കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ദേശീയ തലത്തിലുള്ള ഒരു മതേതര പാർട്ടി രൂപീകരിക്കുമെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘ഞാനൊരു ചെറുകിട കൃഷിക്കാര്റെ മകനാണ്. എന്നും കർഷകർക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. റബറിനെ ഇന്നും കാർഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ അടക്കമുള്ളവരുടെ ആവശ്യം. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്,” ജോണി നെല്ലൂർ പറഞ്ഞു.
ആത്മപരിശോധനയ്ക്ക് യുഡിഎഫ് നേതൃത്വം തയാറാകണം. ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു നാഷനൽ പാർട്ടി രൂപീകരിക്കാനുള്ള ചർച്ചകൾ നടക്കുന്നു. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽതന്നെ പ്രഖ്യാപനം ഉണ്ടാകും. കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബിജെപിയുടെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് ജോണി നെല്ലൂരിന്റെ പ്രഖ്യാപനം. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ പി പി ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് റിപ്പോർട്ടുകൾ. മുന്‍ എം എല്‍ എമാരായ ജോണി നെല്ലൂര്‍, എം എല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരാകും എന്‍ പി പിയുടെ തലപ്പത്തെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.