കോട്ടയം: മുതിര്‍ന്ന നേതാവും പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനുമായ പി.ജെ.ജോസഫിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം ‘പ്രതിച്ഛായ’. കെ.എം.മാണി മടങ്ങിയത് മുറിവുണങ്ങാത്ത മനസുമായിട്ടാണെന്ന് മുഖപത്രത്തില്‍ പറയുന്നു. പ്രധാനമായും ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് പത്രാധിപരായ ജോ.കുര്യാസ് കുമ്പളകുഴി ലേഖനം എഴുതിയിരിക്കുന്നത്.
Read More: പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
തരംകിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്നായിരുന്നു പല നേതാക്കളുടെയും ഉള്ളിലിരുപ്പ് എന്ന് മുഖപത്രത്തില്‍ പറയുന്നു. സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ മാണിയെ അസൂയയോടും ഭയത്തോടെയുമാണ് കണ്ടിരുന്നത്. മാണിയുടെ ശൈലിയില്‍ തന്നെ കടമെടുത്താല്‍ കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവരാണ് പല നേതാക്കളുമെന്ന് ലേഖനത്തില്‍ വിമര്‍ശനമുണ്ട്.
അമ്പതുവര്‍ഷം കഴിഞ്ഞിട്ടാണ് മാണിയുടെ ശത്രുക്കള്‍ക്ക് ഒരു കനകാവസരം വന്നത്. അതായിരുന്നു ബാര്‍ കോഴ വിവാദം. ഇത് പൊട്ടി പുറപ്പെട്ട 2014-ഒക്ടോബര്‍ 31-ന് അര്‍ധരാത്രി മുതല്‍ കെ.എം.മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
Read More: കെ.എം. മാണി വിടവാങ്ങി
മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജിവയ്ക്കാമെന്ന നിര്‍ദേശം മാണിയേയും കേരള കോണ്‍ഗ്രസിനെയും സ്നേഹിക്കുന്നവര്‍ മുന്നോട്ടുവച്ചപ്പോള്‍ പി.ജെ.ജോസഫ് ഇതിന് സമ്മതിക്കുമോ എന്നായിരുന്നു മാണിക്ക് സന്ദേഹം. സാര്‍ പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കുമെന്ന് പാര്‍ട്ടിയില്‍ സംസാരമുണ്ടായി. എന്നാല്‍, പി.ജെ.ജോസഫ് മന്ത്രിസ്ഥാനം രാജിവച്ചില്ല. അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.
Read More: ‘വളര്‍ന്നും പിളര്‍ന്നും’ വലുതായവര്‍: ശക്തനായി കെ എം മാണി
അതേസമയം, ലേഖനത്തെ തള്ളി പി.ജെ.ജോസഫ് രംഗത്തെത്തി. മുന്നണി വിട്ടത് തല്‍ക്കാലത്തേക്ക് മാത്രമാണെന്ന് മാണി പറഞ്ഞതായി ജോസഫ് പ്രതികരിച്ചു. പ്രതിച്ഛായയില്‍ വന്ന കാര്യം താന്‍ കണ്ടില്ല. യുഡിഎഫ് നേതാക്കള്‍ മാണിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിന്നു. വര്‍ഷങ്ങളോളം ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരു വാക്ക് പോലും മാണി എതിരായി പറഞ്ഞിട്ടില്ലെന്നും ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസിന്റെ യോജിപ്പിന് വേണ്ടിയാണ് താൻ ഇടതുപക്ഷം വിട്ടതെന്നും ജോസഫ് കൂട്ടിച്ചേർത്തു.
ഏപ്രില്‍ ഒന്‍പതിനാണ് കെ.എം.മാണി അന്തരിച്ചത്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരിങ്ങോഴക്കല്‍ തൊമ്മന് മാണി-ഏലിയാമ്മ ദമ്പതികളുടെ മകനായി 1933 ജനുവരി 30 ന് കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ മീനച്ചില്താലൂക്കിലാണ് കെ എം മാണി ജനിച്ചത്. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജ്, തേവര എസ് എച്ച് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മദ്രാസില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.
അഭിഭാഷകനായ കെ എം മാണി 1959ലാണ് കോണ്‍ഗ്രസ് അംഗത്വമെടുത്ത് ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. കെ എം ജോര്‍ജ് ചെയര്‍മാനായി 1964 ല്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി രൂപം കൊണ്ടു. കോണ്‍ഗ്രസില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായ കെ എം മാണി 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി. പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ എം മാണി എംഎൽഎയായി. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡ് കെ എം മാണിക്കാണ്.