന്നവരും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 65 പേരുടെ കൂടി സ്രവ പരിശോധന ഫലം വരാനുണ്ട്. ഇതുവരെ ഫലം വന്നവര്‍ക്കെല്ലാം കോവിഡ്-19 ഇല്ലായെന്ന് സ്ഥിരീകരിച്ചുവെങ്കലും 14 ദിവസത്തെ ഹോം ക്വാറന്റൈനിലാണ്.
Read Here: കോവിഡ്-19 രോഗിയുടെ മത്സ്യ ബൂത്ത് അക്രമികള്‍ തകര്‍ത്തു
ആസിഫിന്റെയും ഡോണയുടേയും മരണം ആരോഗ്യ വകുപ്പിന് തീരാനഷ്ടമെന്ന് ശൈലജ ടീച്ചര്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ചിരുന്ന ആസിഫിന്റെയും ഡോണയുടേയും മരണം ആരോഗ്യ വകുപ്പിന് തീരാനഷ്ടമെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ.
‘കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ എന്‍.എച്ച്.എം. വഴി ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് എ.എ. ആസിഫ് സ്റ്റാഫ് നഴ്സായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് രോഗിയെ പരിചരിക്കുന്നതിലും അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിലും അതിനുശേഷം ഐസൊലേഷന്‍ വാര്‍ഡ്, ആംബുലന്‍സ് എന്നിവ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവര്‍ ഭയന്ന് നില്ക്കുന്ന സമയത്ത് ആത്മധൈര്യത്തോടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സ്റ്റാഫ് നഴ്സായിരുന്നു ആസിഫ്. എന്നാല്‍ ഏപ്രില്‍ 10ന് ആസിഫ് ഓടിച്ച് പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു.ജനറല്‍ നഴ്സിംഗും പോസ്റ്റ് ബേസിക് പഠനവും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഫെബ്രുവരി 24നാണ് ഡോണ 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ആയി ജോലിയില്‍ പ്രവേശിച്ചത്. കോവിഡുമായി ബന്ധപ്പെട്ട് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കൃത്യനിഷ്ഠയോടെയും അര്‍പ്പണ മനോഭാവത്തോടെയും ഡോണ പ്രവര്‍ത്തിച്ചിരുന്നു. മേയ് നാലിന് രാത്രി 7ന് കോവിഡുമായി ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ഡോണ മരണമടയുകയായിരുന്നു,’ കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
മരണമടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം വീതമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തി എന്നും. കുടുംബാംഗങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി എന്നും ടീച്ചര്‍ വെളിപ്പെടുത്തി.
‘കുടുംബത്തിന് അല്പമെങ്കിലും സ്വാന്ത്വനമേകാൻ ആരോഗ്യ വകുപ്പിനും ആരോഗ്യ കേരളത്തിനുമായി എന്നത് ആശ്വാസകരമാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ മുമ്പാകെ 50ലേറെ ക്ലെയിമുകള്‍ വന്നതില്‍ ആദ്യമായി പാസായത് കേരളത്തില്‍ നിന്നുള്ള ഈ രണ്ട് ക്ലെയിമുകളാണ്. കേരള ആരോഗ്യ വകുപ്പിന്റെ ഭാഗമായി എന്‍.എച്ച്.എം. മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, എച്ച്.ആര്. മാനേജര്‍ കെ. സുരേഷ്, കോവിഡ്-19 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, തൃശൂര്‍ ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡി.പി.എം. ഡോ. സതീശന് തുടങ്ങിയവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ എത്തിക്കുന്നതിന് നടത്തിയ കൂട്ടായ പരിശ്രമങ്ങളും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ് ഡല്‍ഹിയിലിടപെട്ട് ക്ലെയിം പാസാക്കുന്നതിന് നടത്തിയ പരിശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്,’ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് ഇതുവരെ എത്തിയത് 13,880 പ്രവാസികള്‍
കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ച ശേഷം വിദേശങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കോഴിക്കോട് ജില്ലയില്‍ എത്തിയത് 13,880 പ്രവാസികളാണെന്ന് കലക്ടര്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന് 3031 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 10,849 പേരുമാണ് എത്തിയത്. ഇവരില്‍ 7802 പേര് നിരീക്ഷണത്തിലാണ്. 6456 പേര് വീടുകളിലും 1346 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
വിദേശത്തുനിന്ന് എത്തുന്നവര്‍ക്കായി 44 കോവിഡ് കെയര്‍ സെന്ററുകളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കായി 75 കോവിഡ് കെയര്‍ സെന്ററുകളുമാണ് പ്രവര്‍ത്തിക്കുന്നത്. വിദേശ പ്രവാസികളുടെ കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കുള്ളത് അതതു തദ്ദേശ സ്ഥാപനങ്ങളുമാണ് നിയന്ത്രിക്കുന്നത്. നാല് പെയ്ഡ് കോവിഡ് കെയര്‍ സെന്ററുകളും ജില്ലയിലുണ്ട്. നല്ല സൗകര്യമുള്ള വീടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി പ്രവാസികളെ പാര്‍പ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നുണ്ട്.
ജില്ലയില്‍നിന്ന് 30,238 അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങിയതായും കലക്ടര്‍ അറിയിച്ചു.