തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമായതായി സൂചന. പിജെ ജോസഫിന്റെ വീട്ടിൽ ചേർന്ന പാർട്ടി യോഗത്തിൽ നേതാക്കൾ ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോന്‍സ് ജോസഫിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍ നേതാക്കൾ ഇരുവിഭാഗങ്ങളായി ചേരിതിരിയുകയായിരുന്നെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. തർക്കത്തെത്തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റിവരെ പുനഃസംഘടിപ്പിക്കുമെന്ന് ജോസഫ് വ്യക്തമാക്കിയതായാണ് വിവരം.
Read More: ‘എല്ലാ ദിവസവും കട തുറക്കാൻ അനുവദിക്കണം’; കോഴിക്കോട് വ്യപാരികളുടെ പ്രതിഷേധം, സംഘർഷം
അതേസമയം പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മില്ലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചതായി പിജെ ജോസഫിനെ അധികരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടി സ്ഥാനങ്ങളെച്ചൊല്ലിയാണ് ജോസഫ് ഗ്രൂപ്പിൽ ഭിന്നതകളുണ്ടായത്. മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പാർട്ടി സ്ഥാനങ്ങളെച്ചൊല്ലി തിരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസിസ് ജോർജ് പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.